Skip to main content
ഹൈദരാബാദ്

വ്യാജപാസ്സ്പോര്‍ട്ട് കേസില്‍ അധോലോക നേതാവ് അബു സലീമിന് ഏഴു വര്‍ഷം തടവ്. ഹൈദരാബാദ് സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹൈദരാബാദ് റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും 2001-ല്‍ വ്യാജരേഖകള്‍ ഹാജരാക്കി റാമില്‍ കമീല്‍ മാലിക് എന്ന പേരില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയതാണ് കേസ്.

 

മൂന്ന് വ്യാജ പാസ്പോര്‍ട്ടുകള്‍ സലീമിന്റെ കൈവശം ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, ആള്‍മാറാട്ടം, കൃത്രിമ രേഖയുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് അബു സലീമിനെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിന തടവിനും രണ്ടു കുറ്റങ്ങള്‍ക്കും ആയിരം രൂപ വീതം പിഴയും ചുമത്തിയിരുന്നു. വ്യാജ രേഖ ചമച്ച മറ്റൊരു കേസില്‍ ഒരു വര്‍ഷം കഠിന തടവിനും ആയിരം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു.

 

2002 ഒക്‌ടോബറിലാണ് ആന്ധ്ര പോലീസില്‍ നിന്നും കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. 2005ല്‍ പോര്‍ച്ചുഗലില്‍ അറസ്റ്റിലായ അബൂ സലിമിനെയും സുഹൃത്ത് മോണിക്കാ ബേദിയെയും പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു. 2009-ലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 

Tags