സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജഠ്മലാനിയുടെ ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണ് ജഠ്മലാനി ഹര്‍ജി നല്‍കിയതെങ്കിലും സമാനമായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ പത്തുമണിയോടെയാണ് കോണ്‍ഗ്രസ് ഹര്‍ജിയുടെ വാദം കേള്‍ക്കുന്നത്. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടേത്. നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും ജഠ്മലാനി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിക്കെതിരല്ലെ തന്റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.
യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നടക്കം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബുധനാഴ്ച രാത്രി വൈകിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.