ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ തിരിച്ചയക്കാനാവില്ലെന്ന ഇറ്റലിയുടെ നിലപാട് സ്വീകാര്യമല്ലെന്ന് ഇന്ത്യ. ഇറ്റലിയുടെ സ്ഥാനപതി ഡാനിയേല്‍ മന്‍സിനിയെ ചൊവ്വാഴ്ച വൈകിട്ട് വിദേശമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥാനപതി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി അറിയിച്ചു. സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കേണ്ടത് ഇറ്റലി സര്‍ക്കാറിന്റെ ബാധ്യതയാണെന്നും ഇന്ത്യ സ്ഥാനപതിയെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് നാട്ടില്‍ പോകാന്‍ അനുമതി തേടിയ നാവികരെ തിരിച്ചെത്തിക്കാമെന്നു ഇറ്റലി സ്ഥാനപതി കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.
വിഷയം ഇന്നും പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് ലോക് സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ഇറ്റലിയുടെ നടപടിയെ ചൊല്ലിയുള്ള ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രവര്‍ത്തനം ചൊവ്വാഴ്ച തടസ്സപ്പെട്ടിരുന്നു.
അതിനിടെ, ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്‍മാറി. ഈ നടപടിയിലൂടെ ഇറ്റലി വിശ്വാസം ലംഘിച്ചുവെന്നു സാല്‍വെ കുറ്റപ്പെടുത്തി.
നാവികരെ തിരിച്ചയക്കാനാവില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന പ്രസ്താവന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തിരുത്തി. ഇറ്റലിയുടെ നടപടി അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്ന് ചൊവ്വാഴ്ച രാവിലെ അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ഇടത് എം.പി.മാര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇറ്റലിയുമായി ചര്‍ച്ച നടത്തുമെന്നാണ് പറഞ്ഞതെന്നും അവരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി അറിയിച്ചു.