ന്യൂഡല്‍ഹി: മൂന്ന്‍ ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ് ഞായറാഴ്ച ഇന്ത്യയിലെത്തും. മാര്‍ച്ചില്‍ അധികാരമേറ്റതിന് ശേഷം ലി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. അതിര്‍ത്തി തര്‍ക്കമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും.
അതിര്‍ത്തി തര്‍ക്കം ഉഭയകക്ഷി ബന്ധത്തില്‍ ഈയിടെ വിള്ളലുണ്ടാക്കിയിരുന്നു. ഏപ്രില്‍ 15-ന് ലഡാക്ക് മേഖലയില്‍ ചൈനീസ് സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായി ഇന്ത്യ പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്. പലവട്ടം നടത്തിയ സൈനിക-നയതന്ത്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ സഹകരണ ഉടമ്പടിക്കുള്ള നിര്‍ദ്ദേശം മെയ് അഞ്ചിന് ചൈന മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ കരടിന്മേല്‍ ചര്‍ച്ച നടക്കുകയാണ്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധത്തിലെ അസന്തുലതത്വവും ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും. 66 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം രണ്ടു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. എന്നാല്‍, 28.87 ബില്ല്യണ്‍ ഡോളറിന്റെ അസന്തുലതത്വമാണ് ഇന്ത്യക്ക് ചൈനയുമായുള്ളത്. ഔഷധനിര്‍മ്മാണം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകള്‍ കയറ്റുമതിക്കായി തുറന്നു തരണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ന്യൂഡല്‍ഹിയിലെത്തുന്ന ലി ഖെഛിയാങ്ങ് വൈകുന്നേരം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണും. തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ ഇരു പ്രധാനമന്ത്രിമാരും പ്രതിനിധിതല ചര്‍ച്ച നടത്തും.
വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ലോക് സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവരും ലിയുമായി കൂടിക്കാഴ്ച നടത്തും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, യു.പി.എ. ചെയര്‍പെഴ്സണ്‍ സോണിയ ഗാന്ധി എന്നിവരെ അദ്ദേഹം സന്ദര്‍ശിക്കും.
ചൊവാഴ്ച മുംബൈയിലേക്ക് പോകുന്ന ലി വ്യവസായ പ്രതിനിധികളെ അഭിസംഭോധന ചെയ്യും. സിനോ-ജപ്പാനീസ് യുദ്ധകാലത്ത് ചൈനയില്‍ സേവനമനുഷ്ഠിച്ച ഇന്ത്യന്‍ ഡോക്ടര്‍ ദ്വാരകാനാഥ് കോട്നിസിന്റെ ബന്ധുക്കളേയും അദ്ദേഹം കാണും. ടി.സി.എസ് ഓഫീസും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
ബുധനാഴ്ച അദ്ദേഹം പാകിസ്താനിലേക്ക് തിരിക്കും.