വടക്കുകിഴക്കന്‍ നൈജീരിയയിലെ ബാഗയിലും സമീപഗ്രാമങ്ങളിലും കഴിഞ്ഞയാഴ്ച ഇസ്ലാമിക തീവ്രവാദി സംഘടന ബോകോ ഹറം നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നു. 30,000-ത്തില്‍ അധികം പേര്‍ ഭവനരഹിതരായിട്ടുണ്ട്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ബോകോ ഹറം നടത്തിയതെന്ന് മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ പറഞ്ഞു.
2,000-ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് ബാഗ ഉള്‍പ്പെടുന്ന കുകാവ പ്രാദേശിക ഭരണകൂടത്തിന്റെ അദ്ധ്യക്ഷന്‍ മൂസ ബുകര്‍ അറിയിച്ചത്. മൃതദേഹങ്ങള്‍ കുറ്റിച്ചെടികളുടെ ഇടയില്‍ ചിതറിക്കിടക്കുകയാണെന്ന് ബുകര്‍ പറഞ്ഞു. എന്നാല്‍, മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരേയും വ്യക്തതയില്ല. ബുകറിന്റെ കണക്ക് നിഷേധിച്ച ബാഗ പ്രാദേശിക മേധാവി ബാബ അബ്ബ ഹസന്‍ എന്നാല്‍, നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് വ്യക്തമാക്കി.
തോക്കുധാരികളായ നൂറുകണക്കിന് ബോകോ ഹറം പ്രവര്‍ത്തകര്‍ ജനുവരി മൂന്ന്‍ മുതല്‍ ബാഗയുടേയും സമീപഗ്രാമങ്ങളുടേയും നിയന്ത്രണം കയ്യടക്കിയിരിക്കുകയാണ്. ഇതില്‍ ഒരു സേനാതാവളവും ഉള്‍പ്പെടും. ബാഗയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
വടക്കന്‍ നൈജീരിയയില്‍ യാഥാസ്‌ഥിതിക ഇസ്ലാമിക രാജ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2009 മുതല്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന സംഘടനയാണ് ബോകോ ഹറം. കഴിഞ്ഞ വര്‍ഷം മാത്രം സംഘടനയുടെ ആക്രമണങ്ങളില്‍ 10,000 ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍. പത്ത് ലക്ഷത്തിലധികം നൈജീരിയയില്‍ ഭവനരഹിതരായി. ആയിരക്കണക്കിന് പേര്‍ അയല്‍രാജ്യങ്ങളിലും അഭയം തേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മാരക തീവ്രവാദി സംഘടനകളില്‍ ഒന്നായി അറിയപ്പെടുന്ന ബോകോ ഹറം 2013 പകുതി മുതലാണ് ആക്രമണങ്ങള്‍ ശക്തമാക്കിയത്.