ന്യൂഡല്‍ഹി: ആഫ്രിക്കന്‍ മണ്ണില്‍ നടക്കുന്ന ആദ്യ ‘ബ്രിക്സ്’ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ദക്ഷിണാഫ്രിക്കയിലെത്തി. വളരുന്ന സാമ്പത്തിക ശക്തികളായ ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ‘ബ്രിക്സ്’ രാജ്യങ്ങളുടെ സമ്മേളനം 26നും 27നും ദര്‍ബനില്‍ നടക്കും. ആഗോള സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്ന് യാത്ര പുറപ്പെടുന്നതിനു മുന്‍പ് നല്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കഴിഞ്ഞ സമ്മേളനത്തില്‍ മന്മോഹന്സിങ്ങ് അവതരിപ്പിച്ച വികസന ബാങ്ക് ഈ സമ്മേളനത്തോടെ നടപ്പില്‍ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആശയത്തെ ചൈന പിന്തുണച്ചിരുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്കരണവും ഉച്ചകോടിയില്‍ ചര്‍ച്ചക്ക് വരും.
പുതുതായി അധികാരമേറ്റ ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. നാല് ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ ധനമന്ത്രി പി. ചിദംബരം, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, ഫിക്കി, സി.ഐ.ഐ, അസോച്ചം തുടങ്ങിയ വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന ഉന്നതതല സംഘമാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്.