കാബൂള്‍
അഫ്ഗാനിസ്താനിലെ തെക്കു കിഴക്കന്‍ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴു പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. തിങ്കളാഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ റോഡിനടുത്തുണ്ടായ സ്ഫോടനത്തിലാണ് ഒരേ കുടുംബത്തിലെ ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടത്. മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൊല്ലപ്പെട്ട കുട്ടികള്‍ ഏഴു വയസ്സിനും 12 വയസ്സിനുമിടയിലുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. സാബൂള്‍ പ്രവിശ്യയിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെതന്നെ രണ്ടു കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍പെട്ടവര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാന്‍ റോഡിലുണ്ടായിരുന്ന ബോംബില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക സര്‍ക്കാര്‍ വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു.