Skip to main content

 

ദില്ലിയെ ഇന്ത്യൻ മാധ്യമങ്ങളും മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമൊക്കെ ചിലപ്പോൾ വിശേഷിപ്പിക്കാറുണ്ട്, ബലാൽസംഗങ്ങളുടെ തലസ്ഥാനമെന്ന്. ഇന്നിപ്പോൾ വിദേശ രാജ്യങ്ങൾ ഇന്ത്യ ബലാൽസംഗങ്ങളുടെ നാട് എന്ന ധാരണയിലേക്കെത്തുന്നു. അതിന്റെ ഉദാഹരണമാണ് ഒരു ജർമ്മൻ സർവ്വകലാശാല പ്രൊഫസർ ഇന്ത്യയിൽ നിന്നുള്ള ആൺകുട്ടിക്ക് ഇന്റേൺഷിപ്പ് അനുവദിക്കാൻ നിവൃത്തിയില്ലെന്ന് അറിയിച്ചുകൊണ്ട് ഇമെയിൽ അയച്ചത്. പിന്നീട് ഇന്ത്യയിലെ ജർമ്മൻ സ്ഥാനപതി ആ പ്രൊഫസറുടെ നടപടിയെ അപലപിക്കുകയും അവർ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് എംബസി വെബ്‌സൈറ്റിൽ കൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അത്തരത്തിൽ ഒരു ധാരണ വിദേശങ്ങളിലുള്ളവരിൽ നിലനിൽക്കുന്നുവെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.

 

ബി.ബി.സിയുടെ വിവാദ ഡോക്കുമെന്ററി സിനിമയിൽ പറയുന്നതുപോലെ ബലാൽസംഗത്തിനെതിരെ ഉയർന്നുവന്ന അറബ് വസന്തമായിരുന്നു നിർഭയയുടെ ബലാൽസംഗത്തെത്തുടർന്ന് ദില്ലിയിൽ അരങ്ങേറിയ പ്രക്ഷോഭം. അത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലാണ്. ഓരോ ഇരുപതു മിനിട്ടിലും ഇന്ത്യയിൽ ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നുവെന്നാണ് ലെസ്ലി അഡ്വിന്റെ ഡോക്കുമെന്ററിയിൽ പറയുന്നത്. കുതിക്കാൻ തയ്യാറായി നിൽക്കുന്ന യുവത്വം കൊണ്ട് നിറഞ്ഞ ഇന്ത്യയെ ലോകസമൂഹത്തിനുമുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ഡോക്കുമെന്ററി നിർമ്മാണവും അതിന്റെ വ്യാപനവുമെന്ന്‍ ഒരുപക്ഷത്ത് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതു ശരിയോ തെറ്റോ ആകാം. എന്നാല്‍, വിദേശ ഏജൻസികൾ നേരിട്ട് ഇന്ത്യാ-അപകീർത്തി വ്യായാമത്തിൽ ഏർപ്പെടുമ്പോൾ വൈദേശിക ശക്തികൾ ഗ്രാന്റുകളെന്ന പേരിലും അല്ലാതെയും പണം നൽകി സന്നദ്ധ സംഘടനകളെക്കൊണ്ട് തങ്ങളുടെ അജണ്ടയെ വളരെ ആസൂത്രിതമായി മാധ്യമ സ്വഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടപ്പാക്കുന്നു എന്നുള്ള ആക്ഷേപം മുന്നേതന്നെ നിലനില്‍ക്കുന്നതാണ്. ഇത് തീര്‍ത്തും അടിസ്ഥനമില്ലാത്തതുമല്ല. ഈ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള വിവിധ ശ്രമങ്ങളിൽ മോദി സർക്കാർ വളരെ ജാഗ്രതയോടെ ഇടപെടുന്നുമുണ്ട്. സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ശ്രമങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. എന്നാൽ, അതേപോലെ ബലാൽസംഗമെന്ന യാഥാർഥ്യം ഇന്ന് ഇന്ത്യൻ സമൂഹം നേരിടുന്ന ഒരു മുഖ്യപ്രശ്നമാണെന്നുള്ളത് യാഥാർഥ്യമാണ്. ഇത് വെറും സ്ത്രീകൾ മാത്രം നേരിടുന്ന പ്രശ്നമല്ല.

 

വിദേശങ്ങളിൽ ഇന്ത്യയെക്കുറിച്ച് ഉണ്ടാവുന്ന ധാരണപോലെ ഇന്ത്യാക്കാർക്കും പടിഞ്ഞാറൻ രാജ്യങ്ങളേക്കുറിച്ചും മറ്റ് വിദേശ രാജ്യങ്ങളിലെ സംസ്കാരത്തെക്കുറിച്ചുമൊക്കെ ധാരണകളുണ്ട്. ആ ധാരണയാകട്ടെ മുഖ്യമായും ലൈംഗിക പെരുമാറ്റത്തെ കുറിച്ചുള്ളതാണ്. അവിടെയെല്ലാം സ്വാതന്ത്ര്യവും ഇവിടെ സ്വാതന്ത്ര്യമില്ലായ്മയും. അവിടങ്ങളിലെപ്പോലെ ഇവിടെയും വേണം എന്ന വാദമുഖമാണ് ആക്ടിവിസ്റ്റുകളിലൂടെയും ബുദ്ധിജീവികളിലൂടെയും പുറത്തുവരുന്നത്. അവിടങ്ങളിലെപ്പോലെ ഇവിടെ പാടില്ല എന്ന്‍ യാഥാസ്ഥിതികത്വവും നിലപാടെടുക്കുന്നു. ഗൗതമബുദ്ധന്റെ നാടാണെങ്കിലും മധ്യപാതയില്‍ അധികം ആളുകളില്ല. ആദ്യത്തെ സമീപനത്തിലാണ് മാധ്യമങ്ങള്‍ ജനാധിപത്യ സ്വഭാവം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളിലെപ്പോലെ ലൈംഗിക സ്വാതന്ത്ര്യവും ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കൊടിയ ശിക്ഷയും ഉറപ്പാക്കാൻ ഇക്കൂട്ടർ സദാ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയിൽ നിയമനിർമ്മാണങ്ങളും നീതിന്യായ ജാഗ്രതയും ഒക്കെ വർധിച്ചിട്ടുമുണ്ട്.

 

എന്നാല്‍, പലപ്പോഴും വൈകാരികമായി ഇളകിമറിഞ്ഞ ജനക്കൂട്ടത്തിന്റെ യുക്തിയെ തൃപ്തിപ്പെടുത്താനെന്നവണ്ണമുള്ള നിയമനിർമ്മാണങ്ങളും ഉണ്ടാവുന്നില്ലേ എന്ന് സംശയിച്ചാൽ അത് അസ്ഥാനത്തല്ല. കഴിഞ്ഞ ദിവസം നാഗാലാൻഡിൽ ബലാൽസംഗം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ഒരു യുവാവിനെ ജയിലിൽ അതിക്രമിച്ചുകയറി നഗ്നനായി നിരത്തിലൂടെ നടത്തി തല്ലിക്കൊന്നു. ആദ്യം അയാൾ ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീമാണെന്നാണ് പുറത്തറിയപ്പെട്ടത്. ഇപ്പോഴറിയുന്നു, അദ്ദേഹം ബംഗാളി സംസാരിക്കുന്ന ഈ നാട്ടുകാരനാണെന്ന്. ജയിലധികൃതരുടെ ഒത്താശയോടെയാണ് നാട്ടുകാർ ജയിലിൽ അതിക്രമിച്ച് കടന്നതെന്നും ആരോപണമുണ്ട്. അന്വേഷണത്തിൽ ചിലപ്പോൾ നിജസ്ഥിതി വെളിവാകുമായിരിക്കും. എന്നിരുന്നാലും ഇന്ത്യയിൽ ഒരു വ്യക്തിയെ ജയിലിൽ നിന്ന് പിടിച്ചിറക്കി പൊതുനിരത്തിലിട്ട് തല്ലിക്കൊല്ലുക എന്നത് വെറും ഒറ്റപ്പെട്ട സംഭവമല്ല. ബലാൽസംഗത്തിനെതിരെ തെരുവിലെ ജനക്കൂട്ടത്തിന്റെ വൈകാരിക നീതി ഇന്ത്യയിൽ ഇന്ന് ന്യായീകരിക്കപ്പെടുമെന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. വൈദ്യപരിശോധനയിൽ ബലാൽസംഗത്തിനിരയായെന്ന് പറയപ്പെടുന്ന യുവതി അത്തരത്തിൽ ആക്രമണത്തിന് ഇരയായിട്ടില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 

ഇതെല്ലാം സൂചിപ്പിക്കുന്നത് സങ്കീർണ്ണതയിൽ നിന്ന് കൂടുതൽ സങ്കീർണ്ണമാകുന്ന ഇന്ത്യൻ മനസ്സിനെയും സമൂഹത്തേയുമാണ്. വെറും പോലീസും കളളനും കളിക്കുന്ന മാനസികാവസ്ഥയോടെ ഈ വിഷയത്തെ നേരിടാനുള്ള ശ്രമങ്ങളാണ് മുറവിളി കൂട്ടുന്നവരിൽ നിന്നും മുറവിളിക്കാരുടെ സംതൃപ്തിക്കുവേണ്ടി പ്രവർത്തിക്കുന്ന അധികാര കേന്ദ്രങ്ങളുടെ ഭാഗത്തുനിന്നും കണ്ടുവരുന്നത്. മുറവിളിക്കാരാകട്ടെ നഗരകേന്ദ്രീകൃതരും. പരിധിയില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിന് സ്റ്റേറ്റിന്റെ സംരക്ഷണം ഉറപ്പാക്കണം എന്നുള്ളതാണ് ഈ മുറവിളിക്കാർ ഉയർത്തുന്ന വിഷയം. ഈ വിഷയപ്രാമുഖ്യത്തിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നസങ്കീർണ്ണതകൾ കാണാൻ കഴിയാതെ പോകുന്നു. അതിന്റെ ദുരന്തങ്ങൾ കൂടുതലും അനുഭവിക്കുന്നത് ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളും സാധാരണ മനുഷ്യരുമാണ്. ബി.ബി.സിയുടെ വിവാദ ഡോക്കുമെന്ററി വിഷയം പാർലമെന്റിൽ വന്നപ്പോൾ പോലും ഉയർന്നുകേട്ടത് അപക്വവും വൈകാരികവും ആയ പ്രതികരണങ്ങളാണ്. മാത്രമല്ല, ഇന്ത്യയിലെ പുരുഷ മനസ്സാണ് നിർഭയ ബലാൽസംഗ-കൊലപാതകക്കേസ്സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മഹേഷ് സിങ്ങിലൂടെ പുറത്തേക്കുവന്നതെന്നും ചില വനിതാ അംഗങ്ങൾ പാര്‍ലിമെന്റില്‍ പറയുകയുണ്ടായി.

 

എന്നാല്‍, ഇവിടെയെല്ലാം എന്തുകൊണ്ട് ബലാൽസംഗ സംഭവങ്ങൾ ഇന്ത്യയിൽ വർധിച്ചുവരുന്നുവെന്നുള്ള അന്വേഷണത്തിലേക്ക് തിരിയാൻ കഴിയാതെ പോകുന്നു. ഇതാണ് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഏതെങ്കിലും വിദേശ ശക്തികൾ ശ്രമിക്കുകയാണെങ്കിൽ അതിന് കാരണമായി മാറുന്നത്. അതിന് അവരിൽ പഴി ചാരുകയോ മുട്ടാപ്പോക്ക് നടപടികൾ കൈക്കൊണ്ടിട്ടോ കാര്യമില്ല. സഹപ്രവർത്തകയെ ലൈംഗികമായി ആക്രമിച്ചതിന്റെ പേരിൽ വിചാരണ നേരിടുന്ന തെഹൽക്കാ എഡിറ്ററായിരുന്ന തരുൺ തേജ്പാൽ, എഴുപത്തിനാലാം വയസ്സിൽ ഇരുപത്തിയൊമ്പതുകാരിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് ദ എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റിയൂട്ട് തലവൻ സ്ഥാനത്തുനിന്നു രാജിവെച്ച രാജ്യാന്തര പരിസ്ഥിതി നേതാവ് ഡോ. രാജേന്ദ്ര പച്ചൗരി എന്നിവരെല്ലാം ഇന്ത്യ ഇന്ന് നേരിടുന്ന ഈ കൊടിയ സാമൂഹിക രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ ഈ വിപത്തിനെ നേരിടേണ്ടിവരുന്നു. നിയമം കൊണ്ടും അവയുടെ കുറ്റമറ്റ നടപ്പാക്കൽകൊണ്ടും മാത്രം പരിഹരിക്കപ്പെടാവുന്ന വിഷയമല്ല ഇതെന്നുള്ള തിരിച്ചറിവാണ് അടിയന്തിരമായി ഉത്തരവാദിത്വപ്പെട്ടവർക്ക് ഉണ്ടാകേണ്ടത്. ആ ഉത്തരവാദിത്വപ്പെട്ടവരിൽ മുൻപന്തിയിലുള്ളത് ഇന്ത്യൻ മാധ്യമങ്ങളാണ്. എന്നാൽ, ഇന്ത്യൻ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്ത്രീസാന്നിദ്ധ്യം ലൈംഗിക അതിപ്രസരത്തിൽ മുങ്ങിയിരിക്കുന്നു. സാമൂഹികമായി സദാസമയവും ലൈംഗികതയെ ഉണർത്തിക്കൊണ്ടാണ് കമ്പോളം തങ്ങളുടെ ഉത്പന്ന വിപണനം സാധ്യമാക്കുന്നത്. ആ വിപണനസംസ്കാരദൃഷ്ടിയിലൂടെയാണ് മാധ്യമങ്ങൾ സ്ത്രീയെ അവതരിപ്പിക്കുന്നത്. ഈ സാമൂഹ്യസാഹചര്യത്തില്‍ കർശന നിയമങ്ങൾക്കും അവയുടെ നടപ്പാക്കലിനും വേണ്ടി മുറവിളിയും അറബ് വസന്തവുമൊക്കെയുണ്ടാവുമ്പോൾ അവ കമ്പോളത്തിന്റെ വികാസലക്ഷ്യത്തിന്റെ ആവശ്യവുമായി മാറുന്നതെങ്ങെനെയെന്ന്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ ജനക്കൂട്ട മുറവിളികളിൽ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിനും അവയുടെ സംരക്ഷണത്തിന് സ്റ്റേറ്റിന്റെ പിന്തുണയ്ക്കും വേണ്ടി മുറവിളി ഉണ്ടാവുന്നത്. ഇവിടെ ജനായത്തം ജനക്കൂട്ടാധിപത്യത്തിന്റെ വൈകാരികതയക്ക് വശംവദമാകുന്ന കാഴ്ചയും കാണാൻ കഴിയുന്നു.

 

ഈ സങ്കീർണ്ണവിഷയത്തെക്കുറിച്ച് സർക്കാർ തന്നെ മുൻകൈയ്യെടുത്ത് വിശദ പഠനത്തിനും ചർച്ചയ്ക്കും തയ്യാറാവുകയാണ് വേണ്ടത്. ഒരുപക്ഷേ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ചർച്ചയിലേക്കാണ് നീങ്ങേണ്ടത്. അതും വെറും ബലാൽസംഗവിഷയമായി പരിമിതപ്പെടുത്താത്ത വിധമുള്ള ചർച്ച. കാരണം അത്രയ്ക്ക് സങ്കീർണ്ണമാണ് ഇന്ത്യൻ സംസ്കാരവും അതിന്റെ ഫലമായി രൂപപ്പെട്ടിട്ടുള്ള ഇന്ത്യൻ മനസ്സും. അത് വൈവിദ്ധ്യത്തിന്റെയും ചരിത്രത്തിന്റേയും സാന്നിദ്ധ്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ചർച്ചയ്ക്ക് ഇന്ത്യയുടെ മുന്നിൽ വേറെ മാതൃകകളുണ്ടാവില്ല.

Ad Image