സി.ബി.ഐ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റ ആദ്യ വനിത അര്‍ച്ചന രാമസുന്ദരത്തെ തമിഴ് നാട് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. തമിഴ്‌നാട് കേഡറിലുള്ള മുതിര്‍ന്ന ഐ.പി.എസുകാരിയായ ഇവര്‍ക്ക് സി.ബി.ഐയില്‍ ചുമതലയേറ്റ അതേദിവസം തന്നെയാണ് തമിഴ് നാട് ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ നല്‍കിയത്. സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ള ഓഫീസറും യൂണിഫോമ്ഡ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ അര്‍ച്ചന രാമസുന്ദരം ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് പാലിക്കേണ്ടേ നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാലാണ് സസ്‌പെന്‍ഷന്‍.
അര്‍ച്ചന രാമസുന്ദരത്തിന്റെ നിയമനം തടയണമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ് നാട് ആഭ്യന്തര സെക്രട്ടറി കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയാണ് അര്‍ച്ചനയുടെ പേര് പേഴ്‌സനല്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിര്‍ദേശിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള നിയമന മന്ത്രാലയം അതിന് അംഗീകാരം നല്‍ക്കുകയായിരുന്നു. ഈ നിയമനത്തെ തുടര്‍ന്ന് സി.ബി.ഐയും കേന്ദ്ര വിജിലന്‍സ് കമ്മീഷനും തമ്മില്‍ വാക്‌പോര് ശക്തമായിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതി മുമ്പാകെ ഒരു പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടെങ്കിലും കോടതി അത് തള്ളി. കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് സസ്പെന്‍ഷന്‍. അര്‍ച്ചന രാമസുന്ദരം മുന്‍പ് സി.ബി.ഐയുടെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായും പിന്നീട് അതിന്റെ ആദ്യ വനിതാ ജോയന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999-2006 കാലയളവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നു