Skip to main content

കേരളത്തിന്റെ വികസന സങ്കല്‍പങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയാസൂത്രണം. 1996 ലാണ് ജനകീയാസൂത്രണം നടപ്പില്‍ വന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആ പദ്ധതിക്കിപ്പോള്‍ 25 വയസ്സാകുന്നു. എന്താണ് ജനകീയാസൂത്രണത്തിന്റെ നിലവിലെ അവസ്ഥ? വിഭാവനം ചെയ്തതുപോലെ തന്നെ നടപ്പിലായോ?എവിടെയൊക്കെയാണ് പോരായ്മകള്‍ സംഭവിച്ചത് ?ജനകീയാസൂത്രണത്തിന്റെ ഭാവി എന്ത് ?

കേരളം മറ്റൊരു തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടുന്ന  പശ്ചാത്തലത്തില്‍ കൂടി ഈ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനും മുന്‍ ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാനുമായ എസ്.എം വിജയാനന്ദ് ഐ.എ.എസ് സംസാരിക്കുന്നു.

 ഭാഗം 2

1. ഗ്രാമസഭകളിലെ അല്ലെങ്കില്‍ വാര്‍ഡ് സഭകളിലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാന്‍ എന്താണ്  പോംവഴി?

ഒഴിവാക്കുന്നത് നമ്മുടെ കേരളത്തെ സംഭവിച്ചോളം അത്ര എളുപ്പമല്ല. പക്ഷെ വിഭാവന ചെയ്യരുത്. ഇ.എം.എസ് പറഞ്ഞത് ജയിച്ചവനും തോറ്റവനും ഒന്നിച്ച് വികസനെ കൊണ്ടുവരുന്നതാണ് ജനകീയാസൂത്രണം എന്ന് പറയുന്നത്. ഇലക്ഷന്‍ വരെയുള്ളൂ സ്പര്‍ദ്ദ. അത് കഴിഞ്ഞ് വേണ്ടത് കൂട്ടായ്മയാണ്. അതാണ് സങ്കല്‍പ്പം. ഇവിടെ കുടുംബശ്രീ ഉണ്ട്. കേരളത്തിന്റെ അമ്പത് ശതമാനത്തോളം കുടുംബങ്ങള്‍ കുടുംബശ്രീയിലുണ്ട്. സ്ത്രീകളാണ്. അവര്‍ക്ക് പറയാനും ചര്‍ച്ച ചെയ്യാനും അറിയാം. രാഷ്ട്രീയം ഉണ്ടെങ്കിലും ഒരു വിദ്വേഷ രാഷ്ട്രീയം അവിടെ ഇല്ല. ഒരു പൊതുനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുക എന്നതാണ്. പിന്നെയും ഒരുപാട് സംഘടനകളുണ്ട്. ഇവരെല്ലാം ഗ്രാമസഭകളില്‍ വന്നാല്‍ ഇപ്പോ പറഞ്ഞത് പോലെയുള്ള വെറും രാഷ്ട്രീയ ചര്‍ച്ചയായി മാറില്ല. ഇന്ന് വരുന്നത് ഒരു മെമ്പറിന്റെ കുറച്ച് പേര്, പിന്നെ എതിര്‍ക്കാനായി വരുന്ന കുറച്ച് പേര്. അങ്ങനെ അല്ലാതെ നമ്മുടെ കര്‍ത്തവ്യം എന്താണ്, ഗ്രാമസഭ കഴിഞ്ഞതിന് ശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുണ്ട് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കണം. അങ്ങനെയുള്ള കാര്യങ്ങള്‍ വന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കാന്‍ കഴിയും. 

2. സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും  അത് ഭരണ കാര്യത്തില്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ട് ?

ശരിയാണ്. കേരളത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സ്ത്രീശാക്തീകരണം വന്നിട്ടില്ല. പക്ഷെ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് താനും. മറ്റുള്ള സംസ്ഥാനങ്ങളില്‍ പല സ്ഥലങ്ങളിലും ഭര്‍ത്താവാണ് പഞ്ചായത്ത് മീറ്റിങിന് പോലും വരുന്നത്. കേരളത്തില്‍ അതില്ല. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അറിയാം. കുറച്ചൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ നിയന്ത്രിക്കുന്നുണ്ട്. അതില്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷെ ഒരുകാര്യം ഞാന്‍ കണ്ടത് ഈ പ്രവര്‍ത്തന ശക്തി കൂടി വരുന്നുണ്ട്. രണ്ടാമത്തെ തവണയും ജയിക്കുകയാണെങ്കില്‍ അവരില്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇതില്‍ പോസിറ്റീവായി കാണുന്ന ഒരു കാര്യം കുടുംബശ്രീയിലെ ഒരുപാട് വനിതകള്‍ പഞ്ചായത്ത് ഇലക്ഷനില്‍ മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ വനിതാ സംവരണത്തില്‍ 62ശതമാനം കുടുംബശ്രീയില്‍ ഉള്ളവരായിരുന്നു. അതില്‍ രസകരമായിട്ടുള്ള ഒരു കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അവരുണ്ട്. ഇത് സ്ത്രീശാക്തീകരണത്തിന് വലിയ ഒരു കാര്യമാണ്. 

3. അധികാരം താഴെ തട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ സാമ്പത്തിക അധികാരത്തിന്റെ കാര്യം മറിച്ചല്ലേ?

സാമ്പത്തികമായി നമ്മള്‍ താഴോട്ട് കൊടുക്കുന്നതില്‍ കുറച്ച് ഏറ്റക്കുറച്ചിലൊക്കെ വന്നിട്ടുണ്ടെങ്കിലും അതിലൊരു ഉറപ്പുണ്ട്. കേരളം കഴിഞ്ഞ വര്‍ഷം 3000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ചിലവാക്കിയത്. അതില്‍ സംസ്ഥാനത്തിന്റെ ഷെയര്‍ ഒരു 600 കോടിയൊക്കെയുണ്ട്. ഇത് കൊടുക്കുന്ന 30ശതമാനത്തില്‍ കണക്ക് കൂട്ടാറില്ല. അതും കൂടി കൂട്ടിയാല്‍ നല്ലൊരു തുക അവിടെ കിട്ടുന്നത്. 25 വര്‍ഷത്തിനിടെ കേരളത്തില്‍ എത്ര സര്‍ക്കാര്‍ മാറിമാറി വന്നിട്ടുണ്ട്. അത് കുറയ്ക്കണമെന്ന ഒരു അജണ്ടയൊന്നും പരസ്യമായിട്ടും രഹസ്യമായിട്ടും ആര്‍ക്കും ഉണ്ടായിട്ടില്ല. ഒരു ഉറപ്പ് അവിടെയുണ്ട്. പക്ഷെ ഇന്ന് കൂടുതല്‍ പ്രാധാന്യം വരുന്നത് അതിനെ ഫലപ്രദമായിട്ട് ഉപയോഗിക്കുക എന്നുള്ളതാണ്. നല്ലൊരു ടെക്‌നോളജി ഉപയോഗിക്കുകയാണെങ്കില്‍ നല്ല രീതിയില്‍ ലാഭം ഉണ്ടാകും. ജനങ്ങള്‍ക്ക് ആവശ്യമുള്ള നല്ല വര്‍ക്കുകള്‍ ചെയ്താല്‍ നല്ല രീതിയില്‍ ലാഭം ഉണ്ടാകും. പ്രാദേശിക വിഭവ സമാഹരണം ജനകീയാസൂത്രണം തുടങ്ങിയപ്പോള്‍ നല്ല പഞ്ചായത്തില്‍ 20 ശതമാനം വരെ ജനങ്ങളില്‍ നിന്ന് വിഭവം സമാഹരിച്ച പഞ്ചായത്തുകളുണ്ട്. നമ്മള്‍ മനസ്സില്‍ കണ്ടത് 10 ശതമാനം ആയിരിക്കും. ആ രീതിയിലുള്ള ജനകീയ സംഭാവനകള്‍ക്ക് സാധ്യതകളുണ്ട്.

എന്റെ ഒരു വ്യക്തിപരമായ കാഴ്ചപ്പാടില്‍ വളരെ എളുപ്പം വിട്ടുപോയ ടാക്‌സിനെ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഒരുപക്ഷെ നമുക്ക് 1000 കോടി ആരെയും ബുദ്ധിമുട്ടിക്കാതെ സമാഹരിക്കാന്‍ സാധിക്കും. 

4. തനത് ഫണ്ട് വികസിപ്പിക്കുന്നതിനായി അധിക നികുതി ചുമത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാവുന്നതല്ലേ?

ഇത് ധനകാര്യ കമ്മീഷന്‍ പരിശോധിക്കുന്ന ഒരു വിഷയമാണ്. ഇപ്പോള്‍ കൊവിഡ് കാരണം ആദ്യത്തെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാനുള്ള സാധ്യത കുറവാണ്. ഞങ്ങള്‍ പഞ്ചായത്ത് അസോസിയേഷനുകളുമായി ചര്‍ച്ച നടത്തി. ഇതില്‍ വന്ന ഒരു പ്രധാന നിര്‍ദേശം ഇതാണ്. ടാക്‌സ്, മൈനര്‍ മിനറല്‍സിന് റോയല്‍റ്റി അവര്‍ക്ക് കൊടുക്കണം എന്നുള്ള നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ കുടിവെള്ളം എടുക്കുന്നതിന് ടാക്‌സെന്ന് പറയുന്നത് ശരിയല്ല. കാരണം വെള്ളം എന്ന് പറയുന്നത് ഒരു പ്രദേശത്തിന്റെ സ്വത്തല്ല. 

5. ഉത്പാദന മേഖലയ്ക്കാണ് ഇപ്പോള്‍ പഞ്ചായത്തുകള്‍ ഊന്നല്‍ കൊടുക്കുന്നത്? അത് ഫലം ചെയ്തിട്ടുമുണ്ട്, എന്നാല്‍ വിപണനം ഒരു വെല്ലുവിളിയായി തുടരുകയല്ലേ?

ഒരു വിലിയ സാധ്യത അതിലുണ്ട്. നമുക്ക് പഠിക്കാവുന്നത് പാലിന്റെ കാര്യത്തില്‍ ആനന്ദ് ചെയ്തതാണ്. ഇപ്പോള്‍ ഒരു പുതിയ സംവിധാനം പലയിടത്തും വരുന്നുണ്ട്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍, അത് കേരളത്തില്‍ ഇപ്പോഴും വന്നിട്ടില്ല. പിന്നെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍. ഗ്രൂപ്പ് ഫാമിങില്‍ നിന്നുള്ള ഒരു ഭാഗം. കുടുംബശ്രീയില്‍ നിന്നുള്ള ഒരു ഭാഗം. പിന്നെ മില്‍മയില്‍ നിന്നുള്ള ഒരു ഭാഗം. പിന്നെ ഒരു സങ്കല്‍പ്പം പറയുന്നത് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഗ്രൂപ്പ്. ഗ്രൂപ്പ് ഒരുമിച്ച് സംഘടിപ്പിച്ച് ചെയ്യാം. മാര്‍ക്കറ്റിങിലും ഒരു ഗ്രൂപ്പ് ഒരുമിച്ച് ചെയ്യാം. മിക്ക കാര്‍ഷിക വിളകള്‍ക്കും ലോക്കല്‍ മാര്‍ക്കറ്റിംങില്‍ വളരെ വലിയ സാധ്യതകളുണ്ട്. അതിന് ജില്ലാ പഞ്ചായത്തിനൊക്കെ വളരെ വലിയ റോളുണ്ട്. ചില ബ്ലോക്ക് പഞ്ചായത്തുകളിലൊക്കെ ചെറിയ റോളില്‍ ആളുകള്‍ ഇത് ചെയ്യുന്നുണ്ട്. എന്റെ ഒരു അഭിപ്രായത്തില്‍ ഇലക്ഷന്‍ കഴിഞ്ഞിട്ട് ഇങ്ങനെ ചെയ്തവരെയൊക്കെ ഒന്ന് വിളിച്ചിട്ട് എങ്ങനെ കര്‍ഷക വിളകളുടെ മാര്‍ക്കറ്റിംഗ് പഞ്ചായത്തുകള്‍ക്ക് സഹായിക്കാന്‍ കഴിയുന്നത് എന്ന് ചോദിച്ച് ചെയ്യാന്‍ കഴിയും. ഇന്ന് ഇലക്ട്രോണിക് ലിങ്കേജസ് ഉപയോഗിച്ച് എവിടെയാണ് സാധനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യകത എന്ന് അറിഞ്ഞ് ചെയ്യാന്‍ സാധിക്കും.

 


Part 1 മെമ്പര്‍മാര്‍ക്ക് പോലും അറിയില്ല പഞ്ചായത്തിന്റെ 'പവര്‍'


Ad Image