ബെംഗലൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കര്‍ണ്ണാടകത്തില്‍ പുതിയ മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവായി തെരഞ്ഞെടുത്തതായി പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകന്‍ എ.കെ ആന്റണി വെള്ളിയാഴ്ച അറിയിച്ചു. സംസ്ഥാനത്തിന്റെ 22-മത് മുഖ്യമന്ത്രിയായി അദ്ദേഹം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പാര്‍ട്ടി ഹൈക്കമാണ്ടുമായും നടത്തുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് സിദ്ധരാമയ്യ അറിയിച്ചു. തിങ്കളാഴ്ച സത്യപ്രതിജ്ഞക്ക് ശേഷം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. പരമേശ്വരക്കൊപ്പം സിദ്ധരാമയ്യ ന്യൂഡല്‍ഹിയിലേക്ക് പോകും.
64-കാരനായ സിദ്ധരാമയ്യ കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ജനതാദളിലൂടെ കോണ്‍ഗ്രസിലെതിയ അദ്ദേഹം ആറുതവണ നിയമസഭാംഗമായിരുന്നു. വിവിധ ജനതാദള്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം 1996-ല്‍ ഉപമുഖ്യമന്ത്രിയായിട്ടുണ്ട്. മൈസൂര്‍ സ്വദേശിയായ അദ്ദേഹം അഭിഭാഷക വൃത്തിയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.
നാമനിര്‍ദ്ദേശിത അംഗമടക്കം 225 അംഗ സഭയില്‍ 121 സീറ്റുകള്‍ കരസ്ഥമാക്കിയ കോണ്‍ഗ്രസ് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് തനിച്ച് അധികാരതിലെത്തുന്നത്. മെയ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും ജനതാദള്‍ സെക്കുലറിനും 40 സീറ്റുകള്‍ വീതം ലഭിച്ചു. മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്ദ്യൂരപ്പയുടെ കര്‍ണ്ണാടക ജനതാ പാര്‍ട്ടിക്ക് ആറു സീറ്റുകളും ബെല്ലാരിയിലെ മുന്‍ ബി.ജെ.പി നേതാവായിരുന്ന ബി.ശ്രീരാമുലുവിന്റെ ബി.എസ്.ആര്‍ കോണ്‍ഗ്രസിന് നാല് സീറ്റുകളും ലഭിച്ചു. 12 സീറ്റുകളില്‍ സ്വതന്തര്‍ വിജയിച്ചു.
സംസ്ഥാനത്തെ 223 നിയമസഭാ മണ്ഡലങ്ങളില്‍ മെയ് അഞ്ചിനായിരുന്നു വോട്ടെടുപ്പ്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് 28ലേക്ക് മാറ്റിയിട്ടുണ്ട്.