Skip to main content

ക്യാനഡയിലെ ഖ്യുബക് നഗരത്തിലെ ഒരു മോസ്ഖില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ ‘തീവ്രവാദ നടപടി’യെന്ന്‍ വിശേഷിപ്പിച്ച പോലീസ് അക്രമികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. മൂന്നാമതൊരാള്‍ രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

 

മൂന്ന്‍ പേരാണ് മോസ്ഖില്‍ ഉണ്ടായിരുന്ന 40-ഓളം പേര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

 

കഴിഞ്ഞ എതാനും വര്‍ഷങ്ങളില്‍ ക്യാനഡയിലെ ഫ്രഞ്ച് ഭാഷാപ്രദേശമായ ഖ്യുബകില്‍ ഇസ്ലാം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. മുസ്ലിം വിശ്വാസികള്‍ ഉപയോഗിക്കുന്ന ശിരോവസ്ത്രമായ നികാബ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തോടെയാണ് ഇത് ആരംഭിച്ചത്. ഇതേ മോസ്ഖിന്റെ വാതില്‍പ്പടിയില്‍ 2016 ജൂണില്‍ പന്നിയുടെ തല വെട്ടിവെച്ചിരുന്നു. 2013-ല്‍ മറ്റൊരു മോസ്ഖില്‍ പന്നിയുടെ ചോര തളിച്ച സംഭവമുണ്ടായിരുന്നു. സമീപ പ്രവിശ്യയായ ഒണ്ടാരിയോവില്‍ 2015-ല്‍ മോസ്ഖിന് തീവെച്ചിരുന്നു.

 

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്ന്‍ വരുന്ന അഭയാര്‍ഥികള്‍ക്ക് യു.എസില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇത് മൂലം ബുദ്ധിമുട്ടില്‍ ആകുന്നവര്‍ക്ക് താല്‍ക്കാലിക താമസ അനുമതി നല്‍കുമെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യു ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്.