Skip to main content
കോല്‍ക്കത്ത

mar cleemisപശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ്. നാഡിയ ജില്ലയിലെ റാണാഘട്ടില്‍ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയേയും അക്രമം നടന്ന മഠവും ബുധനാഴ്ച കര്‍ദ്ദിനാള്‍ ക്ലിമീസ് സന്ദര്‍ശിച്ചു.

 

ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യയിലെ സഭയും വിശ്വാസിസമൂഹവും അക്രമത്തിനിരയായ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടെന്ന് ഉറപ്പ് നല്‍കുന്നതായി കര്‍ദ്ദിനാള്‍ ക്ലിമീസ് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പിന്തുണ നല്‍കിയ റാണാഘട്ടിലേയും രാജ്യത്തെല്ലായിടത്തുമുള്ള ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകിട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണുമെന്ന് അദ്ദേഹം അറിയിച്ചു.   

 

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബുധനാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹരിയാനയിലെ ഹിസാറില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കുകയും കുരിശ് മാറ്റി ഹനുമാന്‍ പ്രതിമ സ്ഥാപിക്കുകയും ചെയ്ത സംഭവത്തിലും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

 

ശനിയാഴ്ച രാത്രിയാണ് അക്രമിസംഘം റാണാഘട്ടിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ്‌ മേരിയില്‍ കടന്ന്‍ 71 വയസ് പ്രായമുള്ള കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്തത്. കോണ്‍വെന്റിനോട്‌ ചേര്‍ന്നുള്ള സ്കൂളിലെ ഫീസും മറ്റുമായി മഠത്തില്‍ സൂക്ഷിച്ചിരുന്ന 10-12 ലക്ഷം രൂപയും സംഘം കവര്‍ന്നു. സംഭവത്തില്‍ 15 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.