Skip to main content
ഗുവഹാത്തി

അസമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. വെടിയേറ്റ 14 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. അസമിലെ ബോഡോ ഭരണ പ്രദേശമായ കൊക്രജാര്‍, ബക്‌സ എന്നിവിടങ്ങളിലാണ് കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആക്രമണമുണ്ടായത്.

 

ബംഗാളി സംസാരിക്കുന്ന 23 മുസ്‌ലിങ്ങളെയാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച കൂട്ടക്കൊല ചെയ്തത്. ഏപ്രില്‍ 24 നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ബോഡോ ജനതയ്ക്ക് സ്വയംഭരണാധികാരമുള്ള നാട് ലഭിക്കാനായി പോരാടുന്ന സംഘടനകളിലെ പ്രവര്‍ത്തകര്‍ ഗ്രാമത്തിലെ ഓരോ വീട്ടിലും കടന്നുകയറി തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണങ്ങള്‍ കണക്കിലെടുത്ത് കൊക്രജാര്‍, ബക്‌സ ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു

 

ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ മുസ്ലീങ്ങള്‍ക്കു നേരെ ബോഡോ ലാന്‍ഡ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമായാണ് ബോഡോ ലാന്‍ഡ് പ്രവര്‍ത്തകര്‍ ഈ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്. അനിയന്ത്രിതമായി കുടിയേറ്റക്കാര്‍ കടന്നുവരുന്നത് മേഖലയില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. വോട്ടിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആക്ഷേപവും സംഘടനകള്‍ പലപ്പോഴായി ഉയര്‍ത്തിയിട്ടുണ്ട്.

 

2012 ജൂലായില്‍ നാട്ടുകാരായ ബോഡോ വിഭാഗക്കാരും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ ന്യൂനപക്ഷസമുദായക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.