കേരള ബി.ജെ.പി. മാറുമോ ?

പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം.
അധികാര മോഹം , ഗ്രൂപ്പു വൈരം, തൊഴുത്തിൽക്കുത്ത് തുടങ്ങി കോൺഗ്രസിലും സി.പി.എം. ലും ഉള്ളതൊക്കെ കേരളത്തിലെ ബി.ജെ.പി.യിലുമുണ്ടായിരുന്നു. അഴിമതിയോട് അയിത്തമില്ലാത്തവരും ഉണ്ടായിരുന്നു. കെ. സുരേന്ദ്രനു പകരം പരിഗണിച്ച ഏത് പേരുകാര് പ്രസിഡൻ്റ് പദം ഏറ്റെടുത്തിരുന്നുവെങ്കിലും ഇപ്പോഴത്തേതിൻ്റെ ഒരു തുടർച്ച മാത്രമാകുമായിരുന്നു ഇവിടുത്തെ ബി.ജെ.പി.
ഈ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷനായി കേന്ദ്ര നേതൃത്വം വാഴിച്ചിരിക്കുന്നത്. ഇതൊരു പരീക്ഷണമാണ്. ഇവിടുത്തെ ബി.ജെ.പി. നേതൃത്വത്തിന് നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കുവാൻ ഇതല്ലാതെ ഇപ്പോഴത്തെ നിലയ്ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.
ശരിയാണ് . നമ്മൾ കണ്ടു പരിചയിച്ച മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ രാജീവ് ചന്ദ്രശേഖർ മോശം തിരഞ്ഞെടുപ്പ് ആണെന്ന് തോന്നാം. മറ്റു പലരെയും പോലെ താഴെ തട്ടിൽ പ്രവർത്തിച്ചും സമരത്തിൽ പങ്കെടുത്തും പടിപടിയായി വളർന്നു വന്ന് നേതാവായ ആളല്ല രാജീവ് ചന്ദ്രശേഖർ . പ്രസംഗം നേതൃഗുണമാണെങ്കിൽ അതിലും അദ്ദേഹം പിന്നാക്കമാണ്. അദ്ദേഹത്തിൻ്റെ മലയാള സംസാരം പോലും പോര. ഇതൊന്നുമില്ലാതെ ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ പാർട്ടിയെ എത്തിക്കാൻ വ്യക്തമായ ചില പദ്ധതികളുമായിട്ടാണ് അദ്ദേഹം ചുമതല ഏറ്റിരിക്കുന്നത്.
ആസന്നമായ ത്രിതല പഞ്ചായത്ത് / നഗരസഭ / കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും തുടർന്നു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് തിളക്കമാർന്ന വിജയം ഉറപ്പാക്കൽ തന്നെയാണ് ലക്ഷ്യം. അതിന് കണ്ടു പരിചയിച്ച സമരമുറകളും വിവാദങ്ങളുമല്ല തൻ്റെ വഴിയെന്ന് അദ്ദേഹം സൂചന നൽകി കഴിഞ്ഞു.
കേരളത്തിൻ്റെ അടിസ്ഥാന പ്രശ്നങ്ങളിൽ പിടിച്ച് അതിന് പ്രതിവിധിയുമായി മുമ്പോട്ടു പോകാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. വികസിത കേരളം എന്ന മുദ്രാവാക്യം ഈ ലക്ഷ്യത്തോടെയാണ്. പാർട്ടിയുടെ 30 ജില്ലാ സമിതികൾ കേന്ദ്രമാക്കി വികസിത കേരള പരിപാടിയുടെ സന്ദേശവുമായി അദ്ദേഹത്തിൻ്റെ പര്യടനം തുടങ്ങി.
കേരളം അവികസിതമാണെന്നും ഇവിടുത്തെ അഭ്യസ്തവിദ്യരായ യുവാക്കൾ പുറത്തേക്ക് കൂട്ടമായി പലായനം ചെയ്യുന്നത് ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ടാണെന്നുമുള്ള വസ്തുതകൾ പറഞ്ഞ് അതിനുള്ള പരിഹാര നിർദ്ദേശങ്ങളുമായിട്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകർ പതിവുപോലെ വിവാദങ്ങളുടെ ചൂണ്ടയിട്ടുവെങ്കിലും ഒന്നിലും അദ്ദേഹം കൊത്തിയില്ലെന്നു മാത്രമല്ല, വിവാദം ഉണ്ടാക്കുന്നതിൽ താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. വായിൽ കോലിട്ടു കുത്തി പ്രകോപിപ്പിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരോട് അദ്ദേഹം കയർത്തില്ല, പക്ഷേ കാര്യം പറഞ്ഞതു നാം കണ്ടു. " എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു. മറ്റൊന്നുമില്ല. " ചുരുക്കം ഇത്രയേ ഉള്ളൂ - വിവാദമുണ്ടാക്കാൻ വേറെ ആളെ നോക്കുക.
നിർമ്മിത ബുദ്ധിയുടെ കാലത്തെപ്പറ്റി നല്ല ധാരണയുള്ള ടെക്നോക്രാറ്റായ ഈ നേതാവ് കേരളത്തിന്റെ ഇന്നത്തെ പരാധീനതകൾക്കുള്ള പരിഹാരമായിരിക്കും തൻ്റെ കർമ്മപദ്ധതികളായി ജനങ്ങൾക്കു മുമ്പിൽ വയ്ക്കുക . അതിന് തിരഞ്ഞെടുക്കുക പ്രക്ഷോഭത്തിൻ്റെ വഴിയുമായിരിക്കില്ല.
ബൂത്ത് തലം വരെയുള്ള നേതൃത്വത്തെ സേവന സന്നദ്ധരായി ജനങ്ങൾക്കൊപ്പം നിർത്താനാണ് അദ്ദേഹത്തിൻ്റെ പദ്ധതി . പ്രാദേശിക ഓഫീസുകളിൽ ലാപ്ടോപ്പുകൾ ലഭ്യമാക്കി കേന്ദ്ര പദ്ധതികളുടെ പ്രയോജനം താഴെ തട്ടിൽ എത്തിക്കും വിധം ജനങ്ങളുമായി നേതൃത്വം ഇട പഴകി പ്രവർത്തിക്കുന്ന ശൈലിയിലേക്ക് പാർട്ടിയെ മാറ്റിയെടുക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഇനി അറിയാനുള്ളത് പാർട്ടിയൊന്നാകെ അദ്ദേഹത്തിനൊപ്പം ഓടിയെത്തുമോ എന്നാണ്. പഴയ നേതൃത്വത്തിൻ്റെ തണൽ പറ്റി നിന്നവർ പുതിയ മാറ്റത്തിൽ അത്ര തൃപ്തരൊന്നുമല്ല. ജില്ലാ തലം വരെ മാത്രമേ ഭാരവാഹി പ്പട്ടിക പൂർത്തീകരിച്ചിട്ടുള്ളു. സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തത് ഇനിയും സമവായമുണ്ടാവാത്തതിനാലാണ്. അതു വന്നു കഴിഞ്ഞാലാണ് പാർട്ടി പൂർണ്ണമായും പ്രവർത്തന സജ്ജമാക്കുക.
ഇപ്പോഴത്തെ മാറ്റത്തിനൊപ്പം നിൽക്കുന്നവർ , ആർ. എസ്. എസ്. ഇടപെടലിൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിലാണ്.