Skip to main content
സോള്‍

korean reunion

 

ഭൂപടത്തിലെ ഒരു വര ഒരു രാഷ്ട്രത്തെ വിഭജിക്കുമ്പോള്‍ ഒരു ജനതയുടെ ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന മുറിവുകള്‍ ഇന്ത്യയോളം പരിചിതമായ വേറൊരു രാഷ്ട്രമുണ്ടാകുമെങ്കില്‍ അത് കൊറിയയായിരിക്കും. മൂന്ന്‍ വര്‍ഷം നീണ്ടുനിന്ന കൊറിയന്‍ യുദ്ധം 1953-ല്‍ അവസാനിച്ച് ഉത്തര, ദക്ഷിണ കൊറിയകളായി കൊറിയന്‍ ജനത വേര്‍പിരിഞ്ഞപ്പോള്‍ അത് ഒട്ടേറെ കുടുംബങ്ങളുടെ കൂടി വേര്‍പിരിയലായി മാറി. അന്ന്‍, അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധുക്കളില്‍ നിന്ന്‍ പിരിഞ്ഞ നൂറുകണക്കിന് പേര്‍ ഇന്ന്‍, അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധുക്കളെ ആദ്യമായി കാണുകയാണ്. സാങ്കേതികമായി ഇന്നും അവസാനിക്കാത്ത കൊറിയന്‍ യുദ്ധത്തില്‍ വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പുന:സമാഗമം വ്യാഴാഴ്ച ആരംഭിച്ചോള്‍ വികാരങ്ങള്‍ അണപൊട്ടിയൊഴുകുന്ന ദൃശ്യമാണ് ലോകം കാണുന്നത്.

 

പരസ്പരം കെട്ടിപ്പിടിച്ച്, തുള്ളിച്ചാടി, കരഞ്ഞ്, ചിത്രങ്ങളും ഒപ്പം മങ്ങുന്ന ഓര്‍മ്മകളും പങ്കുവെച്ച് ഈ വൃദ്ധര്‍ തങ്ങളുടെ ഉള്ളു തുറന്നുവിട്ടു. കനത്തുപെയ്യുന്ന മഞ്ഞിലൂടെയാണ് ദക്ഷിണ കൊറിയയില്‍ നിന്ന്‍ 82 പേരെ വഹിച്ചുകൊണ്ടുള്ള ബസ് ഈ വൈകാരിക കൂടിച്ചരലിന് ആതിഥ്യം വഹിക്കുന്ന ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയോട് ചേര്‍ന്ന്‍ ഉത്തര കൊറിയയിലെ മൌണ്ട് കുംഗാംഗ് റിസോര്‍ട്ടിലേക്ക് എത്തിയത്. ഇവരില്‍ ചിലരെയാകട്ടെ സ്ട്രെച്ചറില്‍ ആണ് അകത്തേക്ക് കൊണ്ടുപോയത്. അകത്ത് പ്രധാന ഹാളില്‍ എണ്ണിത്തിരിച്ച മേശകള്‍ക്ക് ചുറ്റും ഇവരെ കാത്ത് 180 പേരും. ദശകങ്ങളായി പരസ്പരം കാണാതിരിന്നിട്ടും അഴിയാത്ത ബന്ധങ്ങള്‍. അച്ഛന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, അമ്മാവന്‍, അമ്മായി, അനന്തരവര്‍, മരുമക്കള്‍ എല്ലാവരും പരസ്പരം തേടി ആ കരങ്ങളില്‍ വീഴുന്ന ആര്‍ദ്ര ചിത്രങ്ങള്‍.  

 

ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ ഏറ്റവും പ്രായം ചെന്നവരില്‍ ഒരാളായ 93 വയസ്സുകാരന്റെ മുന്നില്‍ നിന്നത് 64 വയസുള്ള തന്റെ മകനായിരുന്നു. ഗര്‍ഭിണിയായ ഭാര്യയില്‍ നിന്ന്‍ യുദ്ധത്തിനിടയില്‍ വേര്‍പെട്ട ആ മനുഷ്യനും മകനും തമ്മിലുള്ള അത്ഭുതകരമായ മുഖസാദൃശ്യം കണ്ടുനിന്നവര്‍ക്ക് മാത്രം അമ്പരപ്പായി.  മകനെ ആദ്യമായി കാണുന്ന 93 വയസ്സുകാരന്‍, മകനോട് പറഞ്ഞ ആദ്യ വാചകം- ‘എത്ര വയസനായിരിക്കുന്നു’. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കട്ടെ എന്ന കരച്ചിലുമായി പിന്നെ മകന്റെ കൈകളിലേക്ക് ചായുകയായിരുന്നു ആ അച്ഛന്‍.

 

വന്നെത്തിയ ഒട്ടെല്ലാവര്‍ക്കും കൈമാറാന്‍ ചിത്രങ്ങളുണ്ടായിരുന്നു. എല്ലാം കുടുംബ ചിത്രങ്ങള്‍. ചിലത് യുദ്ധത്തിന് മുന്‍പെടുത്ത, ആറു ദശകങ്ങളുടെ ഋതുഭേദങ്ങളാല്‍ പിഞ്ഞിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍. അല്ലാത്തവ, തങ്ങളുടെ ഇപ്പോഴത്തെ കുടുംബത്തിന്റെ നിറങ്ങളില്‍ തുടുത്ത ചിത്രങ്ങള്‍. പരസ്പരം കൈമാറിയ ഇവയോരോന്നിലും വിരലുകളോടി. കണ്ണുനീര്‍ വീണു.

 

കൂടിച്ചേരലും ചിലര്‍ക്ക് ആഘാതമായി മാറി. ‘വല്യേച്ചി, ഇത് ഞാനാണ്’ എന്ന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു, ഉത്തര കൊറിയയിലെ ലീ ജുങ്ങ്സില്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ 87-കാരിയായ ലീ യങ്ങ്സിലിനോട്‌. അല്‍ഷിമേഴ്സ് രോഗത്തിന്റെ പിടിയിലമര്‍ന്ന ചേച്ചിയുടെ ഓര്‍മ്മയില്‍ നിന്ന്‍ തിരിച്ചറിയലിന്റെ ഒരു തരി വെളിച്ചം എപ്പോഴെങ്കിലും തെളിയുമെന്ന പ്രതീക്ഷയോടെ.

 

പരമ്പരാഗത ഹാന്‍ബോക് വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഉത്തര കൊറിയന്‍ സ്ത്രീകള്‍ വന്നത്. പുരുഷന്മാര്‍ സ്യൂട്ടിലും. വൈകുന്നേരം ഇവര്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഓരോ കുടുംബവും തങ്ങളുടെ മുറികളുടെ സ്വകാര്യതയില്‍ പരസ്പരം സമയം ചെലവഴിക്കും. ദക്ഷിണ കൊറിയന്‍ സംഘത്തിലെ രണ്ട് സ്ത്രീകളെ ആംബുലന്‍സിലാണ് റിസോര്‍ട്ടിലേക്കെത്തിച്ചത്. പത്തിലധികം പേര്‍ വീല്‍ ചെയറിലാണ്. കുടുംബാംഗങ്ങളായ 58 പേരും ഇവരെ അനുഗമിക്കുന്നുണ്ട്.

 

നിറയെ സമ്മാനപ്പൊതികളുമുണ്ട് ദക്ഷിണ കൊറിയന്‍ സംഘത്തിന്റെ കൈയ്യില്‍. മരുന്നുകള്‍ മുതല്‍ ഫ്രെയിം ചെയ്ത കുടുംബ ചിത്രങ്ങള്‍ വരെ. ഇന്‍സ്റ്റന്റ് നൂഡില്‍സ് വരെ കൊണ്ടുവന്നിട്ടുണ്ട് ചിലര്‍. ഉത്തര കൊറിയയില്‍ അധികം കിട്ടാത്ത നല്ല സാധനങ്ങളാണ് സഹോദരിക്കും ഇളയ സഹോദരനുമായി കൊണ്ടുവന്നിരിക്കുന്നതെന്ന് 85-കാരിയായ കിം സെറിന്‍ പറഞ്ഞു. സഹോദരനുള്ള പൊതിയില്‍ ഏതാനും യു.എസ് ഡോളറും വെച്ചിട്ടിട്ടുണ്ടെന്ന ‘രഹസ്യ’വും അവര്‍ വെളിപ്പെടുത്തി.

 

1950-53 കാലഘട്ടത്തില്‍ നടന്ന യുദ്ധം ലക്ഷക്കണക്കിന്‌ കൊറിയക്കാരെയാണ് പരസ്പരം വേര്‍പിരിച്ചത്. ഇതില്‍ മഹാഭൂരിപക്ഷവും അയല്‍പക്കമായ മാറിയ സ്വന്തം വീട്ടില്‍ അവശേഷിക്കുന്ന ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാതെ മരിച്ചു. 2000-ത്തില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ നടത്തിയ ചരിത്രപരമായ ഉച്ചകോടിയാണ് ഇവരുടെ പുന:സമാഗമമെന്ന ആശയത്തിന് തുടക്കമിട്ടത്. എന്നാല്‍, വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരുന്ന്‍ ആശിച്ച് മരിക്കാനായിരുന്നു പലരുടേയും വിധി. പുന:സമാഗമത്തിന് അപേക്ഷ നല്‍കിയ ദക്ഷിണ കൊറിയക്കാറില്‍ കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 3,800 പേരാണ്. ഇരു കൊറിയകളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് 2010-ല്‍  പുന:സമാഗമ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പദ്ധതി പുനരാംഭിക്കുന്നത്.

 

കൂടിച്ചേരലിന്റെ എല്ലാ സന്തോഷത്തിനിടയിലും ഒരു യാഥാര്‍ത്ഥ്യം ഇവരെ ലാഘവചിത്തരാക്കുന്നുണ്ട്. ജീവിതത്തിന്റെ സായന്തനങ്ങളില്‍ എത്തിയ തങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച വിടപറയലിന്റേത് കൂടിയാണെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ട്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ കഴിയുന്ന തന്റെ ചേച്ചിയെ കുറിച്ച് 81-കാരനായ കിം ഡോങ്ങ്‌ബിന്‍ പറഞ്ഞു - ‘ഇത് തങ്ങളുടെ ആദ്യത്തേയും അവസാനത്തേയും പുന:സമാഗമമാണ്’

Tags