പാൽച്ചിരിയുടെ പിന്നിലെ വിഷാദം

Glint Guru
Sat, 19-03-2016 04:46:00 PM ;

രണ്ടാൺക്കളുടെ സ്നേഹനിധിയായ അമ്മ. വളരെ പ്രസന്ന. ഭാര്യയും ഭർത്താവും അധ്വാനികൾ. ഏകദേശം ഇരുപതിലേറെ പശുക്കളെ വളർത്തി തങ്ങൾ താമസിക്കുന്ന പ്രദേശത്തുകാർക്ക് ശുദ്ധമായ പാലുകൊടുക്കുന്ന ദമ്പതികൾ. ഈ ദമ്പതികൾ എപ്പോഴും പ്രസന്നവദരരാണ്. രണ്ടു പേരുടെയും ജീവിതം ഈ പശുക്കളെ നോക്കുമ്പോഴുള്ള സമയമാണെന്നു പറയാം. ഭർത്താവിന്റെ ഭാഷയിൽ പറഞ്ഞാൽ 'രാവും പകലും ഇവറ്റകൾക്ക് ശ്രദ്ധ വേണം'. പാൽ വിതരണം മുഴുവൻ വീട്ടിൽ നിന്നു കൊണ്ട് ഭാര്യയാണ്. അതും വെറുതെ അങ്ങു കൊടുക്കുകയല്ല. വാങ്ങാൻ വരുന്നവരുമായി കുശലം പറഞ്ഞും ചിരിച്ചും സന്തോഷിച്ചും. ചിലപ്പോൾ ഈ കുശലം പറച്ചിൽ അൽപ്പം നീണ്ടുപോകും. വാങ്ങാൻ വരുന്നവർക്ക് സമയമുണ്ടെങ്കിൽ കേട്ടു നിൽക്കാൻ നല്ല രസവും. ഈ ജോലിക്കിടയിലാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ഈ വീട്ടമ്മ നിർവ്വഹിക്കുക. ഇവരുടെ സന്തോഷവും സാവകാശവും കാണുമ്പോൾ അതിശയം തോന്നും. ജോലിയുടെ ഇത്രയും ബാഹുല്യമുണ്ടായിട്ടും ഇവർ എങ്ങനെ ഇവ്വിധം സമാധാനമായും കൗതുകകരമായും നിലകൊള്ളുന്നു എന്ന്.

 

ഒരു കാരണം ഇവർ എപ്പോഴും രസിച്ചുകൊണ്ടാണ് എല്ലാ ജോലിയിലും ഏർപ്പെടുന്നത്. അതിനാൽ ഇവർക്ക് തിരക്കില്ല. ഇതോടൊപ്പം മിക്ക ദിവസവും ബന്ധുക്കളുടെ സന്ദർശനവുമൊക്കെയുണ്ടാവും. അവരെയും ഈ വീട്ടമ്മ പാൽ വാങ്ങാൻ വരുന്ന തന്റെ 'ബന്ധുക്കളെ' പരിചയപ്പെടുത്താൻ മറക്കില്ല. ഇവിടെ വരുന്ന അവരുടെ ബന്ധുക്കളും വീട്ടുകാരുടെ രസാത്മകതയിലേക്ക് മാറുന്നു. ഇതായിരിക്കും ഇവരുടെ വീട്ടിൽ മിക്കപ്പോഴും ബന്ധുക്കൾ വരാനുള്ള കാര്യം.

 

ഈ വീട്ടമ്മ ഉണർന്നിരിക്കുന്ന സമയം മുഴുവൻ ആളുകളുമായോ അല്ലെങ്കിൽ പശുക്കളുമായോ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതു പോരാഞ്ഞെന്ന വണ്ണമാണ് ഇവർക്ക് എപ്പോഴും ആരെങ്കിലും കൂട്ട് വേണമെന്ന പോലെ വളർത്തു പൂച്ചകള്‍. ഈ പൂച്ചകൾ എപ്പോഴും അടുക്കളയുടെ ഒരു ഭാഗത്ത് ഉണ്ടാകും. കുറഞ്ഞത് രണ്ടെണ്ണമെങ്കിലും കാണും. അതും കാഴ്ചയ്ക്ക് അങ്ങേയറ്റം സൗഭഗമുളളവയാണ് അവിടെ കാണപ്പെടുക. ഒരെണ്ണം പോയാൽ അടുത്തത് ഉടൻ വന്നിരിക്കും. അതാകട്ടെ തികച്ചും സ്വാഭാവികമായ രീതിയിൽ ഇവരുടെ അടുത്തേക്ക് എത്തിപ്പെടുന്നതായിരിക്കും. ആ പൂച്ചകളും ഇവരും തമ്മിലുള്ള ബന്ധം കണ്ടാൽ അത്ഭുതം തോന്നും. ശരിക്കും ഇവർ തമ്മിൽ എപ്പോഴും സംസാരിക്കാറുണ്ട്. പാൽ യഥേഷ്ടം കുടിക്കുന്നതു കൊണ്ടാകും ഇവരുടെ പൂച്ചകൾക്ക് ഇത്ര അഴുകും തടിയുമൊക്കെ വരാൻ.

ഈ പൂച്ചകള്‍ക്കാകട്ടെ പാൽ വാങ്ങാൻ വരുന്നവരുമായും ഒരു ബന്ധമുണ്ട്. എത്ര പൂച്ചേപ്പേടികൾക്കു പോലും ഇവരുടെ പൂച്ചകളെ പേടിയാകില്ല. ചിലപ്പോൾ അവ ഓരോ രീതികളിൽ കിടന്നുറങ്ങുന്നതുമൊക്കെ കാണാൻ ബഹുരസമാണ്. ഒരിക്കൽ അവ്വിധം അഴകുള്ള ഒരു പൂച്ച ചത്തു. അത് ആയമ്മയ്ക്ക് വല്ലാത്ത വിഷമമായി. അധികം കഴിയുന്നതിനു മുൻപ് ഭർത്താവ് അതുപോലെയൊരെണ്ണത്തിനെ ഏർപ്പാടാക്കി അവർക്കു കൊടുത്തു. അതും പഴയതുപോലെ തടിച്ചു കൊഴുത്തു മൂപ്പത്ത്യാരുടെ കൂട്ടുകാരിയായി. നല്ല വെള്ളപ്പൂച്ച. ദേഹത്തെങ്ങും ഒരു ചെറു അഴുക്കുപോലുമില്ലാത്തത്. അതിന്റെ കുടെ ഒരു കുഞ്ഞുപൂച്ച. അവർ രണ്ടു പേരും തമ്മിൽ ഒടുക്കത്തെ കളിയാണ്. ചിലപ്പോൾ കറുപ്പും വെളുപ്പും കലർന്ന ഈ കുഞ്ഞു പൂച്ച വെള്ളപ്പൂച്ചയുടെ പുറത്ത് ആനപ്പുറത്തിരിക്കുന്നതുപോലെ കിടന്ന് ഉറങ്ങുന്നതു കാണാം. ഇരുവരും തമ്മിലുള്ള കളിയുടെ നിമിഷങ്ങൾ അങ്ങേയറ്റം കൗതുകകരം. ഇപ്പോൾ ഇവർ തമ്മിലുള്ള കളിയുടെ വിശേഷങ്ങളുടെ പുരാണം ഈ വീട്ടമ്മ തുടങ്ങും. ആരെങ്കിലും ആ പൂച്ചകളെ കൗതുകത്തെ ഒന്നു നോക്കിയാൽ മതി.

 

ഈ കുഞ്ഞു പൂച്ചയെ കണ്ടാൽ വെള്ളപ്പൂച്ചയുടെ കുഞ്ഞാണെന്നേ ധരിക്കൂ. കാരണം ചിലപ്പോൾ ആ വെള്ളപ്പൂച്ച അമ്മമാർ കുഞ്ഞുങ്ങളെ അടക്കിക്കെട്ടിപ്പിടിക്കുന്നതുപൊലെ ബലാൽക്കാരമായി ചേർത്തു പിടിച്ചുകൊണ്ടു ഉറങ്ങുന്നതുപോലെ കണ്ണുമടച്ച് കിടക്കുന്നതു കാണും. ഒരിക്കൽ ചോദിച്ചു, ഇതു ഈ വെള്ളപ്പൂച്ചയുടെ കുട്ടിയാണോന്ന്. വീട്ടമ്മ ഉഷാറായി. 'ഏയ്, അതു വീടുകേറിയ പൂച്ചയാ. ഒരു ദിവസം ദേ അവിടെ പുരയിടത്തിൽ ഉറുമ്പുമരിച്ച് ചാകാറായി കിടക്കുന്നതു കണ്ട്.കാക്കകളൊക്കെ കൊത്താൻ തുടങ്ങി. പ്രസവിച്ച് അധികം കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ നോക്കിയപ്പോ ചെറിയ ജീവനുണ്ട്. ഞാൻ എടുത്ത് ഉറുമ്പിനെയൊക്കെ തട്ടിക്കളഞ്ഞ് ഈ സ്റ്റെയർകേസ്സിന്റെ അടിയിൽ കൊണ്ട് വെച്ചു. എന്നിട്ട് ഇത്തിരീച്ചെ പാലിറ്റിച്ച് കൊടുത്തു. ആദ്യം വിചാരിച്ച് രക്ഷപ്പെടില്ലെന്ന്. പക്ഷേ കുറേക്കഴിഞ്ഞപ്പോ ജീവൻ വെച്ചു തുടങ്ങി. നമുക്ക് പാലിഷ്ടം പോലുണ്ടല്ലോ അങ്ങനെ പാലു കുടിച്ചു കുടിച്ചു വന്നപ്പോൾ ഉഷാറായി. പിന്നെ ഇവിടിങ്ങനെ കൂടി. പിന്നെ പാലുള്ളതുകൊണ്ട് നമ്മക്ക് ബുദ്ധിമുട്ടുമില്ല. എന്താ രസമാന്നെറിയാമോ. ആർക്കറിയാം നമ്മള് മരിക്കാന്നേരം ഇവരൊക്കെയേ അടുത്തുണ്ടാവുകയുളളു. അതുമുണ്ടേ.' ഇതു പറയുമ്പോൾ എപ്പോഴും പകരുന്ന രീതിയിലുള്ള അവരുടെ ചിരിക്ക് മുകളിലും കണ്ണുകളിലും എന്തോ ചില ചിന്തകളുടെ പൂച്ചയിരിപ്പ് അല്ലെങ്കിൽ പതുങ്ങിയിരിപ്പ് കാണാൻ കഴിഞ്ഞു.

 

ഈ രസാത്മകതയ്ക്കും ആസ്വാദനത്തിനുമിടയിലും അവരിൽ അവരറിയാതെ എന്തോ വിഷാദം തത്തിക്കളിക്കുന്നു. അവരറിയാതെ അവരിൽ കയറിക്കൂടിയിരിക്കുന്ന അരക്ഷിതത്വബോധം. ഇത്രയും പ്രസന്നവദനയായ, യൗവ്വനം ഇപ്പോഴും നിലനിൽക്കുന്ന ഒരു സ്ത്രീയിൽ എങ്ങനെ ഈ വിഷാദം? ചുറ്റുപാടും കേൾക്കുകയും കാണുകയും ചെയ്യുന്ന വിഷയങ്ങളിൽ നിന്ന് അവരിലേക്ക് കുടിയേറിയതായിരിക്കാം ഇത്. അവർ അറിയുന്നില്ല. അവരെന്തുകൊണ്ടാണ് ആ പൂച്ചകളെ സ്നേഹിക്കുകയും അവയ്ക്ക് പാല് കൊടുക്കുകയുമൊക്കെ ചെയ്യുന്നതെന്ന്. അവരിലെ അമ്മ തന്നെയാണ് അവർക്ക് പാല് കൊടുക്കുമ്പോഴും അവറ്റകളുടെ കളികാണുമ്പോഴും രസിക്കുന്നത്. എന്തു ചെയ്യുന്നതിനും മനുഷ്യന് ന്യായീകരണം വേണം. ജീവിതം ജീവിക്കാനുള്ളതാണ്, മറിച്ച് ന്യായീകരണത്തിലൂടെയും ചിന്തകളിലൂടെയും നഷ്ടപ്പെടുത്താനുള്ളതല്ലെന്ന് അവർക്ക് അറിയാൻ കഴിയുന്നില്ല. നല്ല പ്രവൃത്തി ചെയ്താൽ നന്മ വരും. അത് മരിക്കാൻ നേരത്ത് അനുഭവിക്കാൻ കഴിയും.എന്ന വിശ്വാസം അവരിൽ സക്രിയം.

 

ഇപ്പോൾ ഈ പൂച്ചകൾ അവർക്കു നൽകുന്ന സന്തോഷത്തെ, അതു ലഭിക്കുന്ന സമയം ആസ്വദിക്കുന്നുണ്ടെങ്കിലും, അറിയാൻ കഴിയുന്നില്ല. അവർ പാൽ വാങ്ങാൻ വരുന്നവർക്ക് പാൽ കൊടുക്കുന്നത് കാശിനു വേണ്ടിയാണെങ്കിലും വാങ്ങുന്നവർക്ക് അതു തോന്നുകയില്ല. പാലിനൊപ്പം അവരുടെ കയ്യിൽ നിന്നും സ്നേഹം വാങ്ങുന്ന പ്രതീതിയാണ് എല്ലാവർക്കും. അവർ ചെയ്യുന്ന സേവനത്തെ കുറിച്ചും അവർ ബോധവതിയല്ല. ഒരു പ്രദേശത്തെ ആൾക്കാർക്കും കുട്ടികൾക്കും വിഷമില്ലാത്ത പാലു കൊടുക്കുന്നു എന്നുള്ള ഈ വിഷലിപ്തമായ കാലത്ത് ചെറിയ കാര്യമല്ല.

 

ഈ വീട്ടമ്മയും ചിന്തകളുടെ തടവറയിലാണ്. ആ തടവറയാകട്ടെ സമൂഹമെന്ന തടവറയും. താൻ തന്നെ അനുഭവിക്കുന്ന സന്തോഷത്തെ തിരിച്ചറിയാൻ കഴിയാത്ത വിധം ഈ വീട്ടമ്മയിൽ സമൂഹം ആധിപത്യം നേടിയിരിക്കുന്നു. അതിനാൽ സന്തോഷത്തോടെ അനുഭവിക്കുന്ന ജീവിതം പോലും അറിയാൻ കഴിയാതെ ഭീതി എപ്പോഴും ഈ വീട്ടമ്മയെ വേട്ടയാടുന്നു. വൈകുന്നേരം വീണുകിട്ടുന്ന ഇടവേളകളിൽ പൈങ്കിളി സീരിയലുകൾ കാണുന്നതും ഈ വീട്ടമ്മയെ സന്തോഷം കയ്യിലുണ്ടായിട്ടും അതറിയുന്നതിൽ നിന്നും അകറ്റുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ടാകും. നിഗൂഢമായി അവരിൽ കിടക്കുന്ന വിഷാദമായിരിക്കാം എപ്പോഴും അവരെ ചിരിപ്പിക്കുന്നതും എപ്പോഴും ആരോടെങ്കിലും ഇടപഴകി നിർത്തുന്നതിന് പ്രേരിപ്പിക്കുന്നതും. ആൾക്കാർ ആരുമില്ലെങ്കിൽ പൂച്ചകളുടെ സാന്നിദ്ധ്യത്തിൽ അവർ ഒറ്റപ്പെടുന്നില്ല.

 

ഉദാത്തമായ ജീവിതം ജീവിക്കുമ്പോഴും അതിന്റെ ഉദാത്തത അറിയാൻ കഴിയാൻ പോകുന്നതു വലിയൊരു ഗതികേടാണ്. അത്തരം ഗതികേടുകളിൽ നിന്ന് മനുഷ്യരെ സഹായിച്ച് പതുക്കെ അവരുടെ സന്തോഷങ്ങളിലേക്ക് നോക്കിപ്പിക്കുവാനുള്ള സാമൂഹ്യ സാന്നിദ്ധ്യങ്ങളുടെ അഭാവമാണ് ആ വീട്ടമ്മയിലൂടെ പ്രകടമാകുന്നത്. അത്തരം സാന്നിദ്ധ്യങ്ങൾ ഉണ്ടെങ്കിൽ ചെറിയൊരു സഹായം മാത്രം മതി ഇവരെപ്പോലുള്ളവർക്ക് ജീവിതമെന്ന മധുരത്തിൽ മുങ്ങിപ്പോകാതെ ആ മധുരം നുണയുന്നതിന്റെ രുചി അറിയാൻ. ചുറ്റുപാടും ജീവനും ആരോഗ്യവും സമൃദ്ധമാക്കുമ്പോൾ അറിയാതെ മരണം രുചിച്ച് ജീവിക്കേണ്ടിവരുന്നു അവർക്ക്. ഇങ്ങനെയുള്ളവരുടെ ഇടയിലാണ് സീരിയലുകൾ സാമൂഹ്യവിരുദ്ധമായി മാറുന്നത്.