ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ ബുധനാഴ്ച പൊതുവിഷയങ്ങളില്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചകള്‍ പുനരാംഭിക്കുന്നതിന് കഴിഞ്ഞ ആഴ്ച ഉത്തര കൊറിയ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വളരെ പെട്ടെന്നും രഹസ്യമായുമാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ദക്ഷിണ കൊറിയയിലെ അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജോമിലെ ‘സമാധാന ഭവന’ത്തിലാണ് ഉദ്യോഗസ്ഥ തലത്തിലെ ചര്‍ച്ച.
മുന്‍കൂട്ടി നിശ്ചയിച്ച കാര്യപരിപാടികള്‍ ഒന്നുമില്ലാതെയാണ് ചര്‍ച്ച. എന്നാല്‍, 1950-53 കാലഘട്ടത്തില്‍ നടന്ന കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് വേര്‍പിരിയേണ്ടി വന്ന കുടുംബങ്ങളുടെ പുന:സമാഗമം ഫെബ്രുവരി 20 മുതല്‍ 25 വരെയുള്ള തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യും.
ഇരുരാജ്യങ്ങളിളേയും ദേശീയ സുരക്ഷാ സമിതിയിലെ ഉദ്യോഗസ്ഥരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. 2007-ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഈ തലത്തില്‍ ചര്‍ച്ച നടക്കുന്നത്. 2010-ല്‍ ദക്ഷിണ കൊറിയയുടെ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ഏറെക്കുറെ തണുത്ത ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.