ദക്ഷിണ കൊറിയന്‍ കടല്‍ തീരത്ത് ബുധനാഴ്ച്ച മുങ്ങിയ കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കൃത്യനിര്‍വ്വഹണത്തിലെ വീഴ്ച്ച, സമുദ്ര നിയമങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോകിനെ പോലീസ് അറസ്റ്റ് ചെയ്തു. മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ രക്ഷപ്പെടാനുള്ള സന്ദേശം പുറപ്പെടുവിക്കാതെ ക്യാപ്റ്റനും കൂട്ടരും സ്വയം രക്ഷപ്പെടുകയായിരുന്നു.
അപായസന്ദേശം നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാല്‍ യാത്രികര്‍ പരിഭ്രാന്തരാകുമെന്ന ധാരണ മൂലമാണ് അപകടത്തില്‍പ്പെട്ട ഉടനെ അവരെ കപ്പലില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിക്കാതിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ക്യാപ്റ്റന്‍ പോലീസിനോട് പറഞ്ഞു. കപ്പൽ മുങ്ങിയ വേളയിൽ ലീയായിരുന്നില്ല കപ്പല്‍ നിയന്ത്രിച്ചിരുന്നത് എന്നും വാദഗതി ഉയരുന്നുണ്ട്.
കപ്പലില്‍ ഉണ്ടായിരുന്ന പഠനയാത്രയ്ക്ക് പോയ 352 ഹൈസ്കൂൾ വിദ്യാർത്ഥികളെക്കുറിച്ചും വിവരമൊന്നും ലഭിച്ചിട്ടില്ല. അവരോടൊപ്പം കപ്പലിൽ ഉണ്ടായിരുന്ന സ്കൂൾ വൈസ് പ്രിൻസിപ്പൽ കാങ്മിൻഗ്യൂ (52) വിനെ രക്ഷാപ്രവർത്തകർ രക്ഷിച്ച് കരയ്ക്കെത്തിച്ചിരുന്നു. എന്നാൽ ഇന്നലെ കാങ്മിൻഗ്യൂ തൂങ്ങി മരിച്ചു. കുട്ടികൾ കപ്പലിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലാത്തതില്‍ മനംനൊന്താകാം കാങ്മിൻഗ്യൂ ജീവനൊടുക്കിയതെന്ന് കരുതപ്പെടുന്നു.
വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചനില്‍ നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് 475 യാത്രക്കാരുമായി പുറപ്പെട്ട സിവോള്‍ എന്ന കപ്പലാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പലിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു. അപകടത്തില്‍ 29 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 174 പേരെ രക്ഷപ്പെടുത്തി. കാണാതായ യാത്രക്കാര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുഷ്‌കരമായിരിക്കുകയാണ്.