Skip to main content

ഇന്ത്യയ്ക്കെതിരെയുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കാന്‍ അനുവദിക്കണമെന്ന് ഭീകരസംഘടന ജെയ്ഷ്-ഇ-മുഹമ്മദിന്റെ മേധാവി മസൂദ് അസര്‍. കൃത്യമായി തീരുമാനമെടുക്കുന്നതിലുള്ള അഭാവം കശ്മീര്‍ പിടിച്ചെടുക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് പാകിസ്ഥാന് നഷ്ടപ്പെടുത്തുന്നതെന്ന് സംഘടനയുടെ പ്രസിദ്ധീകരണമായ അല്‍-ക്വലമില്‍ അസര്‍ പറയുന്നു. 

 

ഇന്ത്യയ്ക്കെതിരെ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന പാക് സൈന്യത്തിന്റെ നടപടിയില്‍ സിവിലിയന്‍ ഭരണകൂടം എതിര്‍പ്പ് രേഖപ്പെടുത്തിയതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അസറിന്റെ പ്രസ്താവന. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നതായി സര്‍ക്കാര്‍ സൈന്യത്തോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

പത്താന്‍കോട്ട് സൈനിക താവളം ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷ്-ഇ-മുഹമ്മദിന് ആണെന്ന് പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. ഉറി ആക്രമണത്തിനു പിന്നിലും സംഘടനയാണ് പ്രവര്‍ത്തിച്ചത്. രണ്ട് ആക്രമണങ്ങളും ഇന്ത്യന്‍ സൈന്യത്തെ തുറന്നുകാട്ടിയതായി ലേഖനത്തില്‍ അസര്‍ പറയുന്നു. കശ്മീരില്‍ 1990-കളില്‍ ആരംഭിച്ച ജിഹാദ് ഇന്ത്യന്‍ സൈന്യത്തെ ബലഹീനമാക്കിയാതായും അസര്‍ അവകാശപ്പെടുന്നു.  

 

നേരത്തെ, 2008 മുംബൈ ഭീകരാക്രമണത്തിന് പിന്നിലും സംഘടന പ്രവര്‍ത്തിച്ചിട്ടുണ്ട്.