Skip to main content

ന്യൂഡല്‍ഹി: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പ്രവേശനത്തിനായി യു.പി.എസ്.സി നടത്തിയ പരീക്ഷയില്‍ ആദ്യ റാങ്കുകള്‍ മലയാളികള്‍ക്ക്. തിരുവനന്തപുരം സ്വദേശി ഹരിത വി. കുമാര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എറണാകുളം സ്വദേശികളായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസും യഥാക്രമം രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി.

 

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്‌ ഒരു വനിത സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ ഒന്നാമതെത്തുന്നത്. 1991ല്‍ രാജു നാരായണ സ്വാമിക്ക് ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ മലയാളി എന്ന പ്രത്യേകത കൂടിയുണ്ട് എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ഹരിതക്ക്. 2010ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട ഹരിത നാലാമത്തെ ശ്രമത്തിലാണ് ഈ നേട്ടം കൈവരിച്ചത്. സാമ്പത്തിക ശാസ്ത്രവും മലയാളവുമായിരുന്നു ഐച്ഛിക വിഷയങ്ങള്‍.  

 

രണ്ടാം റാങ്ക് നേടിയ ശ്രീറാം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്‍ എം.ബി.ബി.എസ്. ബിരുദം  നേടിയശേഷം ഒറീസയില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. രണ്ടാം വട്ടമാണ് പരീക്ഷ എഴുതുന്നത്. സുവോളജിയും മെഡിസിനുമായിരുന്നു ഐച്ഛിക വിഷയങ്ങള്‍. ആദ്യ ശ്രമത്തില്‍ തന്നെ നാലാം റാങ്ക് കരസ്ഥമാക്കിയ ആല്‍ബി സ്വദേശമായ പറവൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണ്. മെഡിസിനും മലയാളവുമായിരുന്നു വിഷയങ്ങള്‍.

 

 753 പുരുഷന്മാരും 245 സ്ത്രീകളും അടക്കം 998 പേരാണ് വിവിധ കേന്ദ്ര സര്‍വീസുകളിലേക്ക് യോഗ്യത നേടിയത്. ഇതില്‍ 457 പേര്‍ പൊതു വിഭാഗത്തിലും 295 പേര്‍ ഒ.ബി.സി. വിഭാഗത്തിലും 169 പേര്‍ പട്ടിക ജാതി വിഭാഗത്തിലും 77 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായ 32 പേര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.  1091 ഒഴിവുകളിലേക്ക് നടന്ന പരീക്ഷ എഴുതിയത് 2,71,422 പേരാണ്.