Skip to main content
ന്യൂഡല്‍ഹി

 

നിതാരി പരമ്പര കൊലപാതക കേസിലെ കുറ്റവാളി സുരീന്ദര്‍ കോലിയുടെ വധശിക്ഷ നടപ്പാക്കുന്നത് ഒക്ടോബര്‍ 29 വരെ നീട്ടി. വധശിക്ഷ ശരിവെച്ചതിനെതിരെയുള്ള പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഈ മാസം ആദ്യം സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്ന്‍ ഇപ്രകാരമുള്ള ആദ്യ വാദത്തിലാണ് കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് കോടതി താല്‍ക്കാലിക സ്റ്റേ നല്‍കിയത്.

 

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ തടവില്‍ കഴിയുന്ന കോലിയുടെ വധശിക്ഷ ഈയാഴ്ച നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രി 1.30ന് ജസ്റ്റിസ്‌ എച്ച്.എല്‍ ദത്തുവിന്റെ വസതിയില്‍ നടന്ന പ്രത്യേക വാദത്തില്‍ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരുന്നു.

 

സെപ്തംബര്‍ രണ്ടിന് പുറപ്പെടുവിച്ച നിര്‍ണ്ണായക വിധിയില്‍ വധശിക്ഷയ്ക്ക് എതിരെയുള്ള പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടത് കുറ്റവാളിയുടെ മൗലിക അവകാശമാണെന്ന് കോടതി വിധിച്ചിരുന്നു. പുന:പരിശോധനാ ഹര്‍ജികള്‍ രണ്ടംഗ ബഞ്ച് ജഡ്ജിമാരുടെ ചേംബറിലാണ് പരിഗണിച്ചിരുന്നത്. പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുകയും എന്നാല്‍, ശിക്ഷ നടപ്പിലാക്കാത്തതുമായ കേസുകള്‍ വീണ്ടും പരിഗണിക്കാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

 

ഡല്‍ഹിയ്ക്ക് സമീപമുള്ള നോയ്ഡയിലെ നിതാരിയില്‍ 19 പെണ്‍കുട്ടികളെ കോലി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായി കരുതുന്നു. 2005-ല്‍ റിമ്പ ഹല്‍ദര്‍ എന്ന 14-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് കോലിയ്ക്ക് വധശിക്ഷ ലഭിച്ചിരിക്കുന്നത്. അഞ്ച് കേസുകളില്‍ കോലിയെ കുറ്റവാളിയെന്നു കണ്ടെത്തിയിട്ടുണ്ട്. 14 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല.