യു.എസിന്റെ വിദേശ രഹസ്യാനേഷണ ഏജന്‍സിയായ സി.ഐ.എ കമ്പ്യൂട്ടര്‍ ഹാക്കിംഗിന് ഉപയോഗിക്കുന്ന രഹസ്യ രീതികള്‍ ചോര്‍ന്ന് കിട്ടിയതായി വികിലീക്സ്. സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിയ ഉപകരണങ്ങളെ ചാരവൃത്തിയ്ക്ക് ഉപയോഗിക്കുന്നതിന് സഹായിക്കുന്ന സൈബര്‍ ഉപകരണങ്ങള്‍ സംബന്ധിച്ച ആയിരക്കണക്കിന് രേഖകള്‍ സംഘടന പുറത്തുവിട്ടു.
യു.എസ് രഹസ്യാനേഷണ ഏജന്‍സികള്‍ ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്ന സൈബര്‍ ആയുധങ്ങളുടെ രൂപകല്‍പ്പനയും കഴിവുകളുമാണ് പുറത്തായതെന്ന് കരുതുന്നു. സൈബര്‍ ചാരപ്രവര്‍ത്തനം ബുദ്ധിമുട്ടായേക്കും എന്നതിലുപരി ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുമായുള്ള യു.എസ് സര്‍ക്കാറിന്റെ ബന്ധത്തെയും ഈ വെളിപ്പെടുത്തല്‍ ബാധിച്ചേക്കും.
സി.ഐ.എയിലെ മുന്‍ കരാര്‍ ജീവനക്കാരനാണ് രേഖകള്‍ നല്‍കിയതെന്ന് വികിലീക്സ് പറയുന്നു. എഡ്വേഡ് സ്നോഡന് വെളിപ്പെടുത്തിയ എന്‍.എസ്.എ രേഖകള്‍ക്ക് സമാനമായ പ്രാധാന്യമാണ് പുതിയ രേഖകള്ക്കുമെന്ന് വികിലീക്സ് കൂട്ടിച്ചേര്‍ത്തു.
ആപ്പിളിന്റെ ഐഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാനും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സാംസംഗിന്റെ ടെലിവിഷനുകളെ മൈക്രോഫോണ്‍ ആയി ഉപയോഗിക്കുന്നതിനും സഹായിക്കുന്ന മാല്‍വെയറുകളെ കുറിച്ചാണ് ഫയലുകള്‍ വെളിപ്പെടുത്തുന്നത്.
ഇത്തരത്തില്‍ സി.ഐ.എ വിവരം ചോര്ത്തിയിരുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലാറ്റിനമേരിക്ക, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിലുള്ളവരാണ് വിവരചോരണത്തിന് ലക്ഷ്യങ്ങള്‍ ആയിരുന്നതെന്ന് വികിലീക്സ് പറഞ്ഞു.