Skip to main content

ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ സമാജ് വാദി പാര്‍ട്ടി പിന്‍വലിച്ചേക്കുമെന്ന് പ്രധാനമന്ത്രി. എന്നാല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ ലോക് സഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് തനിക്ക് വിവരം ലഭിച്ചതായി സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് കഴിഞ്ഞ ദിവസം ലക്നൌവില്‍ പറഞ്ഞിരുന്നു.

 

സാമ്പത്തിക പരിഷ്കരണ നടപടികളാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണന എന്ന്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാറിന് പാര്‍ലിമെന്റില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളുടെ പിന്തുണ നിര്‍ണ്ണായകമാണ്. പക്ഷെ, സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം പരിഷ്കരണ നടപടികളെ ബാധിക്കുന്ന തരത്തില്‍ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

 

മൂന്നാം വട്ടം പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനു അത് അപ്പോള്‍ തീരുമാനിക്കുമെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞു. ആത്മാര്‍ത്ഥമായും അര്‍പ്പണബോധത്തോടെയും രാജ്യത്തെ സേവിക്കാന്‍ ശ്രമിച്ചുവന്നു പറഞ്ഞ പ്രധാനമന്ത്രി താന്‍ വിജയിച്ചുവോ ഇല്ലയോ എന്ന്‍ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags