ന്യൂഡല്‍ഹി: റയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സല്‍, നിയമ മന്ത്രി അശ്വനി കുമാര്‍ എന്നിവര്‍ രാജി വെക്കാതെ നിയമനിര്‍മ്മാണം അനുവദിക്കില്ലെന്ന് ബി.ജെ.പി. റയില്‍വെ നിയമനത്തിലെയും കലക്കരിപ്പാടം വിതരണത്തിലേയും അഴിമതികളുടെ പേരില്‍ മന്ത്രിമാരുടേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ചൊവ്വാഴ്ചയും പാര്‍ലിമെന്റിലെ ഇരു സഭകളിലും നടപടികള്‍ തടസ്സപ്പെടുത്തി.
ഈ സമ്മേളനത്തില്‍ തന്നെ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ എന്നിവയും തടയുമെന്ന് ബി.ജെ.പി. പറഞ്ഞു. ബഹളത്തിനിടയില്‍ ചര്‍ച്ച കൂടാതെ പാസ്സാക്കരുതെന്ന് സ്പീക്കര്‍ മീര കുമാറിനോട് ആവശ്യപ്പെടാന്‍ എല്‍.കെ അദ്വാനിയുടെ അധ്യക്ഷതയില്‍ കൂടിയ ബി.ജെ.പി. പാര്‍ലിമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.
റയില്‍വേ നിയമനങ്ങള്‍ക്ക് കൈക്കൂലി വാങ്ങിയ കേസില്‍ മരുമകനെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബന്‍സലിന്റെ രാജി ആവശ്യപ്പെടുന്നത്. കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന സി.ബി.ഐയുടെ റിപ്പോര്‍ട്ട് തിരുത്തിയതാണ് അശ്വനി കുമാറിന് വിനയായത്. റിപ്പോര്‍ട്ടില്‍ മന്ത്രിയും പ്രധാനമന്ത്രി കാര്യാലയത്തിലേയും കല്‍ക്കരി മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരും വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.