കേരളത്തിന്റെ വികസന സങ്കല്പങ്ങളില് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആവിഷ്കരിച്ച പദ്ധതിയാണ് ജനകീയാസൂത്രണം. 1996 ലാണ് ജനകീയാസൂത്രണം നടപ്പില്‍ വന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആ പദ്ധതിക്കിപ്പോള്‍ 25 വയസ്സാകുന്നു. എന്താണ് ജനകീയാസൂത്രണത്തിന്റെ നിലവിലെ അവസ്ഥ? വിഭാവനം ചെയ്തതുപോലെ തന്നെ നടപ്പിലായോ?എവിടെയൊക്കെയാണ് പോരായ്മകള്‍ സംഭവിച്ചത് ?ജനകീയാസൂത്രണത്തിന്റെ ഭാവി എന്ത് ?
കേരളം മറ്റൊരു തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചാത്തലത്തില്‍ കൂടി
ഈ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനും മുന്‍ ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന ധനകാര്യ കമ്മീഷന് ചെയര്‍മാനുമായ എസ്.എം വിജയാനന്ദ് ഐ.എ.എസ് സംസാരിക്കുന്നു.
1. ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ചിട്ട് 25 വര്‍ഷമാകുന്നു, പ്രാദേശിക സര്‍ക്കാരുകളായിട്ടാണ് ത്രിതല പഞ്ചായത്തുകളെ അന്ന് വിവക്ഷിച്ചിരുന്നത്, ആ ഒരു സങ്കല്പം പൂര്‍ണമായും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
ജനകീയാസൂത്രണം തുടങ്ങുമ്പോള്‍ കണ്ടിരുന്ന സ്വപ്നമനുസരിച്ച് സാക്ഷാല്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാലും അടുത്ത രണ്ട്, മൂന്ന് വര്‍ഷത്തില്‍ യാദൃശ്ചികമായിട്ടുണ്ടായ ചില കാര്യങ്ങളുമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനുകള്‍ നല്ല രീതിയില്‍ രൂപാന്തപ്പെട്ട് കഴിഞ്ഞു. ഒന്ന് 2018ലെ പ്രളയമാണ്. അത് ആരും പറയാതെ അധികാരം നോക്കാതെ തന്നെ ആദ്യം പ്രതിരോധിച്ചത് പഞ്ചായത്തുകളാണ്. നന്നായിട്ട് പ്രതിരോധിച്ചു. കൊവിഡ് വന്നപ്പോള്‍ ഒരുപക്ഷെ കേരള മോഡലിന്റെ സവിശേഷത എന്ന് പറയുന്നത് പഞ്ചായത്തുകളുടെ പ്രവര്‍ത്തനമാണ്. അവര്‍ക്ക് അധികാരം ഇല്ലാത്ത മേഖലയെ പോലും അവര്‍ക്ക് ഏകോപിപ്പിക്കാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് നാല് മാസം എന്തും സംഭവിക്കാവുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ പിടിച്ചു നിന്നു. പ്രത്യേകിച്ച് പട്ടിണി, മറുനാടന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അത് കഴിഞ്ഞ് വന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റേര്‍സ് ക്വാറന്റൈന്, റിവേഴ്സ് ക്വാറന്റൈന്, വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് മരുന്ന് എത്തിക്കല്‍, തനിച്ച് താമസിക്കുന്നവര്‍ക്ക് ധൈര്യം കൊടുത്തു. നമ്മുടെ പഞ്ചായത്തില്‍ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാന്‍ ഒരാളുണ്ട് എന്നുള്ളത് ഒരു വലിയ ധൈര്യം തന്നെയാണ്. അത് കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണ്. എന്നിട്ടും ഒരു ഭീതി ഉണ്ടാക്കാത്തത് ഈ ഒരു കരുതല്‍ തന്നെയാണ്. ആ ഒരു കാര്യത്തില്‍ പ്രാദേശിക സര്ക്കാരുകളായിട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. കൊവിഡ് കാലം കഴിഞ്ഞ് ഈ ഒരു കരുതല്‍ തുടര്‍ന്ന് കൊണ്ടു പോകുക എന്നുള്ളത് ഒരു പ്രധാന കാര്യം തന്നെയാണ്.
2. ജില്ലാ ഭരണകൂടം മുകളിലും പഞ്ചായത്ത് സംവിധാനങ്ങള്‍ അതിന് താഴെയും എന്ന കാഴ്ചപ്പാടിലാണ് ഇപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്, യഥാര്‍ത്ഥത്തില്‍ അതാണോ വിഭാവനം ചെയ്തിരുന്നത് ?
ഭരണഘടന പറയുന്നത് വികസനമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുള്ളത്. റെഗുലേറ്ററി അധികാരം കളക്ടര്‍ക്കാണുള്ളത്. വികസനാധികാരം ഇപ്പോള്‍ കൂടുതലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഞാന്‍ കളക്ടറായിരുന്ന സമയത്തുള്ള വികസനാധികാരത്തിന്റെ പത്തില്‍ ഒന്ന് പോലും ഇപ്പോഴില്ല. അതില്‍ കൂടുതലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി മാറിയിട്ടുണ്ട്. പക്ഷെ ജനങ്ങളുടെ സങ്കല്‍പ്പത്തില്‍ ജില്ലാ ഭരണം എന്ന് പറയുന്നത് ഇപ്പോഴും കളക്ടറില്‍ നിക്ഷിപ്തമാണ് എന്ന തോന്നലുണ്ട്. ഞാന്‍ കളക്ടറായിരുന്ന സമയത്താണ് ജില്ലാ കൗണ്‍സില്‍ വരുന്നത്. ജില്ലാ കൗണ്‍സില്‍ വന്നപ്പോള്‍ ജനങ്ങള്‍ അത് അംഗീകരിച്ചിരുന്നു. ഇന്ന് ജില്ലാ പഞ്ചായത്തിന് ആ ഒരു അംഗീകാരം ഇല്ല.
3. തുടക്കത്തില്‍ പറഞ്ഞിരുന്നത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സെക്രട്ടറിയായി ഐ.എ.എസ് ഉദ്യോസ്ഥരായിരിക്കും വരിക എന്നാണ്, പക്ഷേ എന്തുകൊണ്ടാണത് നടപ്പിലാകാതെ പോയത്?
ജില്ലാ പഞ്ചായത്ത് ഒരു 80ശതമാനം സ്ഥലത്തെയുള്ളൂ. 78 ശതമാനമാണ് ഗ്രാമപ്രദേശങ്ങള്‍. ബാക്കി ഉള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യമില്ല. അതേ സമയം ജില്ലാ കൗണ്‍സലിന് നഗരവും ഗ്രാമപ്രദേശങ്ങളും കൂടി ചേര്‍ന്നതാണ്. ഇതാണ് ഒരു പഞ്ചായത്ത് സ്ഥാപനത്തിനെ ഒരു ഗ്രാമീണ സ്ഥാപനം മാത്രമായി മാറ്റിയതിന്റെ ഒരു കാരണം. പ്രോട്ടോക്കോളില്‍ ഇപ്പോഴും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തുല്യതയുണ്ട്. കളക്ടര്‍ അതിലും താഴെയാണ്.
4. അങ്ങനെ സംഭവിച്ചതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കില്ലേ, കാരണം കളക്ടര്‍ക്ക് അമിത വാര്‍ത്താ പ്രാധാന്യം നല്‍കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിലേക്ക് ശ്രദ്ധകൊടുക്കാതെ ഇരിക്കുന്ന സാഹചര്യവും നിലവിലില്ലേ?
അതും ഒരു പ്രധാന ഘടകമാണ്. ശ്രീ മണിശങ്കര്‍ അയ്യര്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആയിരുന്നപ്പോള്‍ ദേശീയ മീഡിയയെ അദ്ദേഹം ചാലഞ്ച് ചെയ്തു. ഇന്ത്യയില്‍ ഏകദേശം രണ്ടരലക്ഷത്തോളം പഞ്ചായത്തുകളുണ്ട് 30 ലക്ഷത്തോളം ജനപ്രതിനിധികളുണ്ട്. ഇവരെ പറ്റി ഒരിക്കല്‍പ്പോലും പറയുന്നില്ല. ബാക്കിയുള്ള കാര്യങ്ങളെല്ലാം പറയുന്നുണ്ട്. എന്നദ്ദേഹം ഒരു വിമര്ശനമായിട്ട് പറയുകയും ചെയ്തു. കേരളത്തിലും ഇത് ശരിയാണ്. ഇടയ്ക്ക് കില ഒരു ശ്രമം നടത്തി. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട മീഡിയയിലെയും ഡെവലപ്പ്മെന്റ് ജേണലിസ്റ്റിന് എന്താണ് പഞ്ചായത്ത് രാജ് എന്ന് വിശദമായിട്ട് പഠിപ്പിച്ച് കൊടുക്കുക. അത് ഇനിയും ചെയ്യേണ്ടത് ആവശ്യമാണ്. കാരണം കേരളത്തിലെ വികസനത്തിന്റെ മൂന്നിലൊന്ന് ഫണ്ട് ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ചെയ്യുന്നത്. കാര്‍ഷിക മേഖലയിലും വളരെ വലിയ റോളാണുള്ളത്. 2018ന് ശേഷം എല്ലാവര്ക്കും വന്നിട്ടുള്ള ഒരറിവ് പരിസ്ഥിതി പ്രശ്നങ്ങള്‍ ഇനി കേരളം നേരിടാന്‍ പോകുന്നു എന്നുള്ളതാണ്. ആ പ്രശ്നം നേരിടാന്‍ പ്രാദേശികതലത്തിലെ പറ്റുള്ളു. അവിടെ നിന്ന് തൊട്ട് നിയന്ത്രിച്ചെ മുകളിലേക്ക് പോകാന്‍ പറ്റുള്ളൂ. അങ്ങനെ വരുമ്പോള്‍ അവരുടെ റോള്‍ വലുതായി വരികയാണ്.
ഇന്ന് എല്ലാ പത്രങ്ങളിലും പ്രാദേശിക വാര്‍ത്തകള്‍ കൊടുക്കുന്നതിനായി ഒരു പേജ് ഉണ്ട്. ഇലക്ഷന് കവറേജൊക്കെ ഇപ്പോള്‍ കൂടുതലാണ്. ഇലക്ഷന് കഴിഞ്ഞതിന് ശേഷവും പഞ്ചായത്തിന്റെ ബഡ്ജറ്റ്, പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ കൊടുത്താല്‍ നന്നായിരിക്കും.
5. പഞ്ചായത്ത് രാജ് സംവിധാനത്തെ പറ്റി മാധ്യമങ്ങള്‍ക്ക് തന്നെ വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയല്ല ഇപ്പോഴുള്ളത്?
തീര്‍ച്ചയായും. ആദ്യം പറഞ്ഞത് പോലെ തന്നെ പഞ്ചായത്ത് രാജിനെ പറ്റി ജില്ലാ തലത്തില്‍ പഠിപ്പിച്ച് കൊടുക്കേണ്ടതുണ്ട്. നിങ്ങള്‍ ചൂണ്ടിക്കാണിച്ച പോലെതന്നെ ഗ്രാമസഭകള്‍ സജീവമല്ല. വടക്കേ ഇന്ത്യന്‍ ഗ്രാമസഭ പോലെ ജാതീയ മേല്‍ക്കോയ്മ ഒന്നും കേരളത്തിലെ 95ശതമാനം സ്ഥലങ്ങളിലും ഇല്ല. ഗ്രാമസഭയുടെ അധികാരം ജനങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒരു ഗുണഭോക്താവിനെ ഗ്രാമസഭ തിരഞ്ഞെടുത്താല്‍ അത് പഞ്ചായത്തിന് മാറ്റാന്‍ സാധിക്കില്ല. ഇത് പലര്‍ക്കും അറിയില്ല.
6. ഗ്രാമസഭകളിലെ അല്ലെങ്കില്‍ വാര്‍ഡ് സഭകളിലെ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറഞ്ഞ് വരികയല്ലേ?
ഗ്രാമസഭകളില്‍ തന്നെ നമ്മള് പ്രതീക്ഷിക്കുന്ന തരത്തില്‍ ആളുകള്‍ വരുന്നില്ല. ഇപ്പോള്‍ പങ്കെടുക്കുന്നവരില്‍ പലരും പാവപ്പെട്ടവരാണ്. ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി പങ്കെടുക്കുന്നവരാണ്. വാര്‍ഡ് സഭ ആവുമ്പോള്‍ പ്രാതിനിധ്യം അതിലും കുറവാണ്. നമ്മുടെ നാട്ടിലെ ഒരു പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു സമ്പ്രദായം നഷ്ടപ്പെടുകയാണ്. അത് തിരിച്ചു കൊണ്ട് വരണമെങ്കില്‍ ഗ്രാമസഭ, വാര്‍ഡ് സഭ എന്നിവകളിലൂടെയെ പറ്റുകയുള്ളൂ.
തുടരും...