Skip to main content

യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പാകിസ്ഥാനെ അതിരൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ ഉന്നയിച്ച സ്വരാജ് പാക്‌ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന്റെ തെളിവുകളും നിരത്തി. തീവ്രവാദികളെ പോലെ തന്നെ കുറ്റവാളിയാണ് യു.എന്‍ തീവ്രവാദികളായി പ്രഖ്യാപിച്ചവര്‍ക്ക് അഭയം കൊടുക്കുന്ന പാകിസ്ഥാനുമെന്ന് പ്രസ്താവിച്ച അവര്‍ രാഷ്ട്രങ്ങളുടെ ആഗോള വേദിയില്‍ പാകിസ്ഥാന് സ്ഥാനമുണ്ടാകരുതെന്ന്‍ ആവശ്യപ്പെട്ടു.   

 

പൊതുസഭയിലെ അഭിസംബോധനയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തി ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന് മറുപടിയെന്നോണം മനുഷ്യാവകാശം ഉന്നയിച്ച് മറ്റുള്ളവരെ വിമര്‍ശിക്കുന്നവര്‍ ആദ്യം ബലൂചിസ്ഥാന്‍ അടക്കമുള്ള വിഷയങ്ങളില്‍ ആത്മപരിശോധന നടത്തണമെന്ന് സ്വരാജ് പറഞ്ഞു.  

 

ചര്‍ച്ചകള്‍ക്ക് ഇന്ത്യ അസ്വീകാര്യമായ മുന്നുപാധികള്‍ വെക്കുന്നുവെന്ന് ആരോപിച്ച പാകിസ്ഥാന് മറുപടിയായി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പാകിസ്ഥാനോട് സ്വീകരിച്ച സൗഹാര്‍ദപരമായ സമീപനങ്ങള്‍ സ്വരാജ് എണ്ണിപ്പറഞ്ഞു.

 

തീവ്രവാദത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി മനസിലാക്കണമെന്നും തീവ്രവാദികള്‍ക്ക് ധനസഹായവും ആയുധങ്ങളും അഭയവും നല്‍കുന്നവര്‍ക്കെതിരെ ലോകസമൂഹം ഉറച്ച മനസ്സോടെ നീങ്ങണമെന്നും സ്വരാജ് അഭ്യര്‍ഥിച്ചു.