1971-ലെ വിമോചന യുദ്ധകാലത്തെ കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ മിര്‍ ക്വാസം അലിയ്ക്ക് ലഭിച്ച വധശിക്ഷ ബംഗ്ലദേശ് സുപ്രീം കോടതി ശരിവെച്ചു.
മുസ്ലിം ഭൂരിപക്ഷ ബംഗ്ലദേശിന്‍റെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസ് ആയ സുരേന്ദ്ര കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ഒറ്റവരിയിലാണ് 64-കാരനായ അലിയുടെ അപ്പീല്‍ തള്ളിയത്. വധശിക്ഷയില്‍ നിന്ന്‍ ഒഴിവാകാന്‍ പ്രസിഡന്റിന്റെ മുന്നില്‍ ദയാഹര്‍ജി കൊടുക്കാനുള്ള ഒരു അവസരം കൂടി അലിയ്ക്ക് ഉണ്ട്.
പ്രക്ഷേപണം മരവിപ്പിച്ച ഒരു ചാനലിന്റെ ഉടമയായിരുന്ന അലി വ്യവസായിയും സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുമാണ്. പാകിസ്ഥാനില്‍ നിന്ന്‍ രാജ്യം സ്വാതന്ത്ര്യം നേടിയ വിമോചന യുദ്ധകാലത്തെ കുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ സ്ഥാപിച്ച ട്രൈബ്യൂണല്‍ ജൂണ്‍ ആറിനാണ് അലിയ്ക്ക് വധശിക്ഷ വിധിച്ചത്.
വിമോചന യുദ്ധത്തെ എതിര്‍ക്കുകയും പാകിസ്ഥാനെ അനുകൂലിക്കുകയും ചെയ്ത നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരുന്നത്. അലി രൂപീകരിച്ച അല്‍ ബദര്‍ എന്ന സായുധ സംഘം നടത്തിയ പീഡനങ്ങളും കൊലപാതകങ്ങളും മാനവരാശിക്കെതിരായ കുറ്റകൃത്യമായി വിധിച്ചാണ് ട്രൈബ്യൂണല്‍ വധശിക്ഷ നല്‍കിയത്.