2009 ജൂലൈയില്‍ എം.ബി.എ വിദ്യാർത്ഥി രൺബീർ സിംഗിനെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസിൽ ഉത്തരാഖണ്ഡിലെ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ഉൾപ്പെടെ 18 പൊലീസുകാർ കുറ്റക്കാരെന്ന് ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി. ഡെറാഡൂണിലെ മോഹിനി റോഡിൽ വെച്ചാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നത്.കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വ്യാജ ഏറ്റുമുട്ടലില്‍ നിരപരാധികളെ കൊല്ലുന്ന പോലീസിന് ശക്തമായ മറുപടിയാണ് കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് രണ്ബീരിന്റെ പിതാവ് രവീന്ദ്ര സിംഗ് പറഞ്ഞു. ഗാസിയാബാദ് സ്വദേശിയായ രണ്‍ബീര്‍ സിംഗിന്റെ മൃതദേഹം വെടിയുണ്ടകള്‍ ശരീരത്ത് തറച്ചുകയറിയ നിലയില്‍ മോഹിനി റോഡില്‍ നിന്നാണ് കണ്ടെത്തിയത്.
ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. രൺബീറിന്റെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിച്ച് സുപ്രീം കോടതി കേസിന്റെ വിചാരണ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിടിച്ചുപറി സംഘത്തിലെ അംഗമെന്ന് ആരോപിച്ചാണ് പോലീസ് രൺബീറിനെ കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.