Skip to main content
പെഷവാര്‍

 

പാകിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്കൂളിന് നേരെ താലിബാന്‍ ഭീകരവാദികള്‍ ആക്രമണം നടത്തി വിദ്യാര്‍ഥികളെ ബന്ദികളാക്കി. 100 വിദ്യാര്‍ഥികള്‍ അടക്കം ചുരുങ്ങിയത് 126 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹരീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) ഏറ്റെടുത്തു.

 

സൈനിക യൂണിഫോം ധരിച്ച അഞ്ചോ ആറോ ആയുധധാരികളാണ് സ്കൂളില്‍ പ്രവേശിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഞ്ഞൂറോളം കുട്ടികളും അധ്യാപകരും സ്കൂളില്‍ ബന്ദികളാക്കപ്പെട്ടതായി കണക്കാക്കുന്നു. വെടിവെപ്പ് തീരുന്നത് വരെ ആഡിറ്റോറിയത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതായി സ്കൂളില്‍ നിന്ന്‍ രക്ഷപ്പെട്ട ഒരു വിദ്യാര്‍ഥി പറഞ്ഞു. ഏകദേശം 1500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ ആണിത്.   

 

സ്കൂള്‍ പാക് സൈനികര്‍ വളഞ്ഞിട്ടുണ്ട്. സൈനികരും അക്രമികളും തമ്മില്‍ വെടിവെപ്പ് നടക്കുന്നുണ്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെന്നും അധ്യാപകരേയും കുട്ടികളേയും പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. പരിക്കേറ്റ നാല്‍പതോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മരിച്ചവരില്‍ വിദ്യാര്‍ഥികളും അധ്യാപികമാരും ഉള്‍പ്പെടുമെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ഖൈബര്‍ പഖ്തുന്‍വ പ്രവിശ്യയിലെ സര്‍ക്കാര്‍-പോലീസ് അധികൃതര്‍ അറിയിച്ചു. പ്രവിശ്യയില്‍ മൂന്ന്‍ ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി പെഷവാറിലേക്ക് തിരിച്ചിട്ടുണ്ട്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

 

മുതിര്‍ന്ന കുട്ടികളെ വധിക്കാന്‍ ചാവേര്‍ പോരാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്‍ വക്താവ് പറഞ്ഞു. അഫ്ഘാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാന്റെ ഈ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാനില്‍ താലിബാന് സ്വാധീനകേന്ദ്രങ്ങള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമാണിതെന്നും വക്താവ് പറഞ്ഞു. സര്‍ബ്-ഇ-അസ്ബ് എന്ന ഈ ആക്രമണത്തില്‍ 1,600-ല്‍ അധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.