Skip to main content
Ad Image

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വെള്ളിയാഴ്ച കലൂര്‍ ജവര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപമൊരുക്കിയ പ്രത്യേക വേദിയിൽ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മചാണ്ടി നിര്‍വഹിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം തുടങ്ങിയ പൈലിംഗ് ജോലികള്‍ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വേദിയില്‍ ദൃശ്യമായി.

 

മെട്രോ പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറ വരെ മെട്രോ നീട്ടണമെന്ന നിര്‍ദേശം പരിഗണിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് കൂടാതെ കാക്കനാട്ടേയ്ക്കും അങ്കമാലിയിലേക്കും മെട്രോ നീട്ടണമെന്നും അവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ പഠിക്കാന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

 

കേന്ദ്രമന്ത്രി കെ.വി തോമസ് മന്ത്രിമാരായ പി.കെ കുഞ്ഞാലികുട്ടി, കെ.എം മാണി, അനൂപ് ജേക്കബ്, ആര്യാടന്‍ മുഹമ്മദ്, ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍കൃഷ്ണ , കെ.എം.ആര്‍. എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

ആലുവ മുതല്‍ പേട്ട വരെ 25.61 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയില്‍ സർവ്വീസിൽ 1000 പേര്‍ക്ക് കയറാവുന്ന മൂന്ന് കോച്ചുകളാണ് ഉണ്ടാവുക. ഇടപ്പള്ളി -പാലാരിവട്ടം റൂട്ടിലാകും ആദ്യ ഘട്ട നിര്‍മാണം. പാലാരിവട്ടം സ്റ്റേഷനും ഇതോടൊപ്പം നിര്‍മിക്കും. 2015-ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

Tags
Ad Image