പുതുവത്സര രാത്രി തീരദേശ സേന ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ തടഞ്ഞ പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ടില്‍ ഉണ്ടായിരുന്നത് കള്ളക്കടത്തുകാരല്ലെന്ന് പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരിക്കര്‍. സാഹചര്യ തെളിവുകള്‍ വെച്ച് ബോട്ടിലുണ്ടായിരുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന്‍ സംശയിക്കാന്‍ കഴിയുമെന്ന്‍ പരിക്കര്‍ പറഞ്ഞു.
ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന്‍ 350 കിലോമീറ്ററോളം അകലെ തീരദേശ സേന തടഞ്ഞത് കള്ളക്കടത്ത് സംഘത്തെ ആയിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സേന തടഞ്ഞപ്പോള്‍ മത്സ്യബന്ധന ബോട്ടില്‍ ഉണ്ടായിരുന്ന നാല് പേര്‍ ബോട്ടിന് തീ കൊടുക്കുകയായിരുന്നുവെന്നായിരുന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നത്. ‘അനധികൃത ഇടപാടുകള്‍’ക്കായി കറാച്ചിയില്‍ നിന്ന്‍ ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‍ തീരദേശ സേന നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്.
തീരദേശ സേന തടഞ്ഞപ്പോള്‍ ആതമഹത്യ ചെയ്തതില്‍ നിന്ന്‍ ഇവര്‍ തീവ്രവാദികള്‍ ആണെന്ന് സംശയിക്കാമെന്ന് പരിക്കര്‍ പറഞ്ഞു. ഇവര്‍ പാകിസ്ഥാന്‍ സമുദ്ര വിഭാഗം അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പാക് സൈന്യത്തിലും അന്താരാഷ്ട്ര തലത്തിലും ഇവര്‍ക്ക് ബന്ധങ്ങള്‍ ഉണ്ടെന്നും മന്ത്രി ആരോപിച്ചു. മത്സ്യബന്ധന മേഖലയിലോ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന തിരക്കേറിയ പാതകളിലോ ആയിരുന്നില്ല ബോട്ടെന്ന്‍ മന്ത്രി ചൂണ്ടിക്കാട്ടി. മറ്റെന്തോ ആവശ്യത്തിനാണ് ഇവര്‍ വന്നതെന്ന് വ്യക്തമാണെന്നും അതെന്താണെന്ന് ഇപ്പോള്‍ തങ്ങള്‍ക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.
2008 മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിലുള്ള ഒന്നാണ് തീരദേശ സേന ഒഴിവാക്കിയതെന്ന വാദങ്ങള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബോട്ടില്‍ സ്ഫോടനം നടന്നെന്നും മോശം കാലാവസ്ഥ കാരണം ബോട്ടിലുണ്ടായിരുന്നവരെ രക്ഷിക്കാനോ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനോ കഴിഞ്ഞില്ലെന്നുമുള്ള സേനയുടെ വാദങ്ങള്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാക്കുതര്‍ക്കവും അരങ്ങേറിയിരുന്നു.
ഇന്ത്യാ തീരദേശ സേന തടഞ്ഞത് മത്സ്യബന്ധന ബോട്ടാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഇന്ത്യയില്‍ നിന്ന്‍ പുറംകടലില്‍ മത്സബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ പാകിസ്ഥാന്‍ നാവികസേന കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.