Skip to main content

പ്ലസ് വൺ വിദ്യാർഥി. സമർഥൻ. പഠനേതരവിഷയങ്ങളിലും മികവ് പുലർത്തുന്നു. അതുകൊണ്ട് സ്‌കൂളിലെ മിക്ക പരിപാടികളുടേയും മുൻനിരയിൽ നടത്തിപ്പുകാരുടെ വേഷത്തിൽ ഈ അപ്രന്റീസ് യുവാവുമുണ്ട്. ആദ്യ യൂണിറ്റ് പരീക്ഷയിൽ എല്ലാ വിഷയത്തിലും മികച്ച മാർക്ക് കരസ്ഥമാക്കി. ഇംഗ്ലീഷിൽ ബാച്ച് ഫസ്റ്റും. അതിന്റെ പേരിൽ വലിയ ആഹ്ലാദമോ പ്രത്യേകിച്ചു സന്തോഷമോ ഒന്നും പ്രകടിപ്പിക്കാറില്ല. ഫസ്റ്റ് ടേം പരീക്ഷ വരവായി. സ്‌കൂൾ പരിപാടികളുമായി നടന്ന് ക്ലാസ്സുകൾ ധാരാളം നഷ്ടപ്പെട്ടു. ശാസ്ത്രവിഷയങ്ങളുടെ നോട്ട് സുഹൃത്തുക്കളുടേത് സംഘടിപ്പിച്ച് ഫോട്ടാസ്റ്റാറ്റ് കോപ്പിയെടുത്തു ഒപ്പിച്ചു. ഇടയ്ക്ക് ടീച്ചറെ ഫോണിൽ വിളിച്ച് സംശയങ്ങളും നിവർത്തിച്ചു. പരീക്ഷയ്ക്കു മുൻപ് ഒരുദിവസം അവധി കിട്ടിയതിനാൽ അത്യാവശ്യം എല്ലാം പഠിക്കാൻ കഴിഞ്ഞു. തലേന്ന് വൈകുന്നേരമായപ്പോഴേക്കും പഠനം പൂർത്തിയായി. ടിയാന് ആത്മവിശ്വാസവുമായി. വൈകുന്നേരം അത്യാവശ്യം സംഗീതാഭ്യസനത്തിനായി ചെലവഴിച്ചു. പിറ്റേ ദിവസം രാവിലെ കൃത്യസമയത്ത് തന്നെ റെഡി. പിതാവ് കാറ് സ്റ്റാർട്ട് ചെയ്ത് പുത്രനെ സ്‌കൂളിലാക്കാൻ തയ്യാറായി. പ്ലസ് വൺ പുത്രൻ വീട്ടിൽ നിന്നുമിറങ്ങിവരുന്നു. രണ്ടു കൈയ്യും വീശി. വന്ന് സ്റ്റൈലിൽ കാറിൽ കയറിയിരുന്നു. അപ്രന്റീസ് യുവാവിന്റെ മുഖത്ത് പ്രത്യേക ഭാവം മിന്നിമറയാൻ പഴുതും നോക്കിയിരിക്കുന്നത് പിതാവ് മനസ്സിലാക്കി. പിതാവ് ഒന്നും മിണ്ടിയില്ല. നേരേ സ്‌കൂളിലേക്ക്.

 

യാത്രയ്ക്കിടയിൽ കൂടുതലും നിശബ്ദത. ഇടയ്ക്കിടെ ചെറിയ ഒന്നുരണ്ട് സ്‌നേഹകുശലങ്ങൾ. വെയിലിന്റെ പൊന്നിൻ നിറത്തെക്കുറിച്ച് അൽപ്പമൊന്ന് രണ്ടുപേരും സംസാരിച്ചു. വീണ്ടും സുഖകരമായ നിശബ്ദത. സ്‌കൂളങ്കണത്തിന്റെ കവാടം കഴിഞ്ഞു. അപ്രന്റീസ് യുവാവിന്റെ സുഹൃത്തുക്കളിൽ ചിലർ റോഡിന്റെ ഇരുവശത്തും കൂടി സ്‌കൂളിലേക്കു നടക്കുന്നു. അവരിൽ മിക്കവരും തുറന്നുപിടിച്ച പുസ്തകവുമായാണ് നടത്തം. നടക്കുന്നതിനിടയിൽ പുസ്തകം വായിക്കുകയും ചെയ്യുന്നു. കാർ സ്‌കൂളിന്റെ മുന്നിലെത്തി. പുത്രൻ ഡോർ തുറന്ന് ഇറങ്ങിക്കൊണ്ട് പറഞ്ഞു, 'പുസ്തകവും ബാഗുമൊന്നുമെടുത്തില്ല'. പിതാവ് പുത്രൻ പറഞ്ഞത് കേട്ട് സന്തോഷത്തോടെ പരീക്ഷയ്ക്ക് നല്ല ആശംസകൾ നേർന്നു. ടിയാൻ  ഇരുകൈകളും വീശി സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചു.

 

ഇതുവരെപ്പറഞ്ഞത് പശ്ചാത്തലം. ഉച്ചയോടടുപ്പിച്ച് ഈ എളമിലാന്റെ വിളി മൂപ്പർക്ക് കിട്ടി.

 

എളമിലാൻ :ഹലോ, മൂപ്പരല്ലേ? സമയമുണ്ടോ.

മൂപ്പർ: പറയൂ ബോസ്! എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

എ: നല്ല വിശേഷങ്ങൾ. എന്നാലും ഇന്നൊരു പറ്റുപറ്റി.

മൂ: പറ്റാനുള്ളത് രണ്ടായാലും പറ്റി. ഇനി പറഞ്ഞിട്ട് കാര്യമില്ല. എന്നാലും പറയാം. അതാണല്ലോ വേണ്ടത്.

എ: ഇന്ന് ഇംഗ്ലീഷ് പരീക്ഷയായിരുന്നു.

മൂ: അത് താങ്കൾക്ക് പ്രിയപ്പെട്ട പേപ്പറല്ലേ. എന്തുപറ്റി ചോദ്യപ്പേപ്പർ കട്ടിയായിരുന്നോ?

എ: അതല്ലേ മൂപ്പരേ സങ്കടം. എല്ലാം അറിയാവുന്നവയായിരുന്നു. പക്ഷേ പത്തുമാർക്കിൽ കൂടുതൽ ചോദ്യങ്ങൾക്ക് വേണ്ടരീതിയിൽ എഴുതാൻ പറ്റിയില്ല. ഞങ്ങൾക്കും പ്ലസ്ടുക്കാർക്കും ഒരേ ഹാളിലായിരുന്നു പരീക്ഷ. ബോര്‍ഡില്‍ സാറ് വന്ന് പരീക്ഷാസമയം എഴുതിയിട്ടു. ഒമ്പതു മുതൽ പന്ത്രണ്ടു വരെയെന്ന്. ചോദ്യങ്ങളെല്ലാം ഉഗ്രൻ. നന്നായി അറിയാവുന്നവ. ഉത്തരമെല്ലാം മനസ്സിലൊന്നു അടുക്കി ഒതുക്കിവച്ചിട്ട് എല്ലാം വിശദമായി എഴുതിത്തുടങ്ങി. പതിനൊന്നു മണിയപ്പോൾ ഇംഗ്ലീഷ് മിസ്സ് എത്തി ഉത്തരക്കടലാസ്സ് തരാറായോ എന്നു തിരക്കി. അപ്പോഴാണറിയുന്നത് പരീക്ഷാ സമയം രണ്ടു മണിക്കൂറാണെന്ന്. ബോര്‍ഡിലെഴുതിയിട്ടിരുന്നത് പ്ലസ്ടുക്കാർക്കുള്ള സമയമായിരുന്നു. ചോദ്യപ്പേപ്പറിൽ സമയമുണ്ടല്ലോ എന്ന് മിസ്സ് പറഞ്ഞു. പക്ഷേ ചോദ്യപ്പേപ്പറിൽ സമയം കൊടുത്തിട്ടുള്ളത് തെളിഞ്ഞിട്ടില്ല. അത് ഞങ്ങൾ ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തി. മിസ്സ് അത് സ്വീകരിക്കാൻ തയ്യാറായില്ല. ഒടുവിൽ മിസ്സ് പത്തു മിനിട്ട് അധികം തന്നു. അതും ഞങ്ങളുടെ ഹാളിലിരുന്ന പെൺകുട്ടികളുടെ കരച്ചിലുകൊണ്ട്. പിന്നെ ആ കിട്ടിയ പത്തുമിനിട്ടുകൊണ്ട് കഴിയാവുന്ന രീതിയിൽ എല്ലാ ചോദ്യങ്ങളും തൊട്ടുവെന്നാക്കി. വലിയ സങ്കടമായിപ്പോയി. ഞങ്ങളുടെ കുഴപ്പമാണെന്ന് പറയാൻ പറ്റില്ല. അല്ലെങ്കിൽ പറയണമായിരുന്നു. ബോര്‍ഡിൽ എഴുതിയിട്ടിരിക്കുന്ന സമയം പ്ലസ്ടുക്കാർക്കുള്ളതാണെന്ന്.

 

മൂ: നിങ്ങളുടെ ഹാളിലിരുന്ന പ്ലസ് വൺകാർക്കേ ഈ പ്രശ്‌നമുണ്ടായിട്ടുള്ളോ?

എ: അതേ, ഞങ്ങളുടെ ഹാളിലേ ഈ പ്രശ്‌നമുണ്ടായിട്ടുള്ളു.

മൂ: സാരമില്ല. ഇക്കുറി ബാച്ച് ഫസ്റ്റ് മറ്റാർക്കെങ്കിലുമൊക്കെ കിട്ടട്ടെ. അത്യാവശ്യം എഴുതിയിട്ടുണ്ടല്ലോ.

എ: മോശമല്ലാത്ത മാർക്കു കിട്ടും. സങ്കടം അതല്ല. എല്ലാം നല്ലതുപോലെ അറിയാവുന്നതായിരുന്നു. ണ്ടുമണിക്കൂറേ സമയമുള്ളുവെന്നറിഞ്ഞിരുന്നെങ്കിൽ അതനുസരിച്ച് എല്ലാം എഴുതിത്തീർക്കാമായിരുന്നു.

മൂ: ഒരർഥത്തിൽ നന്നായി. രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോഴുള്ള അവസ്ഥയല്ല ഇപ്പോൾ. അതായത് വീട്ടിൽ നിന്നിറങ്ങിയപ്പോൾ പരീക്ഷയ്ക്കുശേഷം ഉണ്ടാവുമെന്നു പ്രതീക്ഷിച്ച അന്തരീക്ഷത്തിനു വിപരീതമായി. ഒരു ചെറിയ ചെവിക്കുപിടിയായി ഇതിനെ എളമിലാൻ കാണേണ്ട കാര്യമേ ഉള്ളു. കൃത്യമായ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ ഇത് താങ്കൾക്കും മറ്റുള്ളവർക്കും ഒഴിവാക്കാമായിരുന്നു. പക്ഷേ ആ ശ്രദ്ധയുടെ മേൽ ചെറിയൊരു പാട മൂടി. അതാണ് സംഭവിച്ചത്.

 

എ:അയ്യോ മൂപ്പരേ, ഞങ്ങളുടെ കുഴപ്പമേ അല്ല. ബോര്‍ഡിൽ അങ്ങിനെ എഴുതിയിട്ടിരുന്നു. പിന്നെ ചോദ്യപ്പേപ്പറിൽ തെളിഞ്ഞതുമില്ല.

മൂ: സംഗതി ശരി. ചോദ്യപ്പേപ്പറിൽ തെളിയാത്ത ഭാഗം എന്തെങ്കിലുമുണ്ടെങ്കിൽ ഹാളിൽ നിന്ന പരിശോധകൻ അഥവാ പരിശോധകയുടെ ശ്രദ്ധയിൽ പെടുത്തേണ്ടതല്ലേ. ചോദ്യപ്പേപ്പറിലുള്ള ഓരോ അക്ഷരവും നിങ്ങൾ വായിച്ചുനോക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നിങ്ങൾക്കുമറിയാം നിങ്ങൾക്കൊപ്പം പ്ലസ്ടുക്കാരും പരീക്ഷയെഴുതുന്നുണ്ടെന്ന്.ആ നിലയ്ക്ക് ബോര്‍ഡിൽ എഴുതിയിട്ടിരിക്കുന്നത് ആരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന അന്വേഷണം ആ ഹാളിൽ ഇരിക്കുന്നവരിൽ ഉണ്ടാകേണ്ടതാണ്. പിന്നെ ചോദ്യപ്പേപ്പറിൽ സമയത്തിന്റെ ഭാഗം തെളിഞ്ഞില്ലെങ്കിൽ അതെത്രയാണെന്ന് ഉറപ്പുവരുത്തേണ്ടത് വിദ്യാർഥിയുടെ അവശ്യം കടമയും ഉത്തരവാദിത്വവുമാണ്. അതുണ്ടായില്ല. താങ്കൾക്കുണ്ടാവേണ്ടതായിരുന്നു. പക്ഷേ ആ ഭാഗത്ത് ലേശം മൂടൽ വന്നുപോയി.

എ: മൂടലോ. അതെന്താ മൂപ്പരേ

മൂ: രാവിലെ, വീട്ടിൽ നിന്നിറങ്ങിയപ്പോൾ പഠിച്ചതും പരീക്ഷയും താഴേക്കുപോയി. മുകളിൽ മറ്റ് ചിലതായിരുന്നു.

എ: മനസ്സിലായില്ല. പരീക്ഷയുടെ ചിന്തയിലൊക്കെത്തന്നെയാ പോയത്.

മൂ: എന്നിരുന്നാലും ഇരുകൈയ്യും വീശി പരീക്ഷയ്ക്ക് സ്‌കൂളിൽ പോയപ്പോൾ ഒരു പ്രത്യേക രസം തോന്നിയിരിക്കണം. കാറിൽ കയറിയപ്പോൾ തന്നെ പിതാവ് ഒരു ചോദ്യത്തിലൂടെ താങ്കളെ അംഗീകരിക്കുമെന്നു കരുതി. അതുണ്ടാകാതായപ്പോൾ സ്‌കൂളിലെത്തി കാറിൽ നിന്നിറങ്ങിക്കൊണ്ട് സ്റ്റൈലിനെക്കുറിച്ച് ഓർമ്മിപ്പിച്ചു. അല്ലേ.

എ: ഉവ്വ്, സത്യം. ശരിക്കും ഞാൻ കാറിൽ നിന്നിറങ്ങി അതുപറഞ്ഞപ്പോൾ തന്നെ എനിക്കുതോന്നി മൂപ്പരേ.

 

മൂ: ഗ്രേറ്റ്. ഇതിലപ്പുറം എന്തുവേണം. ആ ഒരൊറ്റക്കാരണംകൊണ്ടുതന്നെ താങ്കൾ അവ്വിധം സ്‌കൂളിൽ പോയത് വളരെ ഫലവത്തായി. താങ്കളുടെ പ്രായമതല്ലേടോ. ഇമ്മാതിരി സംഗതികളൊക്കെ കുറച്ചു കാണിക്കും. അതിൽ നിന്നല്ലേ പഠിക്കേണ്ടത്. പഠിക്കുന്നവനല്ലേ സുഹൃത്തേ നല്ല വിദ്യാർഥി. മാർക്കിത്തിരി പോയാലെന്താ വലിയൊരു പാഠം പഠിച്ചില്ലേ. ഇനി ഏതു പരീക്ഷയെഴുതുമ്പോഴും ചോദ്യപ്പേപ്പറിലെ ആദ്യത്തെ അക്ഷരം മുതൽ വായിച്ചുനോക്കി സംശയം തീർക്കില്ലേ. ചോദ്യപ്പേപ്പറിലുള്ളതൊന്നും ശ്രദ്ധിക്കാതെ പോകാതിരിക്കാൻ ഇതിലും നല്ലൊരു പാഠം വേറേ ഏതാ. ശീലങ്ങളുടെ തടവറയിൽ നിന്നും പുറത്തുവരാന്‍ താങ്കൾക്കുള്ള ഒരാഹ്വാനവും ഇതിലുണ്ട്. എല്ലാത്തിനേയും എപ്പോഴും പുതുമയോടെ കാണണം. ലോകം എപ്പോഴും പുതുതായിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും. എന്നാൽ ചില ശീലം കൊണ്ട് നമ്മൾ ചില ധാരണകളും ചിന്തകളുമൊക്കെ ഉറപ്പിച്ചങ്ങ് വയ്ക്കും. പിന്നെ അതനുസരിച്ച് കാര്യങ്ങളിലേർപ്പെടും. അത്തരത്തിലുള്ള ധാരണകളെ ഉടയ്ക്കണം. നിങ്ങളിംഗ്ലീഷിൽ പറയാറില്ലേ ടേക്കൺ ഫോർ ഗ്രാന്റഡ്, കണ്ടീഷൻഡ് തോട്ട്‌സ് എന്നൊക്കെ. ഒന്നും  അങ്ങനെ വിചാരിച്ചു കളയരുത്. പച്ചയായി കാര്യങ്ങൾ മുൻപിലുള്ളപ്പോൾ എന്തിനാ വെറുതേ വിചാരിക്കുന്നത്. ഒറ്റ നിമിഷം, കിട്ടുന്ന ചോദ്യപ്പേപ്പറിന്റെ മുകളിലൂടെ ബോധപൂർവ്വമൊന്നു കണ്ണോടിച്ചാൽ കാണുന്ന കാര്യമല്ലേ ഉള്ളു. ആ ശീലം വരുമ്പോ, ഈ കരുതൽ പരിപാടിയെക്കുറിച്ചു കരുതലുണ്ടാകും. അല്ലെങ്കിൽ ജീവിതം തന്നെ കുട്ടിച്ചോറായിപ്പോകില്ലേ. ഞാൻ അയാളേക്കുറിച്ച് അങ്ങിനെ വിചാരിച്ചില്ല. എന്റെ വിചാരം ഇങ്ങനെയായിരുന്നു. ഞാൻ വിചാരിച്ചു… എന്നിങ്ങനെ. സംഗതികൾ കൂഴച്ചക്ക കുഴയുന്നതുപോലെ കുഴയും, നമ്മള് വിചാരിക്കുന്നപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ. ഇവിടെയും സംഭവിച്ചതെന്താ നിങ്ങൾ വിചാരിച്ചു മൂന്നു മണിക്കൂർ ഉണ്ടാവുമെന്ന്. ഈ വിചാരിക്കൽ രോഗം എന്തുമാതിരി പകർച്ചവ്യാധിയാണെന്നു കണ്ടോ. നിങ്ങളിൽ ഒരാൾക്കുപോലും വിചാരത്തിൽ നിന്ന് പുറത്തുവരാൻ കഴിയാതെപോയി. അതിനാൽ കൺമുന്നിൽ കാണുന്നത് എന്താണെന്ന് കണ്ണുതുറന്ന് നോക്കി അതനുസരിച്ച് മനസ്സിലാക്കുക. മനസ്സിലാക്കേണ്ട സന്ദർഭങ്ങളിൽ വിചാരിക്കലല്ല വേണ്ടത്. വിചാരിക്കൽ കഴിവും വേണ്ടതാണ്. എന്നാല്‍, വിചാരിക്കേണ്ടിടത്ത് വേണ്ടപോലെ വിചാരിക്കണമെങ്കിലും വിചാരിക്കൽ വിചാരിക്കേണ്ട സമയത്തുമാത്രം പ്രയോഗിച്ചു ശീലിക്കണം.

 

എ:അപ്പോള്‍ സംഗതി മോശമില്ല. എന്നിരുന്നാലും മാഷേ നെഞ്ചിലനുഭവപ്പെട്ട ഭാരം മാറുന്നില്ല. ഒരു വിഷമം ബാക്കിനിൽക്കുന്നപോലെ. പറഞ്ഞതൊക്കെ മനസ്സിലാവുന്നു. ഭാവിയിൽ ഉണ്ടാകുമായിരുന്ന വലിയ ഏതൊക്കെയോ അബദ്ധങ്ങളിൽ നിന്നൊക്കെ രക്ഷിക്കുന്ന  ലൈഫ്‌ബോയിയായി തോന്നുന്നുണ്ട്. എന്നാലും വിഷമം മാറുന്നില്ല.

മൂ: വെരി ഗുഡ്. അതാണ് വേണ്ടത്. അൽപ്പം വിഷമം കാണും. വിഷമം വന്നുവല്ലോ. വന്ന വിഷമം പോയേ മതിയാകൂ. വിരുന്നുവന്നയാൾ പോകാതെ ശരിയാകുമോ. വന്നയാൾ വന്നപോലെ പൊയ്‌ക്കൊള്ളട്ടെ. അതിഥികളെ സ്വീകരിക്കേണ്ടതെങ്ങിനെയാണെന്നറിയില്ലേ. വിഷമം വന്നുവെങ്കിൽ അത് താങ്കൾ അറിയുന്നു. അതിൽപ്പരം ഒന്നും ചെയ്യാനില്ല. വിഷമമാണെന്ന് അറിയുകയാണ്. വിഷമവും അറിവും. അതിൽ അറിവിന്റെ മുൻപിൽ പാവം വിഷമത്തിനു അധികനേരം പിടിച്ചുനിൽക്കാനാവില്ല .പിന്നെ, ഇതൊന്നും മാത്രമല്ല ഒരുപാട് പാഠങ്ങൾ ഇന്നത്തെ ഇരുകൈവീശൽ പോക്ക് തരുന്നുണ്ട്.

എ: അയ്യോ, ഇനിയുമുണ്ടോ.

മൂ: ഇതുവരെ പ്പറഞ്ഞത് കുച്ച് കുച്ച് കാര്യങ്ങളല്ലേ. അപ്രന്റീസ് കാലത്ത് പഠിക്കുന്നത് തന്നെ തെറ്റുകുറ്റങ്ങൾ വരുത്തിക്കൊണ്ടാണ്. അതുകൊണ്ടാണല്ലോ അപ്രന്റീസ് യുവാവാകുന്നത്. എന്തുകൊണ്ടാണ് കൈയ്യും വീശിപ്പോകാൻ തോന്നിയതെന്നറിയാമോ? താൻ മറ്റുള്ളവരിൽ നിന്ന് കേമനാണെന്നു കാണിക്കാൻ. മൂന്നാംകിട സിനിമാനായകന്റെ ഹീറോയിസപ്പരിപാടി. അതൊക്കെ സ്വാഭാവികം. എങ്കിലും താങ്കൾക്കതു ചേർന്നതല്ല. കാരണം മറ്റുള്ളവരെ സഹായിക്കുന്നതിലൊക്കെ വലിയ സന്തോഷം കണ്ടെത്താറില്ലെ. എതിർഹൗസിലെ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ വള്ളംതുഴയലൊക്കെ പരിശീലിപ്പിച്ചെന്ന് കഴിഞ്ഞദിവസം പറയുകയുണ്ടായല്ലോ. ആ നിലയ്ക്ക് താങ്കളുടെ കൈവീശിപ്പോക്ക് മറ്റുള്ളവരിൽ വെപ്രാളമുണ്ടാക്കും.

എ: വെപ്രാളമോ. അയ്യോ, അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചിരുന്നില്ല. വെറുതേ ഒരു രസം തോന്നി. അത്രതന്നെ. പിന്നെ പരീക്ഷയുടെ അന്ന്‍ സ്‌കൂളിൽപോയി വായിക്കുന്ന ശീലവുമെനിക്കില്ല.

മൂ: ഒക്കെ ശരി തന്നെ. ഇംഗ്ലീഷിൽ ഈഗോ എന്നുപറയുന്ന ചങ്ങാതിയില്ലേ. അത് ചങ്ങാതിതന്നെയാണ് കേട്ടോ. അതുകൊണ്ട് മൂപ്പരോട് ദേഷ്യമൊന്നും തോന്നരുത്. ആരോടും ദേഷ്യം തോന്നരുത്. അത് തോന്നുന്നവരുടെ കുഴപ്പം തന്നെയാ. അതായത് ഈ ഈഗോ ചങ്ങാതി നമ്മെക്കൊണ്ട് പലപ്പോഴും വല്ലാത്ത രൂപത്തിൽ കുരങ്ങുകളിപ്പിക്കാതെ നോക്കിയാ മതി. ഒന്നു ശ്രദ്ധിച്ചാൽ ആ കളിയങ്ങടങ്ങിക്കൊള്ളും. കൈയ്യുംവീശി വരുന്ന തന്നെ കണ്ട് മറ്റുള്ളവർ തന്നെക്കുറിച്ച് ധരിക്കുന്നത് എന്താവുമെന്ന് വിചാരിച്ച് ആ വിചാരത്തിൽ ഒരു സുഖം കണ്ടെത്തി സുഖിക്കലാണ് ഇതിന്റെ പിന്നിൽ. പക്ഷേ അതൊരു സുഖമല്ല. അതൊരു ഈഗോപാടയാണ്. ആ മൂടൽ പിടിച്ച പാടയാണ് വിചാരിപ്പിക്കലാശാൻ. സുഖമാണെന്ന് വിചാരിപ്പിച്ച് അവിടെത്തന്നെ പിടിച്ചുനിർത്തും. ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യാൻ വിചാരിക്കലാശാനെ ഏൽപ്പിച്ച്. അപ്പോ വിചാരിക്കലും സുഖമായിത്തോന്നും. ആ പാടമാറിയാലേ ശ്രദ്ധ തെളിഞ്ഞുവരികയുള്ളു. മുഖം നോക്കുന്ന കണ്ണാടിയുടെ പുറത്തു ചിലപ്പോൾ കാണുന്ന മൂടൽ പോലെ. അപ്പോള്‍ നമ്മളെല്ലാം മറന്നു പോകും. കണ്ടില്ലേ, അറിയാവുന്ന ചോദ്യങ്ങളായിട്ടും ഉത്തരം എഴുതിത്തീർക്കാൻ കഴിയാതെ പോയി.

 

എ: മൂപ്പരേ, തെളിച്ചുപറഞ്ഞോളൂ, ഞാൻ കാണിച്ചത് അഹങ്കാരമായിപ്പോയെന്ന്.

മൂ: സംഗതി അതുതന്നെയാണ്.അഹങ്കാരപ്രയോഗം സാധാരണ രീതിയിൽ നോക്കിയാലും അല്ലാതെ നോക്കിയാലും അതുതന്നെ. എന്നിരുന്നാലും ഈ പ്രായത്തിലിതത്ര വലിയ അഹങ്കാരമൊന്നുമല്ലിഷ്ടാ. ഒന്നു പൊറുത്തുകൊടുക്ക്. നമ്മൾ നമ്മളോടു തന്നെ ഇങ്ങനെ വല്ലപ്പോഴുമൊക്കെ പൊറുത്തുശീലിക്കണം. എങ്കിലേ മറ്റുള്ളവരുടെയടുത്തൊക്കെ പൊറുക്കാൻ കഴിയൂ. അതവിടെ നിൽക്കട്ടെ. താങ്കൾ കൈയ്യും വീശിപ്പോയപ്പോഴുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഗതി ഒന്നുണ്ട്. താങ്കൾ സുഹൃത്തുക്കൾക്കും നല്ല വിജയമുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്. ശ്രദ്ധിച്ചില്ലേ ചില കുട്ടികൾ സ്‌കൂളിലേക്ക് വായിച്ചുകൊണ്ട് നടന്നുവന്നത്. അതു ശരിയായ രീതിയല്ല. അവർ പഠിച്ചതുകൂടി അടുക്കിന് ഓർത്തെടുക്കാൻ ബുദ്ധിമുട്ടിയെന്നിരിക്കും. പഠിച്ചുതീർത്തില്ല എന്ന തോന്നലിൽ നിന്നാണ് നടന്നുവായന വരുന്നത്. അല്ലെങ്കിൽ പഠിച്ചത് ഓർമ്മനിൽക്കുന്നല്ല എന്ന തോന്നലിൽ. രണ്ടായാലും ആരോഗ്യലക്ഷണമല്ല അത്. അങ്ങിനെയുള്ളവർ താങ്കൾ രണ്ടുകൈയ്യും വീശി നടന്നുവരുന്നതുകാണുമ്പോൾ അവരുടെ വയറ്റിൽ വെപ്രാളം അനുഭവപ്പെടും. അവർ അവരെ താങ്കളുമായി താരതമ്യപ്പെടുത്തും. പഠിച്ചുതീരാത്തവർ പഠിച്ചുകഴിഞ്ഞവരെ കാണുമ്പോൾ ഉണ്ടാവുന്ന ഒരുതരം സംഭ്രമം. അപ്പോൾ അവർ പഠിച്ചതുകൂടി കീഴ്‌മേൽ മറിഞ്ഞ് മനസ്സിന്റെ ശാന്തത നഷ്ടമാകും. അതവരുടെ ഉത്തരമെഴുത്തിനെ ദോഷമായി ബാധിക്കും. അറിയാവുന്നതുകൂടി എഴുതാൻ പറ്റാത്ത അവസ്ഥവരും. മറ്റുള്ളവരിൽ സംഭ്രമം ജനിപ്പിക്കുന്ന ഒരു രീതിയിലും നാം പെരുമാറരുതെന്നും ഈ കൈവീശൽ എപ്പിസോഡ് പഠിപ്പിക്കുന്നുണ്ട്. ഇനിയും എത്രയോ അധ്യായങ്ങൾ ഇതിൽ നിന്നും വായിച്ചെടുക്കാം. അതിനാൽ ഇത് താങ്കളുടെ ജീവിതത്തിലെ മനോഹരമായ ഒരു ലൈറ്റ് ഹൗസ് ആകട്ടെ.

 

എ: വളരെ നന്ദി മൂപ്പരെ. ഇപ്പോൾ വിഷമം തീർത്തും പോയില്ലെങ്കിലും കുറവുവരുന്നുണ്ട്.

മൂ: വളരെ സന്തോഷം അപ്രന്റീസ് യുവാവെ.