ഇന്ത്യയും ചൈനയും തമ്മില്‍ 1954-ല്‍ ഒപ്പുവെച്ച പഞ്ചശീല്‍ കരാറിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഭൂപടത്തര്ക്കം. അരുണാചല്‍ പ്രദേശും കശ്മീരിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി ചൈന പ്രസിദ്ധീകരിച്ച ഭൂപടമാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് അവകാശവാദം സത്യമാകില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നാളെയാണ് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പഞ്ചശീല്‍ കരാറിന്റെ വാര്‍ഷികാഘോഷങ്ങള്‍.
ചൈനയുടെ ഭൂമിശാസ്ത്ര അവകാശവാദങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുമായി തര്‍ക്കത്തിലുള്ള പ്രദേശങ്ങളെ കൂടാതെ ദക്ഷിണപൂര്‍വ ഏഷ്യയിലെ വിവിധ രാഷ്ട്രങ്ങളും ചൈനയും തമ്മില്‍ തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലിലെ പ്രദേശങ്ങളും ഭൂപടത്തില്‍ ചൈനയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഈ ഭാഗങ്ങളെ വേര്‍തിരിച്ചാണ് അടയാളപ്പെടുത്തുക പതിവ്.
ചൈനയുടെ മുഴുവന്‍ ഭൂപടം ജനങ്ങള്‍ക്ക് നേരിട്ടറിയാന്‍ കഴിയുന്നതാണ് പുതിയ ഭൂപടമെന്ന് ഔദ്യോഗിക ദിനപത്രം പീപ്പിള്‍സ് ഡെയ്ലി വിശേഷിപ്പിച്ചതായി യു.എസ് പത്രമായ വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് പ്രദേശങ്ങള്‍ക്ക് പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ അവകാശവാദങ്ങള്‍ ഉണ്ടെന്ന് ജനങ്ങള്‍ ഇനി ചിന്തിക്കില്ലെന്നും പീപ്പിള്‍സ് ഡെയ്ലി പറയുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം 1962-ല്‍ ഇരുരാജ്യങ്ങളെയും യുദ്ധത്തിലേക്ക് നയിച്ചതാണ്. അരുണാചല്‍ പ്രദേശ് പരമ്പരാഗതമായി ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന പറയുന്നു. കശ്മീരില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ (എല്‍.എ.സി) പടിഞ്ഞാറ് ഭാഗം ചൈനയുടെ നിയന്ത്രണത്തിലാണ്. ഈ രേഖ സംബന്ധിച്ചും ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്.
പഞ്ചശീല്‍ കരാറിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ചൈനയില്‍ എത്തിയിരിക്കുന്ന വേളയിലാണ് വിവാദമെന്നത് ആഘോഷങ്ങളുടെ ശോഭ കെടുത്തും.