ദക്ഷിണകൊറിയയില്‍ 352 സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 475 പേരുമായി കടലില്‍ മുങ്ങിയ കപ്പലില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യം പ്രതികൂല കാലാവസ്ഥയിലും തുടരുന്നു. കപ്പലിനുള്ളില്‍ നിന്ന് 32 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതിനിടെ കപ്പലിന്റെ ക്യാപ്റ്റനെയും രണ്ടു ജീവനക്കാരെയും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു. മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ രക്ഷപ്പെടാനുള്ള സന്ദേശം പുറപ്പെടുവിക്കാതെ ക്യാപ്റ്റനും കൂട്ടരും സ്വയം രക്ഷപ്പെടുകയായിരുന്നു.
അപായസന്ദേശം നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാല്‍ യാത്രികര്‍ പരിഭ്രാന്തരാകുമെന്ന ധാരണ മൂലമാണ് അപകടത്തില്‍പ്പെട്ട ഉടനെ അവരെ കപ്പലില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിക്കാതിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ക്യാപ്റ്റന്‍ പോലീസിനോട് പറഞ്ഞു. കപ്പൽ മുങ്ങിയ വേളയിൽ ലീയായിരുന്നില്ല കപ്പല്‍ നിയന്ത്രിച്ചിരുന്നത് എന്നും വാദഗതി ഉയരുന്നുണ്ട്.
കപ്പലില്‍ ഉണ്ടായിരുന്ന പഠനയാത്രയ്ക്ക് പോയ 352 ഹൈസ്കൂൾ വിദ്യാർത്ഥികളെക്കുറിച്ചും വിവരമൊന്നും ലഭിച്ചിട്ടില്ല. അവരോടൊപ്പം കപ്പലിൽ ഉണ്ടായിരുന്ന സ്കൂൾ വൈസ് പ്രിൻസിപ്പൽ കാങ്മിൻഗ്യൂ (52) വിനെ രക്ഷാപ്രവർത്തകർ രക്ഷിച്ച് കരയ്ക്കെത്തിച്ചിരുന്നു. എന്നാൽ കാങ്മിൻഗ്യൂ ഇന്നലെ തൂങ്ങി മരിച്ചു. കുട്ടികൾ കപ്പലിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലാത്തതില്‍ മനംനൊന്താകാം കാങ്മിൻഗ്യൂ ജീവനൊടുക്കിയതെന്ന് കരുതപ്പെടുന്നു.
വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചനില്‍ നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് 475 യാത്രക്കാരുമായി പുറപ്പെട്ട സിവോള്‍ എന്ന കപ്പലാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്.