Skip to main content
സോള്‍

ferry-mishap-search

 

മോശം കാലാവസ്ഥയും ശക്തമായ കാറ്റും ജലപ്രവാഹവും ദക്ഷിണ കൊറിയയില്‍ യാത്രാകപ്പല്‍ മുങ്ങി കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദുഷ്കരമാക്കുന്നു. 475 പേരുമായി മുങ്ങിയ കപ്പലിലെ 287 പേരെക്കുറിച്ച് വിവരമില്ല. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍-ഹീ അപകട സ്ഥലം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

സംഭവത്തില്‍ ഒന്‍പത് പേര്‍ മരിച്ചതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ നാല് പേര്‍ വിദ്യാര്‍ഥികളാണെന്നും ഒരാള്‍ ഇവരുടെ ടീച്ചര്‍ ആണെന്നും മറ്റൊരാള്‍ കപ്പലിലെ ജീവനക്കാരിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കപ്പലില്‍ നിന്ന്‍ 179 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കപ്പിലെ യാത്രക്കാരില്‍ 325-ഓളം പേര്‍ തലസ്ഥാനമായ സോളില്‍ നിന്നുള്ള 16, 17 പ്രായമുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു.

 

കാണാതായവരില്‍ ഒരു റഷ്യന്‍ സ്വദേശിയും രണ്ട് ചൈനീസ് സ്വദേശികളും ഉള്‍പ്പെടുന്നതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

മുങ്ങിയ കപ്പല്‍ പരിശോധിക്കാന്‍ ശ്രമിച്ച സൈനിക മുങ്ങല്‍ വിദഗ്ദ്ധര്‍ ശക്തമായ കാറ്റില്‍ തെറിച്ചുപോയി. ഒരു മത്സ്യബന്ധന ബോട്ടാണ് ഇവരെ രക്ഷിച്ചത്. നാവികസേനയുടേയും തീരദേശ രക്ഷാസേനയുടേയും 500-ല്‍ അധികം മുങ്ങല്‍ വിദഗ്ദ്ധരും 169 സമുദ്രയാനങ്ങളും 29 വിമാനങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

 

ദക്ഷിണ കൊറിയയുടെ വടക്കുപടിഞ്ഞാറുള്ള തുറമുഖമായ ഇഞ്ചനില്‍ നിന്ന്‍ തെക്കുഭാഗത്തുള്ള ദ്വീപായ ജേജുവിലേക്ക് പോകുകയായിരുന്ന യാത്രാകപ്പല്‍ എം.വി സേവോള്‍ ബുധനാഴ്ച പ്രാദേശിക സമയം രാവിലെ ഒന്‍പതിനാണ് മുങ്ങാന്‍ തുടങ്ങിയത്. അപകടകാരണം അറിവായിട്ടില്ല. കപ്പലിന്റെ ക്യാപ്റ്റന്‍ പോലീസ് കസ്റ്റഡിയിലാണ്.

Tags