Skip to main content
Kochi

Kerala-flood-afp 

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.  ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

 

ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

പ്രളയമുണ്ടായത് സര്‍ക്കാരിന്റെ അപക്വമായ ഇടപെടല്‍ കൊണ്ടാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു വീഴ്ചപറ്റിയിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു 16 ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കുന്നതിനു വേണ്ടിയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.