Skip to main content

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടിരുന്നു. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചുള്ളതാണെന്നും കൊണ്ടു വരാനുള്ള സാഹചര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സി.പി.ഐയുടേയും പ്രതിപക്ഷത്തിന്റേയും ബി.ജെ.പിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടി ആണ്.

നേരത്തെ ലോകായുക്ത അഴിമതിക്കേസില്‍ ഉത്തരവിട്ടാല്‍ അത് കൈമാറേണ്ടത് ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍ എന്നിവര്‍ക്കാണ്. 1999ലെ ലോകായുതക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി അതേപടി അംഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കണം. ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായതോടെ ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതായത്. ഇനി വിധി വന്ന് മൂന്നുമാസത്തിനുള്ളില്‍ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സര്‍ക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം.