Skip to main content

ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേര്‍ക്ക് ശ്രീലങ്കന്‍ നാവികസേന തിങ്കളാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും മൂന്ന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധനുഷ്കോടിയ്ക്കും കച്ചത്തീവിനുമിടയിലാണ് സംഭവം. 22-കാരനാണ് ബ്രിട്ജോയാണ് മരിച്ചത്.

 

സംഭവത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ മരിച്ച ബ്രിട്ജോയുടെ വീട്ടിലെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കാതെ മൃതദേഹം സ്വീകരിക്കില്ലെന്ന് രാമേശ്വരം മുക്കുവ സംഘടന പറഞ്ഞു. നാവിക അതിര്‍ത്തി ലംഘിച്ചതായി സംശയമുണ്ടെങ്കില്‍ ഇന്ത്യന്‍ മുക്കുവരെ വേദി വെക്കില്ലെന്നും തടങ്കലില്‍ വെക്കുകയെയുള്ളൂവെന്നും ശ്രീലങ്കന്‍ സേന മുന്‍പ് ഉറപ്പ് നല്‍കിയിരുന്നതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.   

 

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി സംഭവത്തെ അപലപിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും തമിഴ്നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

തമിഴ് മുക്കുവര്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമത്തില്‍ കേന്ദ്രം നിശബ്ദരായ കാഴ്ചക്കാരായി നില്‍ക്കരുതെന്ന് ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു. വിഷയത്തില്‍ ശക്തിയായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

 

ശ്രീലങ്കയുടെ പ്രധാമന്ത്രി റനില്‍ വിക്രമസിംഗെയുടെ മുന്നില്‍ ഇന്ത്യ വിഷയം ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊളമ്പോ അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.