നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കഴിഞ്ഞു. ദുരിതം അവശേഷിക്കുന്നു. പ്രളയ ബാധിതര്‍ ഇപ്പോഴും നിരാലംബരായി പല സ്ഥലങ്ങളിലും അവശേഷിക്കുന്നു. പ്രളയത്തില്‍ കേരളത്തിന്റെ പലഭാഗങ്ങളും മുങ്ങിയപ്പോള്‍ അവരെ രക്ഷപ്പെടുത്തുന്നതില്‍ മലയാളി വിജയിച്ചു. എന്നാല്‍ ശബരിമലയിലെ രജസ്വല പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ അജ്ഞതയുടെ പ്രളയം കേരളത്തെ മുഴുവന്‍ മുക്കിക്കൊണ്ടിരിക്കുന്നു.
ഓരോ രക്ഷകരും ആ അജ്ഞതയുടെ വലിയ തിരമാലകളും വേലിയേറ്റവുമായി രൂപാന്തരപ്പെടന്നു. ബി.ജെ.പിയുടെയും ശബരിമല സംരക്ഷണ സമിതിയുടെയും കോണ്‍ഗ്രസിന്റെയും ഒക്കെ പ്രതിഷേധം ഒരുവശത്ത്. ആ പ്രതിഷേധത്തെ നേരിടാനെന്ന് പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം പ്രതിഷേധത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. കേരളത്തിന്റെ അന്തരീക്ഷം സാംസ്‌കാരിക അശുദ്ധിയുടെ ദുര്‍ഗന്ധത്താല്‍ മൂടിയിരിക്കുന്നു. മഹാപ്രളയം പോലെ. ഇതില്‍ കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ രക്ഷയ്ക്ക് ഒരു ചെറു തോണിപോയിട്ട് വാഴപ്പിണ്ടിയില്‍ പോലും രക്ഷകരായി എത്തുന്ന ആരെയും കാണുന്നില്ല.