Skip to main content

തീവ്രവാദികളെ രക്തസാക്ഷികളായി പ്രകീര്‍ത്തിക്കരുതെന്ന് പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയ്ക്ക് പാകിസ്ഥാന്‍ വീരപരിവേഷം നല്‍കുന്ന പശ്ചാത്തലത്തിലാണ് സിങ്ങിന്റെ പരാമര്‍ശം.

 

ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാണ്ടര്‍ ആയിരുന്ന വാനിയുടെ വധം കാശ്മീരില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ റാലികള്‍ നടന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ബുധനാഴ്ചത്തെ പ്രസ്താവനയും വിവാദമായിരുന്നു.

 

തീവ്രവാദികള്‍ക്ക് നേരെ മാത്രമല്ല ഇതിനെ പിന്തുണയ്ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും എതിരെ കടുത്ത നടപടികള്‍ വേണമെന്ന് രാജ്നാഥ് സിങ്ങ് യോഗത്തില്‍ ആവശ്യപ്പെട്ടു. സാര്‍ക്ക് രാഷ്ട്രങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ യോഗം പ്രാദേശിക കാര്യങ്ങള്‍, തീവ്രവാദം, മയക്കുമരുന്ന്-മനുഷ്യ കടത്ത് എന്നിവയാണ് ചര്‍ച്ച ചെയ്യുക.

 

യോഗത്തിനിടെ പാകിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.