യാത്രാപ്പടി ഇനത്തിൽ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് സിറ്റിംഗ് എം.പിമാരും മൂന്ന് മുൻ എം.പിമാരുമടക്കം ആറു പേർക്കെതിരെ സി.ബി.ഐ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡി. ബന്ധോപാധ്യയ്, ബി.എസ്.പിയുടെ ബ്രജേഷ് പഥക്, മിസോനാഷണല്‍ ഫ്രണ്ടിന്റെ ലാല്‍മിംഗ് ലിയാന, ബി.ജെ.പിയുടെ ജെ.പി.എന്‍ സിംഗ്, ആര്‍.എല്‍.ഡിയുടെ മഹമൂദ് മാഡ്‌നി, ബി.ജെ.ഡിയുടെ രേണുബാല പ്രധാന്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തത്. വിദേശ യാത്രകളില്‍ എം.പിമാര്‍ക്കൊപ്പമുള്ള സംഘത്തിന് ലഭിക്കുന്ന സൗജന്യ വിമാന ടിക്കറ്റിന്‍റെ പേരിലായിരുന്നു തട്ടിപ്പ്.
യാത്രകളില്‍ തങ്ങളെ അനുഗമിക്കുന്ന സംഘത്തിനായുള്ള വിമാന ടിക്കറ്റ് ഇനത്തില്‍ വ്യാജ രേഖകള്‍ ചമച്ച് സർക്കാരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് എം.പിമാർ തട്ടിയെടുത്തത്. നാലു തവണ ഇത്തരത്തിൽ എം.പിമാർ തട്ടിപ്പ് നടത്തിയതായി സി.ബി.ഐ കണ്ടെത്തി. ഇത്തരം ടിക്കറ്റുകൾക്ക് എയർപോർട്ട് നികുതി മാത്രം അടച്ചാൽ മതിയാവും. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഒഡിഷയിലുമായി എം.പിമാരുടെ വസതികളിലും ട്രാവല്‍ ഏജന്റുമാരുടെ ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. ആരോപണ വിധേയരായ എം.പിമാരെ സി.ബി.ഐ സംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കും.