Skip to main content

mv nikesh kumar

 

നികേഷ് കുമാറിനെ കുറിച്ചുള്ള കുറിപ്പുകൾ വായിച്ച സുഹൃത്ത് ചോദിക്കുന്നു, ഇനി നിർത്താറായില്ലേ എന്ന്. അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ളിൽ ധ്വനിച്ചത് ഈ കുറിപ്പ് നികേഷ് എന്ന വ്യക്തിക്ക് വിഷമമാകില്ലേ എന്ന വികാരമാണ്. അങ്ങനെയൊരു സംശയം ഒരാൾക്കു തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. കാരണം നികേഷ് എന്ന വ്യക്തിയെ ആധാരമാക്കിക്കൊണ്ട് കേരളത്തിന്റെ മാദ്ധ്യമ രംഗത്ത് കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ മാറ്റങ്ങളെയാണ് നോക്കുന്നത്. അതിൽ നികേഷ് വഹിച്ച പങ്ക് മുഖ്യമായിരുന്നു. പ്രത്യേകിച്ചും ടെലിവിഷൻ മാദ്ധ്യമ രംഗത്തെ ഇരിപ്പുനില (Benchmark) നിശ്ചയിച്ചത് നികേഷായിരുന്നു. അര നൂറ്റാണ്ട് ഇന്ത്യ നിരന്തരം പല വിധം ചർച്ച ചെയ്തുകൊണ്ടിരുന്ന മാദ്ധ്യമ സ്വാതന്ത്ര്യം അതിന്റെ എല്ലാ അവസരങ്ങളോടും നികേഷിന്റെ കൈയ്യിലാണ് കേരളത്തിൽ ആദ്യമായി ലഭിച്ചത്. നികേഷ് ഇന്ത്യ അര നൂറ്റാണ്ട് സ്വപ്നം കണ്ട സ്വാതന്ത്ര്യം പ്രയോഗിക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ട് നികേഷ് ആ സ്വതന്ത്ര്യം ഉപയോഗിച്ച് കേരളത്തിന്റെ മാദ്ധ്യമ രംഗം മാത്രമല്ല, മലയാളിയുടെ ജീവിതത്തെ മുഴുവൻ ഇട്ടിളക്കി. മാദ്ധ്യമക്കഴയുടെ പരമാവധി നീളം ഉപയോഗിച്ച് ഇട്ടിളക്കി. അങ്ങനെ മാദ്ധ്യമരംഗവും സാമൂഹ്യരംഗവും ഇളകി മറിഞ്ഞു. ആ ഇളക്കലിനു ശേഷം നികേഷ് മാറി നിൽക്കുമ്പോൾ ഇളകിയത് അടിയുന്നില്ല. അത് വീണ്ടും ഇളകിക്കൊണ്ടിരിക്കുന്നു. ഇളകുന്നത് എന്തും തെളിയും. അത് എന്ന് എന്നുള്ളതിനാണ് ഉത്തരം ലഭ്യമല്ലാത്തത്. തെളിയും എന്നതില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നികേഷ് കിണറ്റിലിറിങ്ങി കലക്കവെള്ളം ഉയർത്തിക്കാട്ടി. അതുപോലെ എങ്ങുമിറങ്ങാതെ ചുറ്റുപാടുമുള്ള കലക്കലിലേക്ക് ചെറുതായിട്ടൊന്നു നോക്കുന്നു. അത്രമാത്രം. നികേഷിന്റെ സാന്നിദ്ധ്യത്തിലൂടെ ഇളകിയ മാദ്ധ്യമഭ്രംശം ദൃശ്യമാദ്ധ്യമ മേഖലയിൽ മാത്രമല്ല പ്രതിഫലിച്ചത്. അത് അച്ചടി മാദ്ധ്യമത്തേയും സ്വാധീനിച്ചു. നികേഷ് പ്രയോഗിച്ച മാദ്ധ്യമ സ്വാതന്ത്ര്യം ആക്ടിവിസത്തിന്റേതായിരുന്നു. വേണമെങ്കിൽ 1960കളിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആർജ്ജവ ആവേശത്തോടു ഇതിനെ ഉപമിക്കാവുന്നതാണ്.

 

മാദ്ധ്യമ രംഗത്തു നിന്നു പിൻവാങ്ങിയെങ്കിലും നികേഷ് തന്നെയാണ് ഇന്നും ദൃശ്യമാദ്ധ്യമ രംഗത്തെ സാന്നിദ്ധ്യം. ചിലര്‍ നികേഷിനോളം വരാതിരിക്കുമ്പോൾ മറ്റ് ചിലര്‍ അതിലേക്കെത്താൻ ശ്രമിക്കുന്നു. ചിലർ നികേഷിനെ കടത്തിവെട്ടി നികേഷിന്റെ സാന്നിദ്ധ്യമറിയിക്കുന്നു. അതുകൊണ്ട് നികേഷ് എന്നത് എം.വി നികേഷ് കുമാർ മാത്രല്ല. കേരളത്തിന്റെ മാദ്ധ്യമ ചരിത്രവും കേരള ചരിത്രവും രേഖപ്പെടുത്തുന്നവർക്ക് നികേഷിന്റെ സാന്നിദ്ധ്യം അവഗണിക്കാൻ പറ്റില്ല. ഒരു പക്ഷേ ഇന്ത്യാവിഷൻ തുടങ്ങിയ നാൾ മുതൽ റിപ്പോർട്ടർ ചാനൽ വിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുവരെയുള്ള കേരള ചരിത്രത്തെ നികേഷിനെ ചേർത്തുവച്ചു മാത്രമേ പരിശോധിക്കാൻ പറ്റുകയുള്ളു.

 

ഇതിനർഥം നികേഷ് ചെയ്തതെല്ലാം ശരിയാണെന്നോ തെറ്റാണെന്നോ അല്ല. കാലഗതിയിൽ ഗതി മാത്രമാണുള്ളത്. അത് എങ്ങനെയാണെങ്കിലും സംഭവിക്കും. ആ ഗതിയുടെ ഗതി എങ്ങനെ എന്ന് തിരിച്ചറിയുമ്പോൾ മാത്രമാണ് പിന്നീടുള്ള ഗതിവിഗതികളിൽ നിയന്ത്രണത്തിനു സാധ്യതയുള്ളു. പ്രകൃതിയിൽ ഗതിവിഗതി-നിയന്ത്രണനിയോഗം മനുഷ്യനു മാത്രമേ ഉള്ളു. ബാക്കിയുള്ള നമമുടെ സഹജീവികളെല്ലാം പ്രകൃതിയുമായി ചേർന്നുനീങ്ങുന്നവയാണ്. അതുകൊണ്ട് ഭൂതകാലം ചികഞ്ഞ് ആരുടെയെങ്കിലും കുറ്റവും കുറവും ഉയർത്തിക്കാട്ടിയതുകൊണ്ടോ അവരെ കുറ്റപ്പെടുത്തിയതുകൊണ്ടോ ഫലമില്ല. അത് ഗതിയ്ക്ക് ദോഷമല്ലാതെ ഗുണം ചെയ്യുകയുമില്ല. എന്നാൽ കഴിഞ്ഞകാല ഗതിവിഗതികളുടെ രസതന്ത്രം മനസ്സിലാക്കുന്ന പക്ഷം ഗതിനിയന്ത്രണത്തിലും ഗതിവേഗ ധാരണയിലും അമൂല്യമായ അറിവു ലഭിക്കും. അവിടെയാണ് നികേഷ് പഠനം പ്രസക്തമാകുന്നത്.

 

വ്യക്തിപരമായ സ്വഭാവ സവിശേഷതകളും ഒരു വ്യക്തിയുടെ തൊഴിലിന്റെ സ്വഭാവത്ത നിർണ്ണയിക്കും. വിശേഷിച്ചും മാദ്ധ്യമപ്രവർത്തനം പോലെ സമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രവൃത്തിയിൽ. ഇന്ത്യാവിഷൻ തുടങ്ങി നികേഷ് എന്ന താരം ഉദിച്ചുയർന്നു ജ്വലിച്ചു നിൽക്കുന്ന സമയത്ത്, വാർത്താമാദ്ധ്യമങ്ങളെ കുറിച്ചുള്ള ഒരു ചാനൽ ചർച്ച നടക്കുകയുണ്ടായി. മനോരമ ന്യൂസ് ആയിരുന്നുവെന്നു തോന്നുന്നു. മലയാള മനോരമയുടെ കൊച്ചി എഡിഷനിലെ കോ-ഓർഡിനേറ്റിംഗ് എഡിറ്ററായ പി.ജെ ജോര്‍ജും ആ ചർച്ചയിൽ പങ്കെടുത്തിരുന്നു. ആ ചർച്ചയിൽ ചർച്ച ചെയ്യപ്പെട്ടത് എന്താണെന്ന് ഓർമ്മയിൽ നിൽക്കുന്നില്ല. എന്നാൽ തന്റെ ഭാഗം സമർഥിക്കാൻ വേണ്ടി വികാരം കൊണ്ട് തിളയ്ക്കുന്ന നികേഷിനെയാണ് അവിടെ കണ്ടത്. മറ്റുള്ളവരും നികേഷിനോട് പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. ആ ചർച്ചയിൽ ആ മാനിയയിൽ പെടാതെ തന്നോട് ചോദിച്ച ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തവും വികാരവിക്ഷേപവുമില്ലാതെ കാര്യമാത്രപ്രസക്തമായി മറുപടി പറഞ്ഞ പി.ജെ ജോര്‍ജ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു ഘട്ടത്തിൽ സമയം കഴിഞ്ഞു എന്നു പറഞ്ഞപ്പോൾ പ്രക്ഷേപണം ചെയ്തില്ലെങ്കിലും ഇത് പറയാതെ നിവൃത്തിയില്ല എന്നു പറഞ്ഞുകൊണ്ട് നികേഷ് സംസാരിക്കുന്നതിനിടയിലാണ് ആ ചർച്ച അവസാനിക്കുന്നത്. വികാരത്തിന് ഇത്രയധികം കീഴ്‌പ്പെടുന്ന വ്യക്തി ഒരു വാർത്താ ചാനലിന്റെ നായക സ്ഥാനത്ത് ഇരുന്നാൽ എങ്ങനെയാണ് വിചാരമേധാവിത്വത്തോടെ വാർത്തകൾ നിശ്ചയിക്കുക എന്ന് സംശയം തോന്നുമായിരുന്നു. മേധയെ ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ നയിക്കുന്നതുകൊണ്ടാണ് മേധാവി എന്നറിയപ്പെടുന്നത്.

pc george

 

ബുദ്ധിയുടെ സംസ്കൃത പദമാണ് ധീ. ഈ ധീയുള്ള അവസ്ഥയ്ക്കാണ് ധൈര്യം എന്നു പറയുന്നത്. എന്നാൽ മലയാളസിനിമയും നാടൻ മേനിക്കണ്ടശൂരത്വവും ധൈര്യത്തിന് അതിന്റെ എതിർ അർഥമാണ് വ്യവഹാരതലത്തിൽ ചാർത്തിക്കൊടുത്തത്. അഞ്ചാറു പേരെ ഒന്നിച്ചിടിച്ച് താഴെയിടുന്നവർ, ആരോടും കൂസലില്ലാതെ പെരുമാറുന്നവർ, ആരുടെയും മുഖത്തു നോക്കി എന്തും സംസാരിക്കാൻ മടി കാണിക്കാത്തവർ എന്നിവരെയൊക്കെയാണ് ധൈര്യശാലികൾ എന്നൊരു ധാരണ സമൂഹത്തിൽ രൂപപ്പെട്ടു. ഈ ധാരണാ രൂപീകരണത്തിലും മുഖ്യ പങ്ക് വഹിച്ചത് മാദ്ധ്യമങ്ങൾ തന്നെ. മുതിർന്ന പത്രപ്രവർത്തകൻ ഒരു പ്രധാന പത്രത്തെക്കുറിച്ച് അതിന്റെ പ്രഹരശേഷി എന്നുപയോഗിച്ചത് ഒന്നുകൂടി ഓർക്കാം. ഈ ധൈര്യധാരണയാണ് എപ്പോഴും പി.സി ജോര്‍ജ് എം.എൽ.എയെക്കൊണ്ട് എനിക്കാരെയും പേടിയില്ല, ഞാൻ ധൈര്യശാലിയാണ് എന്നൊക്കെ വിളിച്ചു പറയിക്കുന്നത്. ആ ധൈര്യമാനദണ്ഡമനുസരിച്ചാണെങ്കിൽ പി.സി ജോര്‍ജ് ധൈര്യശാലിയും മഹാത്മാ ഗാന്ധി ലോകം കണ്ട ഏറ്റവും വലിയ ഭീരുവും ദുർബലനുമാണ്.

 

പി.സി ജോർജിനേയും മാദ്ധ്യമ ചരിത്രവുമായി ബന്ധിപ്പിക്കാതെ നികേഷ് കാലഘട്ടത്തിലെ ചരിത്ര പഠനം പൂർത്തിയാകില്ല. 2012 മുതൽ 2016 വരെ പി സി ജോർജ് നിർവഹിച്ചത് നികേഷിന്റെ മാർഗ്ഗമായിരുന്നു. തീർച്ചയായും നികേഷിന്റെ ഭാഷണങ്ങൾ, അതായത് ഉപയോഗിക്കുന്ന വാക്കുകളും ശൈലികളും, പൊതുസമൂഹത്തിൽ പ്രയോഗിക്കാവുന്നതും സംസ്കാരത്തിന് യോജിച്ചതുമായിരുന്നു. എന്നാൽ ജോർജിന്റെ ഭാഷ വീടുകളിലെ ഊണുമുറിയിലും സൽക്കാരമുറിയിലും കുടുംബാംഗങ്ങൾക്ക് ഒന്നിച്ചിരുന്നു കേൾക്കുമ്പോൾ സങ്കോചമുണ്ടാവുന്നവയായിരുന്നു. ജോർജിന്റെ വ്യക്തിപരമായ രീതികളുടെ സ്വാധീനമാണ് ആ ഭാഷണത്തിലൂടെയൊക്കെ പ്രകടമായത്. എന്നാൽ ജോർജിന് അവ്വിധം സംസാരിക്കാനുള്ള മനസ്സമ്മതം നൽകിയത് എന്തും ഏതും മാദ്ധ്യമത്തിലൂടെ വിളിച്ചു പറയാം എന്ന തോന്നൽ അദ്ദേഹത്തിൽ പ്രവർത്തിച്ചതിനാലാണ്. ആ തോന്നൽ ഉണ്ടാകാനുള്ള കവാടം തുറന്നിട്ടത് നികേഷ് ആണെന്ന് കാണാൻ കഴിയും.

 

മാദ്ധ്യമസ്വാതന്ത്ര്യം മാദ്ധ്യമപ്രവർത്തകർ പ്രയോഗിക്കുമ്പോൾ അത് ഏതെല്ലാം തലത്തിൽ പ്രവർത്തിക്കുമെന്നുള്ള രസതന്ത്രം മനസ്സിലാക്കാൻ ജോർജിനേയും ഈ പശ്ചാത്തലത്തിൽ പഠിക്കുന്നത് ഉചിതമാണ്. ജോർജിന് എന്തുകൊണ്ട് ചാനലുകളിൽ ഇത്രയധികം സമയം ലഭിച്ചു, ജോർജ്ജിന്റെ രാഷ്ട്രീയ പ്രസക്തി എന്ത് തുടങ്ങിയ വിഷയങ്ങൾ വളരെ ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്നതാണ്. 2012 മുതൽ 2016 വരെ മിക്ക ദിവസങ്ങളിലും കേരളത്തിലെ ചാനലുകളുടെ എഡിറ്റർ ജോർജായിരുന്നുവെന്നു തന്നെ പറയാം. കാരണം ജോർജായിരുന്നു മിക്ക ദിവസങ്ങളിലും വാർത്ത എന്താവണമെന്ന് നിശ്ചയിച്ചിരുന്നത്. ഈ കാലയളവിൽ നികേഷ് ജോർജിനു പിന്നിലേക്കു പോയ കാഴ്ചയും കാണുകയുണ്ടായി. കാരണം നികേഷ് വെളിപ്പെടുത്തുന്നതിനേക്കാൾ എരിവും പുളിയുമുള്ളവ ജോർജ് വെളിപ്പെടുത്തിത്തുടങ്ങി. അല്ലെങ്കിൽ മാദ്ധ്യമങ്ങൾക്ക് നൽകി. നികേഷ് ഉപയോഗിക്കുന്ന ഭാഷയെ നിഷ്പ്രഭമാക്കിക്കൊണ്ട് നികേഷിന് ഉപയോഗിക്കാൻ പറ്റാത്ത ഭാഷ അദ്ദേഹമുപയോഗിച്ചു. ജോർജിന്റെ രാഷ്ട്രീയ കാഴ്ചപ്പാടെന്താണ്, സാമൂഹികമായി ജനങ്ങൾ കരുതേണ്ട അദ്ദേഹത്തിന്റെ സവിശേഷതകൾ എന്താണ് - ഇത്തരം മാനദണ്ഡങ്ങളാണ്  അഭിപ്രായരൂപീകരണ നേതാവെന്ന നിലയിൽ സമൂഹം കേൾക്കേണ്ടതാണെങ്കിൽ മാദ്ധ്യമങ്ങൾ കേള്‍പ്പിക്കേണ്ടത്. എന്തായാലും നികേഷ് തുടങ്ങിവച്ച രീതി ജനങ്ങളെ സ്വാധീനിച്ചു. അതുകൊണ്ടാണ് മൂന്നു മുന്നണികളെയും തോൽപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ ജോർജ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നു ജയിച്ചത്. ആലങ്കാരികവും സാങ്കൽപ്പികവുമായി പറഞ്ഞാൽ ജോർജിനെതിരെ മഹാത്മാ ഗാന്ധി മത്സരിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് കെട്ടിവെച്ച പണം പോലും ഒരു പക്ഷേ നഷ്ടമായേനെ. ഇത് സമൂഹത്തിന്റെ ഗതിയിൽ വന്ന മാറ്റത്തെയാണ് കാണിക്കുന്നത്. ഇതിനെ നികേഷ് സ്വാധീനം അഥവാ നികേഷ് ഇംപാക്ടെന്നു വേണമെങ്കിൽ വിളിക്കാം.

വായിക്കുക:

നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

മാലിന്യത്തെ ആശ്രയിക്കുന്ന നികേഷ് കുമാര്‍

നികേഷ് എന്ന താരം

നികേഷ് പറത്തിയ നൂലില്ലാപ്പട്ടങ്ങൾ


ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു.

Ad Image