മുന്‍ കേന്ദ്രടെലികോം മന്ത്രി ദയാനിധിമാരനെതിരെ സി.ബി.ഐ കേസെടുത്തു. ടെലികോം മന്ത്രിയായിരിക്കെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ടി.വി ചാനലിനായി അനധികൃതമായി 300 ഹൈസ്പീഡ് ടെലിഫോണ്‍ ലൈനുകള്‍ അനുവദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ കേസ്സെടുത്തിട്ടുള്ളത്. ബി.എസ്.എൻ.എൽ മുൻ ചീഫ് ജനറൽ മാനേജർ ബ്രഹ്മാനന്ദൻ, ഉദ്യോഗസ്ഥനായ എം.പി. വേലു സ്വാമി എന്നിവരാണ് കേസിലെ മറ്റു രണ്ടു പ്രതികൾ. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
തന്റെ വീട്ടില്‍ നിന്നും മാരന് അനധികൃതമായി ഫോണ്‍ ലൈനുകള്‍ സഹോദരന് കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയ്ക്ക് നല്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് 2011 ലാണ് സി.ബി.ഐ കേസ് അന്വേഷണം ആരംഭിയ്ക്കുന്നത്. ജൂലൈയില്‍ കേസിന്റെ പ്രാഥമിക അന്വേഷണം സി.ബി.ഐ പൂര്‍ത്തിയാക്കിയിരുന്നു. ടെലികോം മന്ത്രിയായിരുന്ന സമയത്താണ് ദയാനിധിമാരന് ഫോണ്‍ലൈനുകള്‍ അനധികൃതമായി നല്‍കിയത്.
വന്‍ചെലവുള്ള ഐ.എസ്.ഡി.എന്‍. ലൈനുകളാണ് ഇതിനായി ദുരുപയോഗം ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ ഇവ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ വന്‍തുക ഫീസായി നല്‍കണം. എന്നാല്‍ അതിരഹസ്യമായാണ് സണ്‍ ടി.വി. ഓഫീസിലേക്ക് ലൈനുകള്‍ വലിച്ചത്.