Skip to main content
പാരീസ്

 

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളെ വെള്ളിയാഴ്ച പോലീസ് വധിച്ചു. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജനങ്ങളെ ബന്ദിയാക്കിയ മറ്റൊരു ഭീകരവാദിയേയും പോലീസ് വധിച്ചു. ഇവിടെ ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

 

ബുധനാഴ്ച ചാര്‍ളി ഹെബ്ദോ ആക്രമിച്ചവരെന്ന്‍ കരുതുന്ന ഷെരിഫ് കൌഷി, സൈദ്‌ കൌഷി എന്നിവര്‍ക്കായി രണ്ട് ദിവസമായി തിരച്ചില്‍ ശക്തമായിരുന്നു. വടക്കുകിഴക്കന്‍ പാരീസിലെ ഡമാര്‍ട്ടിന്‍-എന്‍-ഗോള്‍ പ്രദേശത്ത് ഒരു അച്ചടി സ്ഥാപനത്തിലാണ് ഇവരെ പോലീസ് വളഞ്ഞത്. കിഴക്കന്‍ പാരീസില്‍ ജൂത ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ജനങ്ങളെ ബന്ദിയാക്കിയ ഭീകരവാദിയും കൌഷി സഹോദരങ്ങളും യോജിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

12 പേര്‍ കൊല്ലപ്പെട്ട ആക്രമണം കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഏറ്റവും ശക്തമായ ഭീകരാക്രമണമായിരുന്നു. വാരികയുടെ പത്രാധിപര്‍ അടക്കം എട്ട് മാദ്ധ്യമപ്രവര്‍ത്തകരും രണ്ട് പോലീസുകാരും ഒരു ജീവനക്കാരനും ഒരു അതിഥിയുമാണ് ചാര്‍ളി ഹെബ്ദോയുടെ ഓഫീസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 

മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്‍ വിവാദം സൃഷ്ടിച്ചിട്ടുള്ള വാരികയാണ് ചാര്‍ളി ഹെബ്ദോ. വധഭീഷണിയെ തുടര്‍ന്ന്‍ പത്രാധിപര്‍ സ്റ്റീഫന്‍ ഷാര്‍ബോണിയെക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. 2011-ല്‍ വാരികയുടെ ഓഫീസിന് നേരെ ബോംബേറ് ഉണ്ടായിരുന്നു.