Skip to main content

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കെ.എം മാണിയെ അധിക്ഷേപിച്ചതില്‍ ജോസ് കെ മാണി രാഷ്ട്രീയ നിലപാടെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ജോസിന് ഇനി എങ്ങനെ എല്‍.ഡി.എഫില്‍ തുടരാനാവുമെന്നും വിഡി സതീശന്‍ ചോദിച്ചു. കെ.എം മാണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചുള്ള പരാമര്‍ങ്ങള്‍ സിപിഐഎം നേതാക്കള്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഇതില്‍ പരസ്യമായി മാപ്പു പറയാന്‍ നേതൃത്വം തയ്യാറാണോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് കെ.എം മാണി, അദ്ദേഹത്തിന്റെ കുടുംബവും വലിയ അഴിമതിക്കാരാണ്, കൈക്കൂലിപ്പണം എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തതു കൊണ്ട് ആ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ സൂക്ഷിച്ചിട്ടുണ്ട്. എന്ന് പറഞ്ഞത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന നേതാക്കളാണ്. ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാണോ എന്നും വി.ഡി സതീശന്‍ ചോദിച്ചു. കെ.എം മാണിയെ വീണ്ടും ക്രൂശിക്കാനമുള്ള നീക്കമാണിതെന്നും ഗൗരവമായി കാണുന്നെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

കോടതിയില്‍ കെ.എം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്നും, പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് സി.പി.ഐ.എം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത് എന്നായിരുന്നു വിജയന്‍ രാഘവന്‍ പറഞ്ഞത്.

Tags