പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയും ശ്രീലങ്കയും വെള്ളിയാഴ്ച നാല് കരാറുകള്‍ ഒപ്പിട്ടു. 28 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തുന്നത്. ശ്രീലങ്കയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളും മോദി നടത്തി.
സീഷെല്‍സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മോദി ശ്രീലങ്കയില്‍ വെള്ളിയാഴ്ച രാവിലെ എത്തിയത്. ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വിസ, കസ്റ്റംസ്, യുവജന വികസനം, എന്നീ വിഷയങ്ങളിലും ശ്രീലങ്കയില്‍ രബീന്ദ്രനാഥ ടാഗോര്‍ സ്മാരകം നിര്‍മിക്കുന്നതിനുമുള്ള കരാറുകളിലുമാണ് രണ്ട് രാജ്യങ്ങളും ഒപ്പിട്ടത്. ട്രിങ്കോമാലിയെ പെട്രോളിയം ഹബ് ആയി വികസിപ്പിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്ത മോദി റെയില്‍വേ വികസനത്തിന് 31.8 കോടി ഡോളറിന്റെ വായ്പ പുതുതായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ രൂപയുടെ സ്ഥിരത ഉറപ്പാക്കുന്നതിന് ഭാരതീയ റിസര്‍വ് ബാങ്കും ശ്രീലങ്കാ കേന്ദ്ര ബാങ്കും തമ്മില്‍ 150 കോടി ഡോളറിന്റെ കറന്‍സി കൈമാറ്റ കരാറില്‍ ഏര്‍പ്പെട്ടതായും മോദി അറിയിച്ചു.