യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയുടെ പ്രാഥമിക ഘട്ടത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ സംബന്ധിച്ച വിവാദം തുടരുന്നു. ഈ മാസം നടക്കുന്ന പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തിലെ മാര്‍ക്ക് പരിഗണിക്കില്ലെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും പരീക്ഷ എടുത്തുകളയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍. അഭിരുചി പരീക്ഷ ഗ്രാമപ്രദേശങ്ങളില്‍ നിന്ന്‍ വരുന്നവരോടും മാനവിക വിഷയങ്ങള്‍ പഠിച്ചവരോടും വിവേചനം കാട്ടുന്നതാണെന്ന വാദമാണ് ഒരു മാസത്തോളമായി നടത്തുന്ന സമരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവെക്കുന്നത്.
വിഷയം ചൊവ്വാഴ്ചയും പാര്‍ലിമെന്റില്‍ ചര്‍ച്ചയായി. സമാജ്വാദി പാര്‍ട്ടി അടക്കമുള്ള മൂന്ന്‍ പ്രതിപക്ഷ കക്ഷികള്‍ പരീക്ഷ എടുത്തുകളയണമെന്ന ആവശ്യം ഉന്നയിച്ചു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന്‍ അദ്ധ്യക്ഷന്‍ ഹാമിദ് അന്‍സാരി രാജ്യസഭ ഉച്ചവരെ നിര്‍ത്തിവെച്ചു. സര്‍ക്കാറിന്റെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്നും സമാജ്വാദി പാര്‍ട്ടി പറഞ്ഞു. അഭിരുചി പരീക്ഷ എടുത്തുകളയുന്നത് വരെ പാര്‍ലിമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പ്രഖ്യാപിച്ചു. മറ്റ് ഇന്ത്യന്‍ ഭാഷകളും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ അംഗങ്ങളും രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്തി. ഇന്നലെയും വിഷയത്തില്‍ സഭ സ്തംഭിച്ചിരുന്നു.
പ്രശ്നം യു.പി.എ സര്‍ക്കാറിന്റെ സൃഷ്ടിയാണെന്നും ഇതിന് പരിഹാരം കണ്ടെത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ബി.ജെ.പി പ്രതികരിച്ചു. യു.പി.എസ്.സി പരീക്ഷയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതിനാല്‍ അഭിരുചി പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തിലെ മാര്‍ക്ക് പരിഗണിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. 200 മാര്‍ക്കുള്ള പരീക്ഷയില്‍ 20 മാര്‍ക്ക് ഈ വിഷയത്തില്‍ നിന്നാണ്. അഭിരുചി പരീക്ഷ ആരംഭിച്ച 2011-ല്‍ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം ഒരു അവസരം കൂടി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2012-ലും 2013-ലും പരീക്ഷ പരാജയപ്പെട്ടവര്‍ക്ക് യു.പി.എ സര്‍ക്കാര്‍ രണ്ട് അധിക അവസരം നല്‍കിയിരുന്നു.
പ്രാഥമിക ഘട്ടം വിജയിച്ചവര്‍ എഴുതുന്ന പ്രധാന ഘട്ട സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇംഗ്ലീഷും ഏതെങ്കിലും ഇന്ത്യന്‍ ഭാഷയും പരീക്ഷാവിഷയങ്ങളാണ്. എന്നാല്‍, അഭിമുഖ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കുന്നതിന് ഈ പരീക്ഷകളില്‍ വിജയിക്കേണ്ടത് ആവശ്യമാണെങ്കിലും ഇതില്‍ ലഭിക്കുന്ന മാര്‍ക്ക് പരിഗണിക്കില്ല.