പാപ്പ വിട പറയുമ്പോൾ അവശേഷിക്കുന്നത് മോചനത്തിൻ്റെ രശ്മികൾ

ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലേക്ക് മറയുമ്പോൾ അവശേഷിക്കുക അദ്ദേഹം പരത്തിയ, പരത്താൻ ശ്രമിച്ച വെളിച്ചമാണ്. ഇക്കഴിഞ്ഞ പവിത്ര വെള്ളി( ഗുഡ് ഫ്രൈഡേ) ദിനത്തിൽ മാർപ്പാപ്പ റോമിലെ ജയിലിലെത്തി തടവുകാരെ കണ്ടു. ഡോക്ടർമാരുടെ നിർദ്ദേശത്തെ അവഗണിച്ചാണ് പാപ്പ തടവുകാരെ കണ്ടത്. അദ്ദേഹത്തിന് സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നിട്ടും വർത്തമാന ലോകത്തിന് ഒരു സന്ദേശം കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാപ്പ അവസാനത്തെ പവിത്ര വെള്ളി ഈ വിധം വിനിയോഗിച്ചത്.
ജയിലിലെത്തിയപ്പോൾ പാപ്പ എല്ലാവരേയും കണ്ടു. എന്നാൽ ഓരോ തടവുകാർക്കും അത് വ്യക്തിപരമായ അനുഭവമായി മാറിക്കാണും.
. അബോധതലത്തിൽ ചെയ്ത അറിവില്ലായ്മയിൽ ചെയ്ത കുറ്റമാണ് ഓരോരുത്തരെയും അവിടെ എത്തിച്ചത്. ഇന്ന് ലോകം പെട്ടുകിടക്കുന്നതും അത്തരത്തിലുള്ള വിവിധ തടവറകളിലാണ്. ആ തടവറകളിൽ നിന്ന് പുറത്തുവരൂ എന്ന സന്ദേശമാണ് പാപ്പ തൻ്റെ ജയിൽ സന്ദർശനത്തിലൂടെ ലോകത്തിന് നൽകിയത്.
കത്തോലിക്കാ സഭ അകപ്പെട്ടു കിടന്ന ഏറ്റവും വലിയ തടവറയായിരുന്നു വിശ്വാസികൾ മരണശേഷം സ്വർഗ്ഗത്തിലേക്കു യാത്ര ചെയ്യുമെന്നത് . നിഷ്കരുണം പാപ്പ ആ തടവറയെ ഭേദിച്ചു. സ്വർഗ്ഗം ഇവിടെ ഈ ഭൂമിയിൽ ജീവിക്കുമ്പോഴാണുള്ളതെന്ന് അദ്ദേഹം സംശയരഹിതേനെ അനുയായികളോട് പറഞ്ഞു. നരകവും സ്വർഗ്ഗവും ഇവിടെ സൃഷ്ടിക്കുന്നത് നമ്മൾ മനുഷ്യരാണെന്നും പാപ്പ ഉച്ചത്തിൽ നമ്മെ ഓർമ്മിപ്പിച്ചു.
അതുപോലെ അവസാന നാളുകളിൽ പാപ്പ ഏകദൈവ ബോധ്യവും മുന്നോട്ടു വച്ചു. എന്നാൽ സഭ അദ്ദേഹമുദ്ദേശിച്ചത് ഇന്നതാണെന്ന് പറഞ്ഞ് വിശദീകരണമിറക്കി സഭയുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു. ഇത്തരത്തിൽ സഭയെ പലപ്പോഴും പരമ്പരാഗത ചാലിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ ഓരോ ചലനത്തിലും നോട്ടത്തിലും വാക്കിലും പാപ്പ പരിശ്രമിച്ചു. അത്തരം വെളിച്ചം അവശേഷിപ്പിച്ചാണ് പാപ്പ യാത്രയാകുന്നത്. ഇത്തരത്തിൽ ഉള്ളിൽ വെളിച്ചം നിറഞ്ഞ, അത് പുറത്തേക്ക് പരത്താൻ ശ്രമിച്ച ഒരു ലോകനേതാവ് ഇപ്പോഴവശേഷിക്കുന്നില്ല എന്നത് വർത്തമാനകാല യാഥാർത്ഥ്യം.