Skip to main content
Update 23/03/2013

കടല്‍ കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. മടങ്ങിയെത്തുന്നതിനു സുപ്രീം കോടതി അനുവദിച്ച സമയം അവസാനിക്കുന്ന ഇന്നലെ വൈകിട്ട്‌ ആറേകാലോടെയാണ്‌ ഇറ്റാലിയുടെ സൈനികവിമാനത്തില്‍ നാവികരെത്തിയത്‌. ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ മിസ്‌തുരയും നാവികര്‍ക്കൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്‌.

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ വെള്ളിയാഴ്ച ഇന്ത്യയിലെത്തും. നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഇറ്റലി നാവികരെ തിരിച്ചയക്കില്ലെന്ന മുന്‍ നിലപാട് മാറ്റിയത്. നാവികര്‍ തിരിച്ചെത്തേണ്ടണ്ട കാലാവധി വെള്ളിയാഴ്ച തീരാനിരിക്കെയാണ് പുതിയ തീരുമാനം. ഇറ്റലിയുടെ തീരുമാനത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് സ്വാഗതം ചെയ്തു.

 

നാവികരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായി ഇറ്റലി സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ നാവികര്‍ക്ക് വധശിക്ഷ ബാധകമാകില്ലെന്ന് ഇന്ത്യ അറിയിച്ചതായും ഇറ്റലി വിദേശകാര്യ വകുപ്പ് പറഞ്ഞു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വധശിക്ഷ ബാധകമാകാത്തതെന്ന്‍ വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലിമെന്റില്‍ നല്‍കിയ പ്രസ്താവനയില്‍ വിശദീകരിച്ചു. ഇന്ത്യയിലെത്തിയാല്‍ നാവികരെ അറസ്റ്റ് ചെയ്യില്ലെന്ന് ഇറ്റലിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

 

ഇറ്റലി സ്ഥാനപതി ഡാനിയല്‍ മഞ്ചിനിയുടെ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്ക്  തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടിലേക്ക് പോകുന്നതിന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. നാവികരെ മടക്കി അയക്കില്ലെന്ന നിലപാടിനെത്തുടര്‍ന്ന് സ്ഥാനപതിക്ക് നയതന്ത്രപരിരക്ഷ ലഭിക്കില്ലെന്നും  ഇന്ത്യ വിട്ടുപോകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നകേസിലാണ് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.

Tags